11 August Thursday

പൊലീസുകാരനൊപ്പം വനത്തിൽ നായാട്ട്‌; ഒരാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

ജിജോ

ബത്തേരി
വന്യജീവി സങ്കേതത്തിൽ തോക്കുമായി നായാട്ടിനിറങ്ങിയ തമിഴ്‌നാട്‌ പൊലീസുകാരൻ ഉൾപ്പെട്ട സംഘത്തിലെ ഒരാൾ വനംവകുപ്പിന്റെ പിടിയിലായി.  ചേരമ്പാടി കയ്യൂന്നി സ്വദേശി കൊണ്ടിയാർകുന്നിൽ ജിജോ(38)യാണ്‌ ബുധൻ വൈകിട്ട്‌ അറസ്‌റ്റിലായത്‌.  ബത്തേരി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്‌ ചെയ്‌തു.  
   പ്രതിയുമായി നടത്തിയ തെരച്ചിലിൽ വേട്ടയാടാൻ കൊണ്ടുപോയ തോക്ക്‌ അയ്യൻകൊല്ലി കാരക്കൊല്ലിയിലെ തേയിലത്തോട്ടത്തിിലെ പന്നിഫാമിൽ പ്ലാസ്‌റ്റിക്കിൽ പൊതിഞ്ഞ്‌ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കഴിഞ്ഞ സെപ്‌തംബർ പത്തിന്‌ പുലർച്ചെയാണ്‌ മുത്തങ്ങ വനത്തിലെ മുണ്ടക്കൊല്ലി പൂമറ്റം വനത്തിൽ ആറംഗ വേട്ടസംഘം നായാട്ടിനെത്തിയത്‌. തോക്കുമായി നീങ്ങുന്നതിനിടെ കടുവാ സർവേക്കായി വനത്തിൽ സ്ഥാപിച്ച ക്യാമറക്ക്‌ മുന്നിലെത്തിയ സംഘം ക്യാമറയിൽ ഫ്‌ളാഷ്‌ മിന്നിയതോടെ സ്ഥലത്തുനിന്ന്‌ പിൻവാങ്ങി.  ഹെഡ്‌ലൈറ്റും തോക്കുമായി ക്യാമറയിൽ പതിഞ്ഞയാളെ പിന്നീട്‌ തിരിച്ചറിഞ്ഞപ്പോൾ എരുമാട്‌ പൊലീസ്‌ സ്‌റ്റേഷനിലെ സ്‌പെഷ്യൽ ബ്രാഞ്ച്‌ കോൺസ്‌റ്റബിൾ ജെ ഷിജു(42)വാണെന്ന്‌ തിരിച്ചറിഞ്ഞു. വനം വകുപ്പ്‌ ഇയാൾക്കായി തെരച്ചിൽ നടത്തുന്നതിനിടെ ഒളിവിൽ പോയി. നീലഗിരി പൊലീസ്‌ സൂപ്രണ്ട്‌ ഷിജുവിനെ പിന്നീട്‌ സർവീസിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്തു. ഷിജുവിനെ കണ്ടെത്താൻ വനംവകുപ്പ്‌ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച്‌ തെരച്ചിൽ തുടരുന്നതിനിടെയാണ്‌ കൂട്ടുപ്രതിയായ ജിജോ പിടിയിലായത്‌. അസി. വൈൽഡ്‌ലൈഫ്‌ വാർഡൻ കെ പി സുനിൽകുമാറിന്റെ നേതൃത്വത്തിലാണ്‌ ജിജുവിനെ പിടികൂടിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top