10 July Friday

എസി വണ്ടിയിൽ മുറ്റത്തെത്തും പച്ചക്കറി

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

ഹോർട്ടി േകാർപ്പിന്റെ സഞ്ചരിക്കുന്ന എ സി പച്ചക്കറി വണ്ടി അയ്യന്തോൾ കൽഹാര അപ്പാർട്ട്മെന്റിലെത്തിയപ്പോൾ

തൃശൂർ

അയ്യന്തോൾ കൽഹാര അപ്പാർട്ട്‌മെന്റിൽ ഈ എ സി വണ്ടിയെത്തിയപ്പോൾ വീട്ടമ്മമാർക്കെല്ലാം ആശ്വാസം. കോവിഡ്‌‌  കാലത്ത്  കടകളിലേക്ക്‌ പോവാതെ തന്നെ നാടൻപച്ചക്കറികൾ വാങ്ങാം.  
കൃഷിവകുപ്പിന് കീഴിലുള്ള ഹോർട്ടികോർപ്പിന്റെ  ശീതീകരണ സംവിധാനത്തോടെ സഞ്ചരിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പഴം, പച്ചക്കറി വണ്ടിയാണിത്. കർഷകർക്ക്‌ ന്യായവില നൽകി   ശേഖരിക്കുന്ന പച്ചക്കറി  വിലക്കുറവിൽ ജനങ്ങളിലെത്തിക്കുകയാണ്‌.  വണ്ടിയിൽ ടിവിയും വെളിച്ചസംവിധാനങ്ങളുമുണ്ട്. വണ്ടിക്കുമുകളിൽ ഘടിപ്പിച്ച  സൗരോർജം  ഉപയോഗിച്ചാണ്‌ ഇവ പ്രവർത്തിക്കുന്നത്.  
ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ റിസർച്ചിന്റെ കീഴിൽ കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ പ്രോഡക്ട് ഡെവലപ്മെന്റ് കോർപറേഷനുവേണ്ടി ബംഗളൂരു ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ചാണ് വണ്ടി രൂപകൽപ്പന ചെയ്തത്.   കോവിഡ് വന്നതോടെ ഈ വണ്ടിക്ക്‌ പ്രാധാന്യമേറി. 
ജില്ലയിൽ ഗുരുവായൂർ കേന്ദ്രീകരിച്ചാണ്‌  ഹോർടികോർപ്പിന്റെ ജില്ലാ ഗോഡൗൺ. അവിടെനിന്നാണ് സാധനങ്ങൾ വണ്ടിയിൽ കയറ്റുന്നത്. തൃശൂർ കോർപറേഷൻ പരിധിയിലാണ് പ്രധാനമായും വിൽപ്പന. 
പരമാവധി കർഷകരിൽനിന്നും കർഷകസമിതികളിൽനിന്നുമാണ് ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നത്. നേന്ത്രക്കായ, ചേന, മത്തൻ, ഇളവൻ, പടവലം, വഴുതന, തക്കാളി, പയർ തുടങ്ങി പച്ചക്കറികളും ജില്ലയിലെ കർഷകരിൽനിന്നാണ് ശേഖരണം. കാരറ്റ്, കാബേജ് എന്നിവ മൂന്നാറിൽനിന്നാണ് എത്തിക്കുന്നത്. സവാള, കിഴങ്ങ് തുടങ്ങിയവ പുറത്തുനിന്നും കൊണ്ടുവരും.  
നഗരപരിധിയിലെ ഫ്ളാറ്റുകളിലും റസിഡന്റ്സ് കോളനികളിലുമാണ് വണ്ടിയെത്തുക.  പ്രധാന കേന്ദ്രങ്ങളിലും വിൽപ്പന നടത്തും. നാല് ദിവസം വരെ കേടാകാതെ പച്ചക്കറികൾ വണ്ടിയിൽ സൂക്ഷിക്കാൻ കഴിയും.  വണ്ടിയിലെ ടിവി വഴി കൃഷിയുടെ പ്രാധാന്യങ്ങളും ജനങ്ങളിലേക്ക്‌ എത്തിക്കുന്നു. 
ഫ്ളാറ്റുകളിലും റസിഡന്റ്സ് കോളനികളിലും മട്ടുപ്പാവിലും ഉദ്യാനങ്ങളിലും കൃഷി ചെയ്യുന്ന പച്ചക്കറികളും ഇല വർഗങ്ങളും കിഴങ്ങുവർഗങ്ങളും പഴങ്ങളും വീടുകളിലെ ആവശ്യം കഴിഞ്ഞവ ഈ യൂണിറ്റ് വഴി വിപണനം ചെയ്യാനാകും. സുഭിക്ഷ കേരളം,  ജീവനി പദ്ധതി എന്നിവയുടെ ഭാഗമായി വിഷരഹിത പച്ചക്കറികൾ വീടുകളിൽ നേരിട്ട് എത്തിക്കുകയാണ് ലക്ഷ്യം.
പ്രധാന വാർത്തകൾ
 Top