15 May Saturday
- ലീഡിൽ മുന്നിൽ തിരുനെല്ലി 5275

മനം നിറച്ച എംഎൽഎക്ക്‌ മനം നിറഞ്ഞ വിജയം

സ്വന്തം ലേഖകൻUpdated: Tuesday May 4, 2021
 
മാനന്തവാടി
  മാനന്തവാടിയുടെ മനം നിറച്ച എംഎൽഎ‌ക്ക്‌ മണ്ഡലം സമ്മാനിച്ചത്‌  മനം നിറഞ്ഞ വിജയം. വോട്ടെണ്ണലിന്റെ  15 റൗണ്ടുകളിൽ  ആദ്യരണ്ട്‌ റൗണ്ടിലൊഴികെ മുഴുവൻ റൗണ്ടുകളിലും  ഒ ആർ കേളു എംഎൽഎ മുന്നിട്ടുനിന്നു. ഭൂരിപക്ഷം പടിപടിയായി ഉയർത്തി. മണ്ഡലത്തിൽ ആകെയുള്ള ഏഴ്‌ തദ്ദേശസ്ഥാപനങ്ങളിൽ നാലിടത്ത്‌ എൽഡിഎഫ്‌ മുന്നിലെത്തി. മൂന്നിടത്ത്‌ ‌യുഡിഎഫ്‌ നേരിയ ലീഡ്‌ നേടി. ഒരിടത്തും ‌  അഞ്ഞൂറ്‌ കടന്നില്ല. എന്നാൽ മറ്റ്‌ തദ്ദേശസ്ഥാപനങ്ങളിൽ 573 മുതൽ 5,275 വോട്ടിന്റെവരെ ഭൂരിപക്ഷം എൽഡിഎഫ്‌ നേടി.
  തിരുനെല്ലി, എടവക, തൊണ്ടർനാട്‌ പഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും എൽഡിഎഫ്‌ വ്യക്തമായ ആധിപത്യം നേടി. സ്വന്തം പഞ്ചായത്തായ തിരുനെല്ലി ഒ ആർ കേളുവിന്‌ നൽകിയത്‌ 5275  വോട്ടിന്റെ ഭൂരിപക്ഷമാണ്‌‌. പഞ്ചായത്തിന്റെ ചരിത്രത്തിൽ ഒരു സ്ഥാനാർഥിക്ക്‌ കിട്ടുന്ന ഏറ്റവും കൂടിയ ഭൂരിപക്ഷം.   മാനന്തവാടി നഗരസഭയും ഇതിനടുത്തുനിന്നു. യുഡിഎഫ്‌ ഭരിക്കുന്ന നഗരസഭയിൽ 3199 വോട്ടിന്റെ ഭൂരിപക്ഷമാണ്‌ ലഭിച്ചത്‌.  യുഡിഎഫിന്റെതന്നെ പഞ്ചായത്തായ എടവകയിൽ 1217 വോട്ടിന്‌ കേളു മുമ്പിലെത്തി. തൊണ്ടർനാട്‌ പഞ്ചായത്തിൽ 573 വോട്ടിന്റെ ലീഡ്‌ നേടി. 
  യുഡിഎഫ്‌ മൂവായിരം വോട്ട്‌ ലീഡ്‌ പ്രതീക്ഷിച്ച ജയലക്ഷ്‌മിയുടെ പഞ്ചായത്തായ തവിഞ്ഞാലിൽ‌ നേടാനായത്‌ വെറും 319 വോട്ടിന്റെ ഭൂരിപക്ഷമാണ്‌. രാഹുൽഗാന്ധി വരെ പ്രചാരണം നടത്തിയ വെള്ളമുണ്ടയിൽ 297 വോട്ടാണ്‌ കൂടുതൽ കിട്ടിയത്‌. അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകുമെന്നായിരുന്നു വോട്ടെടുപ്പിന്‌ ശേഷവും യുഡിഎഫ്‌ നേതാക്കളുടെ അവകാശവാദം. പനമരം പഞ്ചായത്തിൽ 479 വോട്ടും അധികംനേടി.  തപാൽ വോട്ടിലും ഒ ആർ കേളുവിനാണ്‌ ഭൂരിപക്ഷം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top