07 August Friday
ഗവ. മെഡിക്കൽ കോളേജ്‌ ‌

തൃശൂരിലും പ്ലാസ്മ തെറാപ്പി വിജയം; രോഗിയുടെ ഫലം നെഗറ്റീവ്‌

സ്വന്തം ലേഖകൻUpdated: Sunday Jun 28, 2020
തൃശൂർ
തൃശൂർ മെഡിക്കൽ കോളേജിലെ പ്ലാസ്‌മ തെറാപ്പിയും വിജയം. കോവിഡ്‌ രോഗിയുടെ  ഫലവും നെഗറ്റീവായി. രണ്ടാം ഫലവും നെഗറ്റീവായാൽ കോവിഡ്‌മുക്തയാവും. കോവിഡ്‌ ബാധിച്ച്‌ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരുന്ന  51 കാരിയാണ്‌ രോഗമുക്തമാവുന്നത്‌. കോവിഡ്മുക്തനായ ഡേവിസ് ആന്റണിയാണ് പ്ലാസ്മ ദാതാവാകാൻ സ്വയമേവ തയ്യാറായത്.    
   സംസ്ഥാനത്ത് ആദ്യമായി അഫറസിസ് എന്ന സാങ്കേതികവിദ്യ വഴി  പ്ലാസ്‌മ തെറാപ്പി നടത്തിയത്‌ തൃശൂർ മെഡിക്കൽ കോളേജിലാണ്‌. കോവിഡ്‌ മുക്തരായവരുടെ രക്തത്തിൽനിന്ന് പ്ലാസ്മ മാത്രം വേർതിരിച്ചെടുത്ത് കോവിഡ് രോഗിക്കു നൽകി പ്രതിരോധശേഷി വർധിപ്പിക്കുന്ന രീതിയാണ്‌ പരീക്ഷിച്ചത്‌. ഇത്‌ വിജയം കാണുകയാണ്‌.  
 രോഗമുക്തി നേടിയവരുടെ ശരീരത്തിൽ പ്രതിരോധശേഷി കൂടുതലായിരിക്കും. രോഗംമാറി 15 ദിവസത്തിനുശേഷം രക്തത്തിലെ പ്ലാസ്മമാത്രം വേർതിരിച്ചെടുക്കുകയാണ്‌. 400 മില്ലി വരെ പ്ലാസ്മ നേരിട്ട്‌ എടുക്കാനാവും. ഇത് രോഗികളുടെ ശരീരത്തിലേക്ക് പ്ലാസ്മതെറാപ്പിവഴി കയറ്റുന്നതോടെ  പ്രതിരോധശേഷി വർധിക്കും.  അഫറസിസ് എന്ന സാങ്കേതികവിദ്യ വഴി പ്ലാസ്മ മാത്രം വേർതിരിച്ചെടുക്കുന്നതിനാൽ കോവിഡ്മുക്തി നേടിയയാൾക്ക് മറ്റു പ്രശ്നങ്ങളില്ല.  
രക്തഘടകങ്ങളായ പ്ലാസ്മ, പ്ലേറ്റ്‌ലറ്റുകൾ, ശ്വേതരക്താണുക്കൾ  എന്നിവ രോഗിക്ക് കൂടുതൽ വേണ്ടിവരുന്ന സന്ദർഭങ്ങളിലാണ്‌  അഫറസിസ് പ്രയോജനപ്പെടുത്തുക. ആവശ്യമായ ഘടകം മാത്രം രക്തദാതാവിൽനിന്ന് യന്ത്രസഹായത്താൽ വേർതിരിച്ച് എടുക്കുകയും മറ്റുള്ളവ ദാതാവിന്റെ ശരീരത്തിലേക്ക് തിരിച്ചു കയറ്റുകയും ചെയ്യാവുന്ന സംവിധാനമാണ് അഫറസിസ്.  20 ലക്ഷം രൂപയോളം വിലവരുന്ന യന്ത്രസംവിധാനം ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്തതാണ്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top