ബത്തേരി
കുപ്പക്കൊല്ലിക്കടുത്ത് കടുവയെ കുരുക്കിൽ കുടുങ്ങി ചത്തനിലയിൽ കണ്ടെത്തി. പാടിപറമ്പിലെ സ്വകാര്യ തോട്ടത്തിലാണ് ബുധൻ വൈകിട്ട് അഞ്ചരയോടെ ഒന്നര വയസ്സുള്ള ആൺകടുവയുടെ ജഡം വനം വകുപ്പ് ജീവനക്കാരുടെ തിരച്ചലിനിടെ കണ്ടത്. വൈകിട്ട് അഞ്ചിന് പത്തൊമ്പതിലെ വെള്ളച്ചാട്ടത്തിനടുത്ത് കടുവയെ നാട്ടുകാർ കണ്ടിരുന്നു. വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചലിനിടെയാണ് ജഡം കേബിൾ കെണിയിൽ കഴുത്ത് കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. രണ്ടുമാസം മുമ്പ് പൊന്മുടിക്കോട്ടയിൽ 10 വയസ്സുള്ള പെൺകടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലകപ്പെട്ടിരുന്നു. കടുവയ്‌ക്കൊപ്പമുള്ള കുഞ്ഞ് പ്രദേശത്ത് തന്നെയുണ്ടെന്ന് വനംവകുപ്പ് നാട്ടുകാർക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു.
പിന്നീട് പലപ്രാവശ്യങ്ങളായി കുപ്പക്കൊല്ലി, പൊന്മുടിക്കോട്ട, അമ്പുകുത്തി, എടക്കൽ, പാടിപറമ്പ് ഭാഗങ്ങളിൽ കടുവയുടെ സാന്നിധ്യമുണ്ടാവുകയും നിരവധി വളർത്തുമൃഗങ്ങളെ ആക്രമിക്കുകയുമുണ്ടായി. കടുവയ്‌ക്ക് പുറമെ പുലിയും പ്രദേശത്ത് തങ്ങുന്നുണ്ടെന്ന് വനം വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ പൊന്മുടിക്കോട്ട ഭാഗത്ത് മൂന്ന് കൂടുകളും 16 നിരീക്ഷണ ക്യാമറകളും സ്ഥാപിച്ച് വനം വകുപ്പ് ജീവനക്കാർ ജാഗ്രത തുടർന്നു. ഇതിനിടെയാണ് കടുവയുടെ ജഡം കണ്ടെത്തിയത്.
കടുവയുടെയും പുലിയുടെയും ശല്യത്താൽ പൊറുതിമുട്ടിയ പ്രദേശവാസികൾ സർവകക്ഷി ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ ചൊവ്വ രാവിലെ ആയിരംകൊല്ലയിൽ കൊളഗപ്പാറ–- അമ്പലവയൽ റോഡുപരോധിച്ചിരുന്നു. കടുവയുടെ ജഡം ആറോടെ ബത്തേരിയിലെ വൈൽഡ് ലൈഫ് വെറ്ററിനറി ലാബിലേക്ക് മാറ്റി.
വനത്തിൽനിന്നും ഏറെ അകലെയുള്ള ജനവാസ മേഖലയാണ് എടക്കൽ ഗുഹക്ക് സമീപത്തെ പൊന്മുടിക്കോട്ടയും പരിസര പ്രദേശങ്ങളും. 12 വളർത്തുമൃഗങ്ങളെയാണ് ഇതിനകം കടുവ കൊന്നത്. ക്ഷീരകർഷകർ ഏറെയുള്ളതാണ് പൊന്മുടിക്കോട്ട, എടക്കൽ, കുപ്പക്കൊല്ലി, അമ്പുകുത്തി തുടങ്ങി അമ്പലവയലിനോട് ചേർന്ന പ്രദേശങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..