30 May Saturday
തവിഞ്ഞാലിന്റെ കൃഷിപാഠം

ലോക്ക്‌ഡൗണിൽ ചുരമിറക്കിയത്‌ 61 ടൺ പച്ചക്കറി

വെബ് ഡെസ്‌ക്‌Updated: Monday Apr 6, 2020
മാനന്തവാടി
എല്ലുമുറിയെ പണിയെടുത്താണ്‌ പച്ചക്കറി വിളയിച്ചത്‌. ലോക്ക്‌ഡൗണാണെന്നുകരുതി കളയാൻ പറ്റില്ലല്ലോ.  വിയർപ്പിന്റെവില കർഷകരുടെ കൈകളിൽ എത്തണമെന്ന്‌ കൃഷി ഉദ്യോഗസ്ഥരും പഞ്ചായത്ത്‌ ഭരണസമിതിയും  തീരുമാനിച്ചപ്പോൾ  ലോക്ക്‌ഡൗൺ കാലത്തും തവിഞ്ഞാൽ പഞ്ചായത്തിൽനിന്നും കയറ്റിയത്‌ 61 ടൺ പച്ചക്കറികൾ. പച്ചക്കറി കൃഷിക്ക്‌ പെരുമകേട്ട പഞ്ചായത്താണിത്‌. മഹാമരിയുടെ കാലത്തും കൃഷി കൈവിടാൻ ഇവർ തയ്യാറല്ല. സർക്കാർ സംവിധാനങ്ങളിലൂടെയും മൊത്തകച്ചടക്കാരെ കണ്ടെത്തിയും ഉൽപ്പന്നങ്ങൾ ശേഖരിച്ചു. കണ്ണൂർ, കോഴിക്കോട്‌ ജില്ലകളിലേക്കാണ്‌ കൊണ്ടുപോയത്‌.
പാവക്ക, പയർ, ചേന,  മത്തൻ, കുമ്പളം, ചീര, പച്ചമുളക്‌ എന്നിവയും നേന്ത്രക്കുലയുമാണ്‌ കയറ്റി അയച്ചത്‌.  വിഎഫ്‌പിസികെ, ഹോർട്ടി കോർപ്പിന്റെ ഇക്കോ ഷോപ്പ്‌, ഇരുമനത്തൂർ എ ഗ്രേഡ്‌ ക്ലസ്‌റ്റർ എന്നിവയായിരുന്നു സംഭരണത്തിലെ സർക്കാർ സംവിധാനങ്ങൾ.  ജനപ്രതിനിധികളുടെയും  ഉദ്യോഗസ്ഥരുടെയും അഭ്യർത്ഥന മാനിച്ച്‌ ആറ്‌ മൊത്തക്കച്ചവടക്കാരും സംഭരണത്തിന്‌ തയ്യാറായി. കഴിഞ്ഞ 23 മുതൽ നാലുവരെയുള്ള ദിവസങ്ങളിലാണ്‌ 61 ടൺ ശേഖരിച്ചത്‌.  മൊത്തക്കച്ചവടക്കാർ 48 ടൺ  കയറ്റി അയച്ചു. വാഹനവുമായി കൃഷിയിടങ്ങളിൽ എത്തിയാണ്‌ പച്ചക്കറികളെടുത്തത്‌. വിഎഫ്‌പിസികെ–-ആറ്‌ ടൺ, ഇക്കോ ഷോപ്പ്‌ 5.2 ടൺ, ഇരുമനത്തൂർ ക്ലസ്‌റ്റർ 2.8 ടൺ പച്ചക്കറികളും ശേഖരിച്ച്‌ വിപണനം നടത്തി. വാഹനങ്ങൾക്ക്‌ പാസ്‌ അനുവദിക്കുന്നതിൽ സർക്കാർ സംവിധാനങ്ങളിൽ തടസ്സങ്ങളൊന്നുമുണ്ടായില്ല. വാഹനങ്ങൾ കടത്തിവിടുന്നതിൽ പൊലീസും സഹകരിച്ചപ്പോൾ പച്ചക്കറി ചുരമിറങ്ങി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top