19 August Monday

കാണുക, തൊഴിലുറപ്പിന്റെ തിരുനെല്ലി മാതൃക

സ്വന്തം ലേഖകൻUpdated: Wednesday May 1, 2019
മാനന്തവാടി
നിരവധി നൂതന പദ്ധതികൾ നടപ്പാക്കി തിരുനെല്ലിയിലെ തൊഴിലുറപ്പ‌് പദ്ധതി മറ്റിടങ്ങളിൽനിന്നും വേറിട്ട‌് നിൽക്കുകയാണ‌്. തൊഴിലുറപ്പിലുള്ളവർക്ക‌് നൂറു തൊഴിൽദിനങ്ങൾ നൽകുന്നതിനും വ്യത്യസ‌്തമായ പദ്ധതികൾ നടപ്പാക്കുന്നതിനും തിരുനെല്ലി മാതൃകയാവുകയാണ‌്. 7233 തൊഴിൽ കാർഡുകളിലായി 11923 തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടിവിടെ.  തൊഴിലെടുക്കുന്ന 4964 തൊഴിലാളികളാണുള്ളത്.   ആദിവാസി ഭൂരിപക്ഷ പഞ്ചായത്തായ തിരുനെല്ലി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിന് കാണിക്കുന്നത‌് അനുകരണമായ മാതൃകയാണ‌്. 
കെട്ടിട നിർമാണ യൂണിറ്റ്
സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി പ്രകാരം കെട്ടിട നിർമ്മാണ സാമഗ്രികൾ നിർമ്മിച്ച് നൽകുന്നത്. 357502 രൂപ മുതൽ മുടക്കിൽ തിരുനെല്ലി ഒമ്പതാം വാർഡ് ബേഗൂരിലാണ്  ഈ നിർമ്മാണ യൂണിറ്റ്. ഇവിടെനിന്നും നിർമ്മിക്കുന്ന ഹോളോബ്രിക്സ് തിരുനെല്ലി പഞ്ചായത്തിലെ വിവിധ അങ്കണവാടികളുടെ നിർമ്മാണങ്ങൾക്കും ചുറ്റുമതിൽ നിർമ്മാണത്തിനും ഉപയോഗിക്കുന്നുണ്ട‌്.  ഈ സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് വീടുകൾക്ക് വേണ്ടുന്ന ഹോളോബ്രിക്സ് മൊത്തം ഉൽപ്പാദിപ്പിക്കാൻ സജ്ജമാകുകയാണിവർ
 
ശിശു സൗഹൃദ അങ്കണവാടി
തൊഴിലുറപ്പിലൂടെ  തോൽപ്പെട്ടിയിൽ  മനോഹരമായ അങ്കണവാടി നിർമിച്ചു. അങ്കണവാടിയുടെ പരിസരങ്ങൾ പൂന്തോട്ടം നിർമ്മിച്ചും ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചും മനോഹരമാക്കി. ശിശുസൗഹൃദ അങ്കണവാടിക്ക‌്  1045261 രൂപ തൊഴിലുറപ്പിലൂടെ ചെലവഴിച്ചു. കെട്ടിട നിർമ്മാണത്തിനുള്ള വിദഗ്ദ്ധ അവിദഗ്ദ്ധ തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു. മുഴുവൻ തൊഴിലാളികളും സ്ത്രി തൊഴിലാളികളായിരുന്നു എന്നതും പ്രത്യേകതയായി. 30 വനിതാ തൊഴിലാളികൾ 5 മാസങ്ങളിലായി 443 തൊഴിൽ ദിനങ്ങൾ കൊണ്ടാണ് പ്രവൃത്തി പൂർത്തീകരിച്ചത്. ചുറ്റുമതിൽ നിർമ്മാണ പ്രവർത്തികളും തൊഴിലുറപ്പ് മുഖേനയാണ് ചെയ്യുന്നത്. ആറ്‌ അങ്കണവാടികൾ കൂടി നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ പഞ്ചായത്തധികൃതർ. 
ഗ്രാമീണ റോഡുകളും നടപ്പാതകളും 
ഗ്രാമീണ റോഡുകളും നടപ്പാതകൾക്കുമായി ഒരു കോടി 22 ലക്ഷവും  ഡ്രയിനേജിന് 105 3893 രൂപയും കൽവർട്ടിന് 603789രൂപയും ചെലവഴിച്ചു. കഴിഞ്ഞ വർഷം പഞ്ചായത്തിലെ 46 ഗ്രാമീണ റോഡുകളും നടപ്പാതകളും കോൺക്രീറ്റ് ചെയ‌്തു. ആദിവാസി ഊരുകളിലേക്കും ഉൾനാടൻ ഗ്രാമങ്ങൾക്കുമാണ് മുൻഗണന നൽകിയത്.
തൊഴിലുറപ്പിലാദ്യമായി ആധുനിക ഗ്യാസ് ക്രിമിറ്റോറിയം  
പിന്നാക്ക വിഭാഗങ്ങളേറെയുള്ള തിരുനെല്ലിയിൽ ശ്മശാനം വേണമെന്ന ആവശ്യവും തൊഴിലുറപ്പിലൂടെ പൂർത്തീകരിക്കുകയാണ‌്.  32 ലക്ഷം രൂപ ചെലവിലുള്ള ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ പ്രവൃത്തി പൂർത്തീകരണത്തോടടുക്കുകയാണ്. 
ക്ഷീരകർഷക മേഖലയിലും വിപ്ലവം  
തൊഴിലുറപ്പിലൂടെ ക്ഷീരമേഖലയിലും വലിയ കുതിപ്പ‌് നടത്തുകയാണ‌് തിരുനെല്ലി. 50 കർഷകർക്ക‌്   തൊഴുത്തും 40 വീട്ടമ്മമാർക്ക് അട്ടിൻകുടും നിർമ്മിക്കുന്ന പ്രവർത്തിയും നടക്കുന്നു.
പ്രധാന വാർത്തകൾ
 Top