24 January Friday

പ്രതിഭകളുടെ സംഗമോത്സവമായി ഭിന്നശേഷി കലാകായികമേള

സ്വന്തം ലേഖകൻUpdated: Wednesday Dec 4, 2019
ബത്തേരി
ശരീരത്തെ തളർത്തിയ വൈകല്യത്തിന‌് തങ്ങളുടെ ശബ്ദത്തെയോ അഭിനയത്തെയോ കലാവാസനകളെയോ ത‌ളർത്താനായില്ലെന്ന‌് ഇവർ വേദിയിൽ തെളിയിച്ചു. പാട്ട്‌പാടിയും അനുകരിച്ചും കായിക പ്രകടനം നടത്തിയും കുറവുകൾക്ക്‌ മേൽ   അവർ പ്രതിഭയുടെ കൊടിപ്പടമുയർത്തി. ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ബത്തേരിയിൽ നടന്ന ഭിന്നശേഷിക്കാരുടെ കലാ കായിക മേളകളിൽ നിറഞ്ഞത്‌  കലാവീര്യവും വാശിയും . 
 സാമൂഹ്യ നീതി വകുപ്പാണ‌് ദിനാചരണം സംഘടിപ്പിച്ചത‌്. രാവിലെ നഗരസഭ സ‌്റ്റേഡിയത്തിൽ കായിക മേളയോടെയാണ‌് ദിനാചരണത്തിന‌് തുടക്കമായത‌്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായെത്തിയ മുന്നുറിലേറെ ഭിന്നശേഷിക്കാർ കലാ കായിക മേളകളിൽ വൈകല്യങ്ങളെ മറികടന്ന‌് മത്സരങ്ങളിൽ പങ്കാളികളായി. 50 മീറ്റർ ഓട്ടം, ഷോട്ട‌്പുട്ട‌് എന്നിവയിലാണ‌് കായിക മേളയിൽ മത്സരം നടന്നത‌്. കുട്ടികളെയും മുതിർന്നവരെയും വയസ‌് തിരിച്ച‌് കേൾവി വൈകല്യം, അസ്ഥി വൈകല്യം, മാനസിക വൈകല്യം, കാഴ‌്ച വൈകല്യം എന്നിങ്ങനെ നാല‌് വിഭാഗമാക്കിയാണ‌് മത്സരങ്ങളിൽ പങ്കെടുപ്പിച്ചത‌്. ഊന്നുവടി ഉപയോഗിച്ചും അല്ലാതെയുമാണ‌് മത്സരാർഥികൾ ട്രാക്കിൽ നിരന്നത‌്. ട്രാക്കിന‌് പുറത്തുള്ള ഭിന്നശേഷിക്കാരും സഹചാരികളും കൈയടിച്ചും ആർപ്പുവിളിച്ചും ഇവരെ പ്രോത്സാഹിപ്പിച്ചു.  
പകൽ രണ്ടിന‌് നഗരസഭ ടൗൺഹാളിലാണ‌് കലാമേള തുടങ്ങിയത‌്. ചിത്രരചന, ലളിതഗാനം, മിമിക്രി, പ്രഛന്നവേഷം എന്നിവയിലായിരുന്നു മത്സരം. കായിക മേളയിൽ പങ്കെടുത്ത അത്രയും പേർ തന്നെ കലാ മത്സരങ്ങളിലും മാറ്റുരച്ചു.നിറഞ്ഞ സദസ‌ിന‌് മുന്നിലാണ‌് മത്സരാർഥികൾ പരിപാടികൾ അവതരിപ്പിച്ചത‌്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക‌് കലാ കായിക മേളകളിൽ ട്രോഫികളും പങ്കെടുത്തവർക്കെല്ലാം പ്രോത്സാഹന സമ്മാനങ്ങളും നൽകി. മുൻ വർഷങ്ങളെ അപേക്ഷിച്ച‌് ഇത്തവണ മത്സരങ്ങളിൽ പങ്കെടുത്തവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി സാമൂഹ്യ നീതി വകുപ്പ‌് അധികൃതർ പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top