02 July Thursday
മഴക്കാല മുന്നൊരുക്കം

ദേശീയ ദുരന്തനിവാരണ സേന ജില്ലയിലെത്തും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020
കൽപ്പറ്റ
വർഷകാലത്തെ അത്യാഹിതങ്ങൾ നേരിടാനായി ജില്ലയിൽ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ജാഗ്രതാ സംഘങ്ങൾ രൂപീകരിക്കും. കലക്ടർ  അദീല അബ്ദുള്ളയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനം. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വിളിച്ചു ചേർത്ത സന്നദ്ധ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.  ജില്ലാ പൊലീസ് മേധാവി ആർ ഇളങ്കോ സന്നിഹിതനായി. സന്നദ്ധ സംഘടനകൾ നീതി ആയോഗിൽ രജിസ്റ്റർ ചെയ്യണമെന്ന് കലക്ടർ നിർദേശിച്ചു.  മികച്ച പ്രവർത്തനം പരിഗണിച്ച്‌ മാതൃസംഘടനയെ തീരുമാനിക്കും.  മഴക്കാല രക്ഷാ പ്രവർത്തനവുമായി ബന്ധപ്പെട്ട് സംഘടനകൾക്ക് അത്യാവശ്യ സാധന സാമഗ്രികൾ ലഭ്യമാക്കും.
കോവിഡിന്റെ പശ്ചാത്തലത്തിൽ രോഗ വ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം പരമാവധി കുറയ്ക്കാൻ ആവശ്യമായ നടപടികളാണ് ആസൂത്രണം ചെയ്‌തത്‌. മുൻ വർഷങ്ങളിൽ പ്രളയബാധിതമായ പ്രദേശങ്ങളുടെയും ക്യാമ്പുകളിൽ കഴിഞ്ഞവരുടെയും പട്ടിക താലൂക്ക് അടിസ്ഥാനത്തിൽ സമാഹരിക്കും.  ബന്ധുഗൃഹങ്ങളിലേക്ക് മാറി താമസിക്കാൻ സന്നദ്ധതയുള്ളവരുടെ പട്ടികയും തയ്യാറാക്കുന്നുണ്ട്.  ക്യാമ്പുകൾ തുടങ്ങുകയാണെങ്കിൽ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് സാമൂഹിക അകലം പാലിച്ചുകൊണ്ടാവും പ്രവർത്തിക്കുക.  
ദേശീയ ദുരന്ത നിവാരണ സേനയുടെ ടീമിനെ ജില്ലയ്ക്കായി അനുവദിച്ചിട്ടുണ്ട്.  ഫയർഫോഴ്‌സ്, പൊലീസ് എന്നിവയുടെ സംഘങ്ങളും ദുരന്തരക്ഷാ പ്രവർത്തനങ്ങളിലും ആവശ്യമായ മറ്റ് മേഖലകളിലും പ്രവർത്തനത്തിനുണ്ടാവും.  പൊലീസിന്റെ ടീമിന് ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ പരിശീലനം ലഭ്യമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.  പൊലീസ് സ്റ്റേഷനുകൾ  കേന്ദ്രീകരിച്ച് 16 അംഗങ്ങളടങ്ങിയ നാല് നന്നദ്ധ സംഘടനകൾ സജ്ജമായി ഉണ്ടാകും.  ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ പൊലീസ് ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഡിഎമ്മിന്റെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടർ ഇ മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കലക്ടർ (ദുരന്ത നിവാരണം) കെ അജീഷ് എന്നിവരും പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
 Top