30 November Monday

മുൻ ജയിൽ സൂപ്രണ്ടിന്റെ തീവെട്ടിക്കൊള്ള 6 ലക്ഷം തിരിച്ചടയ്‌ക്കാൻ ഉത്തരവ്‌

സ്വന്തം ലേഖകൻUpdated: Sunday Aug 2, 2020
കൽപ്പറ്റ
ജയിലിലേക്ക്‌ സാധനങ്ങൾ വാങ്ങിയ വകയിൽ മുൻ ജയിൽസൂപ്രണ്ട്‌ നടത്തിയ ലക്ഷങ്ങളുടെ വെട്ടിപ്പ്‌ പുറത്ത്‌. വൈത്തിരി സബ്‌ജയിൽ സൂപ്രണ്ടായിരുന്ന ആലടി മൊയ്‌തു നടത്തിയ വെട്ടിപ്പാണ്‌‌ വിജിലൻസ് ധനകാര്യ വിഭാഗം‌ കണ്ടെത്തിയത്‌. ആറ്‌ ലക്ഷത്തിലധികം രൂപയാണ്‌ 2015ൽ സർവീസിൽ നിന്നും വിരമിച്ച ഇയാൾ  ക്രമക്കേടിലൂടെ തട്ടിയെടുത്തത്.  ഈ തുക   തിരിച്ചുപിടിക്കാൻ  നടപടി തുടങ്ങി. 
യുഡിഎഫ്‌ കാലത്ത്‌ നടത്തിയ അഴിമതി പൂഴ്‌ത്തിവച്ചെങ്കിലും എൽഡിഎഫ്‌ സർക്കാർ വന്നതോടെ  അന്വേഷണം ഊർജിതമാക്കി തുക തിരിച്ചടപ്പിക്കാൻ നടപടിയെടുക്കുകയായിരുന്നു.  പരിശോധനയ്‌ക്ക്‌ നേതൃത്വം നൽകിയ  ജില്ലാ ധനകാര്യ പരിശോധന സ്‌ക്വാഡാണ്‌ നടപടിക്ക്‌ ‌ ശുപാർശ ചെയ്‌തത്‌. തടവുകാരുടെ റേഷൻ ഇനത്തിലും കൂലിയിനത്തിൽപോലും തിരിമറി നടത്തി.  വ്യാജ ബില്ലുണ്ടാക്കിയും , കിട്ടിയ ബില്ലിൽ കൃത്രിമം കാട്ടിയും വെട്ടിപ്പ്‌ നടത്തിയതിന്‌ പുറമേ  യഥാർഥ അളവിലേക്കാൾ കൂടുതൽ അളവിൽ ഭക്ഷണം നൽകിയതായി രേഖയുണ്ടാക്കിയും പണം തട്ടി.  
  2011 മുതൽ 14 വരെയുള്ള കാലത്താണ്‌ ജയിലിലേക്ക്‌ വിവിധ സാധനങ്ങൾ വാങ്ങിയതിൽ ക്രമക്കേട്‌ നടന്നത്‌.  5,29,559  രൂപയാണ്‌ സാധനങ്ങൾ വാങ്ങിയ വകയിൽ നടത്തിയ കൃത്രിമം. മറ്റ്‌ തട്ടിപ്പുകളിലുടെ അടിച്ച്‌ മാറ്റിയ   തുകയും തിരിച്ചടക്കണമെന്ന്‌  അന്വേഷണ റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്‌. 
  2015 ജൂലൈയിലാണ്‌  തട്ടിപ്പ്‌ സംബന്ധിച്ച്‌ വൈത്തിരി ജയിലിൽ അന്വേഷണം ആരംഭിച്ചത്‌. എന്നാൽ  കോൺഗ്രസ്‌ അനുകൂല സംഘടനയായ എൻജിഒ അസോസിയേഷൻ പ്രവർത്തകൻ എന്ന   സ്വാധീനമുപയോഗിച്ച്‌ അന്വേഷണം മരവിപ്പിച്ചു.   ജയിലിലും ജയിലിലേക്ക്‌ സാധനങ്ങൾ വാങ്ങുന്ന സഹകരണസംഘത്തിലും അന്വേഷണം നടന്നു. ദിവസങ്ങളോളം നീണ്ട അന്വേഷണത്തിൽ  ക്യാഷ്‌ ബുക്ക്‌, രജിസ്‌റ്ററുകൾ, ബില്ലുകൾ എന്നിവ പരിശോധിക്കുകയും വൻ കൃത്രിമം നടന്നാതായി ബോധ്യപ്പെടുകയും ചെയ്‌തു.  
   അരി, ഗോതമ്പ്‌, പലചരക്ക്‌ സാധനങ്ങൾ, പച്ചക്കറി, ഇറച്ചി എന്നിവ വാങ്ങിയതിൽ ക്രമക്കേടുണ്ട്‌. വയനാട്‌ ഡിസ്‌ട്രിക്ട്‌ ഹോൾസെയിൽ കൺസ്യുമർ സ്‌റ്റോറിൽനിന്നും നൽകുന്ന ബില്ലുകളിലടക്കം  തട്ടിപ്പുണ്ട്‌.   ഏഴു ബില്ലുകൾ ഒഴിച്ച്‌ ബാക്കിയെല്ലാം  കൃത്രിമമായി ഉണ്ടാക്കുകയായിരുന്നു. സൊസൈറ്റിയിൽനിന്നും വാങ്ങിയ ബില്ലുകൾ ജയിൽ സൂപ്രണ്ടായിരുന്ന മൊയ്‌തു തന്നെ എഴുതിയതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. രണ്ടരലക്ഷത്തിലധികം രൂപ ഈ രീതിയിൽ മാത്രം തട്ടിയെടുത്തു. 
     വെള്ളക്കരം അടയ്‌ക്കുന്നതിനുവേണ്ടി 2012 ജൂലൈയിൽ മാറിയെടുത്ത 12817 രൂപ അടയ്‌ക്കാത്തിതനാൽ ഈ തുകയും പലിശസഹിതം ഈടാക്കാൻ ശുപാർശയുണ്ട്‌. വ്യാജബില്ലുകൾ നൽകിയ വയനാട്‌ ഡിസ്‌ട്രിക്ട്‌ ഹോൾസെയിൽ കൺസ്യുമർ സൊസൈറ്റിയിലെ ജീവനക്കാരെ കുറിച്ച്‌  അന്വേഷണം നടത്താനും ശുപാർശയിലുണ്ട്‌. 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top