കൽപ്പറ്റ> ഡിസിസി ജനറൽ സെക്രട്ടറി പി കെ അനിൽകുമാറിന്റെ രാജിക്ക് പിന്നാലെ കോൺഗ്രസ് പുകയുന്നു. ഞായറാഴ്ച ഐ ഗ്രൂപ്പ് നേതാക്കൾ കൽപ്പറ്റയിൽ രഹസ്യയോഗം ചേർന്നു. പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിൽ ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരെ അംഗീകരിക്കേണ്ടെന്ന് തീരുമാനിച്ചു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വേണ്ടെന്ന നിലപാടെടുത്തു. കൽപ്പറ്റ ലക്ഷ്യമിടുന്ന കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ധിഖിനേയും അടുപ്പിക്കില്ല. മുൻഡിസിസി പ്രസിഡന്റ് പി വി ബാലചന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന നിർദേശമാണ് ഐ ഗ്രൂപ്പ് മുന്നോട്ട് വെക്കുന്നത്. ജില്ലയിലുള്ളവരുടെ വികാരം മാനിക്കാതെ സ്ഥാനാർഥിയെ കെട്ടിയിറക്കിയാൽ കൂട്ടരാജിക്കുള്ള പദ്ധതിയുമുണ്ട്.
ഐ ഗ്രൂപ്പ് നീക്കത്തിൽ എ ഗ്രൂപ്പ് അങ്കലാപ്പിലായി. എ ഗ്രൂപ്പ് നേതാക്കളായ എൻ ഡി അപ്പച്ചനും കെ സി റോസക്കുട്ടിയും സീറ്റ് മോഹിക്കുന്നവരാണ്. സീറ്റ് ലക്ഷ്യമിട്ട് അപ്പച്ചൻ നടത്തിയ നീക്കമായിരുന്നു രാഹുലിന്റെ ട്രാക്ടർ റാലി. ഇതിന്റെ സംഘാടനത്തിൽ പ്രധാനിയും അപ്പച്ചനായിരുന്നു.
അനിൽകുമാറിന് പിന്നാലെ മറ്റുചില നേതാക്കളും വരുംദിവസങ്ങളിൽ കോൺഗ്രസ് വിടും. അടിത്തട്ടിലുള്ള ധാരാളം പ്രവർത്തകർ തന്നോടൊപ്പം വരുമെന്ന് അനിൽകുമാറും പ്രഖ്യാപിച്ചിട്ടുണ്ട്. എൽജെഡിയിലാണ് ചേരുന്നത്. ഇവർക്കുള്ള സ്വീകരണ പരിപാടിയുടെ ഒരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്.
കൂടുതൽ നേതാക്കളും പ്രവർത്തകരും പാർടി വിടുമെന്ന് ഉറപ്പായതോടെ നേതൃത്വം അങ്കലാപ്പിലാണ്.
ഐ ഗ്രൂപ്പുകാരനായ ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ നില പരുങ്ങലിലായി. നേതാക്കളും പ്രവർത്തകരും പാർടി വിടുന്നതിന് മറുപടി പറയേണ്ടിവരും. ബത്തേരി മണ്ഡലത്തിൽ മൂന്നാമതും മത്സരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ബാലകൃഷ്ണൻ. ഇതിനെതിരെ മുതിർന്ന നേതാക്കൾതന്നെ രംഗത്തുണ്ട്. കെപിസിസിക്ക് പരാതിയും നൽകി. സമുദായ സമവാക്യങ്ങൾ ഉയർത്തിയും കോൺഗ്രസ് നേതാക്കൾ ബത്തേരിയിൽ ബാലകൃഷണനെതിരെയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..