21 October Monday

മാതോത്ത്‌ പൊയിൽ കതിരണിയുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2019

മാതോത്ത്‌ പൊയിലിലെ വിതയുത്സവം ഒ ആർ കേളു എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

പനമരം
 പ്രളയം  നക്കിത്തുടച്ച മണ്ണിൽ  അവർ  വീണ്ടും   വിത്തെറിഞ്ഞു. അകമ്പടിയായി ആദിവാസി വാദ്യങ്ങളുടെ  തുടി താളം. മഴ പെയ്‌ത്‌ കുതിർന്ന മണ്ണ്‌   ജീവന്റെ വിത്തുകൾ ഏറ്റ്‌വാങ്ങി. പനമരം പഞ്ചായത്തിലെ  നെൽകൃഷി തിരികെ പിടിക്കാൻ  ശാസ്‌ത്ര സാഹിത്യ പരിഷത്‌ മുന്നിട്ടിറങ്ങിയത്‌  കർഷകർക്ക്‌ ആവേശമായി. പണം ഇല്ലാത്തതിനാൽ കൃഷി  ഉപേക്ഷിച്ച   ആദിവാസി കർഷകർക്കാണ്‌ പരിഷത്‌  കൃഷി നടത്താൻ സഹായം നൽകുന്നത്‌.  പണിയ വിഭാഗത്തിൽപ്പെട്ടവരുടെ ഉടമസ്ഥതയിലുള്ള മാതോത്ത്‌ പൊയിൽ പാടശേഖരത്തിലെ   13 ഏക്കറിലാണ്‌    പരിഷത്‌ കൃഷി ഇറക്കാൻ സാമ്പത്തിക സഹായം നൽകുന്നത്‌.   ഇവരുടെ വയലിനോട് ചേർന്നു കിടക്കുന്ന വാകയാട് പാടശേഖര സമിതിയ്ക്കും പ്രളയത്തിൽ വിതച്ച വിത്ത് നഷ്ടമായിരുന്നു . വയൽ വീണ്ടും ഉഴുത്‌ കൃഷിയോഗ്യമാക്കുന്നതിനുള്ള സാമ്പത്തിക സഹായം  അവർക്കും പരിഷത്ത് നൽകി.  എം എസ്‌ സ്വാമിനാഥൻ ഫൗണ്ടേഷനും  ആവശ്യമായ സാങ്കേതിക സഹായങ്ങൾ  നൽകുന്നുണ്ട്.
മാതോത്ത് പൊയിൽ വയൽക്കരയിൽ സംഘടിപ്പിച്ച വേദിയിൽ നടത്തിയ ആദിവാസി കലാരൂപങ്ങളുടെ അകമ്പടിയോടെ  മാനന്തവാടി എം എൽ എ,  ഒ ആർ കേളു വിതയുത്സവം ഉദ്‌ഘാടനം ചെയ്‌തു. പനമരം  പഞ്ചായത്ത് മെമ്പർ കെ വി സുരേന്ദ്രൻ അധ്യക്ഷനായി. പഞ്ചായത്ത്  വൈസ്‌ പ്രസിഡന്റ്‌ ടി മോഹനൻ, ശാസ്ത്രസാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി കെ രാധൻ, സംസ്ഥാന സെക്രട്ടറി വിനോദ്, സുമ വിഷ്ണുദാസ്, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയരക്ടർ ആർ മണികണ്ഠൻ കൃഷി ഓഫീസർ ജയരാജൻ, പരിഷത്ത് ജില്ലാ സെക്രട്ടറി എം കെ ദേവസ്യ, ജില്ലാ പ്രസിഡന്റ് മാഗി വിൻസന്റ്, യുവ സമിതി സെക്രട്ടറി  മാർട്ടിൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ എം കെ  മോഹനൻ സ്വാഗതവും, പി  കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top