22 October Thursday
ജില്ലാ വികസന സമിതി യോഗം

സുഭിക്ഷ കേരളം പദ്ധതി: ഫണ്ട് വിനിയോഗം ഉടൻ പൂര്‍ത്തിയാക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020
 
തൃശൂർ
സുഭിക്ഷ കേരളം പദ്ധതി വിപുലപ്പെടുത്താനും അനുവദിച്ച തുകയുടെ വിനിയോഗം പൂർത്തിയാക്കാനും ജില്ലാ വികസനസമിതി യോഗത്തിൽ തീരുമാനം. പദ്ധതിയിൽ ഉൾപ്പെട്ട വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലയ്ക്ക് അനുവദിച്ച ഫണ്ട് എത്രയും വേഗം വിനിയോഗിക്കുമെന്നും കലക്ടറേറ്റ് കോൺഫറൻസ് ഹാളിലെ യോഗത്തിൽ കലക്ടർ എസ് ഷാനവാസ് പറഞ്ഞു. 
നിലവിലുള്ള 1720 പദ്ധതികളുടെ ഭാഗമായ കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം, വ്യവസായം എന്നിവയെ പഞ്ചായത്തു തലത്തിൽ വിപുലപ്പെടുത്തും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അമല, ജൂബിലി മെഡിക്കൽ കോളേജുകളിൽ 200 കിടക്കകൾ വീതം സജ്ജീകരിക്കുമെന്നും കലക്ടർ അറിയിച്ചു. ജില്ലയിൽ ഇത്തരത്തിൽ 600 കിടക്കകളുള്ള സ്ഥലങ്ങൾ കണ്ടെത്തും.
പഞ്ചായത്ത് തലത്തിൽ കോവിഡ് പ്രതിരോധത്തിന് സന്നദ്ധ സേവന പോർട്ടൽ ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ, ഉപയോഗമില്ലാതെ കിടക്കുന്ന സർക്കാർ ഭൂമിയിൽ മാലിന്യ ശേഖരണ കേന്ദ്രം നടത്താനും തീരുമാനിച്ചു.
ജില്ലയിൽ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമിച്ച 13 സ്കൂളുകളിൽ അഞ്ചെണ്ണം ഒക്ടോബർ മൂന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഒരു കോടി രൂപ ചെലവിൽ നിർമിക്കുന്ന 21 സ്കൂളുകൾക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്ന്‌ വിദ്യാഭ്യാസ ഉപഡയറക്ടറുടെ പ്രതിനിധി അറിയിച്ചു.
സർക്കാർ ആനുകൂല്യ പദ്ധതികൾക്ക് ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്ന നടപടി ഉടൻ പൂർത്തിയാക്കും. 81 ശതമാനം ഗുണഭോക്തൃ പട്ടികയാണ് പൂർത്തിയായിട്ടുള്ളതെന്നും ബാക്കിയുള്ളവരുടെ പട്ടിക ഈയാഴ്ച പഞ്ചായത്തിന് കൈമാറുമെന്നും ഡിഡിപി പ്രതിനിധി അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ലഭിക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനുള്ള അവസരം കൂടുതൽ സുതാര്യമാക്കും. ‘ടേക് എ ബ്രേക്ക്’ പദ്ധതി പ്രകാരം അന്താരാഷ്ട്ര നിലവാരത്തിലുളള ശുചിമുറി നിർമിക്കുന്നതിന് പഞ്ചായത്തടിസ്ഥാനത്തിൽ സ്ഥലം കണ്ടെത്തും. മൂന്നുസെന്റ് വരെയുള്ള സ്ഥലം ഇതിനായി ഉപയോഗപ്പെടുത്തും.  ഗവ. ചീഫ്‌വിപ്‌ കെ രാജൻ, എംഎൽഎമാരായ ബി ഡി ദേവസി, മുരളി പെരുനെല്ലി, യു ആർ പ്രദീപ്, ഇ ടി ടൈസൺ തുടങ്ങിയവർ ഓൺലൈനായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മേരി തോമസ്, പ്ലാനിങ് ഓഫീസർ ശ്രീലേഖ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top