30 March Thursday
കടുവയെ പിടിക്കണം

പ്രതിഷേധക്കോട്ടകെട്ടി
പൊന്മുടിക്കോട്ട

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

സർവകക്ഷി ആക്‌ഷൻ കമ്മിറ്റി നേതൃത്വത്തിൽ കൊളഗപ്പാറ–-അമ്പലവയൽ റോഡ്‌ ഉപരോധിക്കുന്നു

അമ്പലവയൽ
വന്യമൃഗശല്യത്തിനെതിരെ പൊന്മുടിക്കോട്ട നിവാസികൾ നടത്തിയ വഴിതടയൽ സമരത്തിൽ പ്രതിഷേധമിരമ്പി. എട്ടുമാസമായി തുടരുന്ന കടുവയുടെയും പുലിയുടെയം ആക്രമണത്തിന്‌ അറുതിവരുത്തണമെന്ന ആവശ്യവുമായാണ്‌ ചൊവ്വ രാവിലെ സർവകക്ഷി ആക്‌ഷൻ കമ്മിറ്റി നേതൃത്വത്തിൽ കൊളഗപ്പാറ–-അമ്പലവയൽ റോഡ്‌ ആയിരംകൊല്ലിയിൽ ഉ പരോധിച്ചത്‌. സ്‌ത്രീകളും കുട്ടികളും വയോധികരുമുൾപ്പെടെ നൂറുകണക്കിനുപേർ പങ്കാളികളായി. 
വനത്തിൽനിന്നും ഏറെ അകലെയുള്ള ജനവാസ മേഖലയാണ്‌ എടക്കൽ ഗുഹക്ക്‌ സമീപത്തെ പൊന്മുടിക്കോട്ടയും പരിസര പ്രദേശങ്ങളും. 12 വളർത്തുമൃഗങ്ങളെയാണ്‌ ഇതിനകം കടുവ കൊന്നത്‌. പ്രദേശത്ത്‌ പുലിയും ഉണ്ടെന്നാണ്‌ നാട്ടുകാരുടെയും വനം വകുപ്പിന്റെയും സ്ഥിരീകരണം. രണ്ടുമാസം മുമ്പ്‌ ഭീതിവിതച്ച കടുവ വനംവകുപ്പ്‌ സ്ഥാപിച്ച കൂട്ടിലകപ്പെട്ടെങ്കിലും മറ്റൊരു കടുവ ഇപ്പോഴും പ്രദേശത്ത്‌ തങ്ങി  വളർത്തുമൃഗങ്ങളെ കൊന്ന്‌ ഭീതി വിതയ്‌ക്കുന്നു. ക്ഷീരകർഷകർ ഏറെയുള്ളതാണ്‌ പൊന്മുടിക്കോട്ട, എടക്കൽ, കുപ്പക്കൊല്ലി, അമ്പുകുത്തി തുടങ്ങി അമ്പലവയലിനോട്‌ ചേർന്ന പ്രദേശങ്ങൾ. കൂടുകളും തൊഴുത്തുകളും തകർത്ത്‌ വളർത്തുമൃഗങ്ങളെ കൊല്ലുകയാണ്‌.  പലരും കടുവയുടെ മുമ്പിൽപ്പെട്ടു.   അമ്പലവയൽ നഗരത്തിന്റെ പരിസരത്തുവരെ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഭീതിയിലായ ക്ഷീരകർഷകർ വളർത്തുമൃഗങ്ങളെ കിട്ടിയ വിലയ്‌ക്ക്‌ വിറ്റൊഴിവാക്കുകയാണ്‌.   കടുവകളെയും പുലിയെയും പിടികൂടാൻ വനം വകുപ്പ്‌ പ്രദേശത്ത്‌  മൂന്ന്‌ കൂടുകളും 16 നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്‌. കൂടുതൽ സംവിധാനങ്ങൾ ഒരുക്കി പിടികൂടണമെന്നതാണ്‌ നാട്ടുകാരുടെ ആവശ്യം.  കുപ്പക്കൊല്ലിയിൽനിന്ന്‌ പ്രകടനമായെത്തിയാണ്‌  റോഡ്‌ ഉപരോധിച്ചത്‌. 
ജില്ലാ പഞ്ചായത്തംഗം സുരേഷ്‌ താളൂർ ഉദ്‌ഘാടനംചെയ്‌തു. കെ സി സുരേഷ്‌ അധ്യക്ഷനായി. ബത്തേരി ക്ഷീരസംഘം പ്രസിഡന്റ്‌ കെ കെ പൗലോസ്‌, ബ്ലോക്ക്‌ പഞ്ചായത്തംഗം പി കെ സത്താർ, കെ കെ ബിജു എന്നിവർ സംസാരിച്ചു. പിന്നീട്‌ അമ്പലവയൽ ടൗണിലും പ്രകടനം നടത്തി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top