10 August Monday

ഒല്ലൂരിന്റെ കാക്കിത്തൊപ്പിയിൽ നക്ഷത്രത്തിളക്കം

സ്വന്തം ലേഖികUpdated: Sunday Jun 28, 2020

ഒല്ലൂർ പൊലീസ്‌ സ്‌റ്റേഷൻ

തൃശൂർ

ക്രമസമാധാനം കാക്കുന്നതിൽ മാതൃകയായ ഒല്ലൂർ പൊലീസ് സ്റ്റേഷന് മികവിന്റെ തിളക്കം. സംസ്ഥാനത്തെ   മികച്ച  സ്റ്റേഷനായി തൃശൂർ സിറ്റിയിലെ ഒല്ലൂർ സ്റ്റേഷനെ തെരഞ്ഞെടുത്തു.  കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സംസ്ഥാന പൊലീസ് മേധാവിയെ അറിയിച്ചു.  
മയക്കുമരുന്നിന് എതിരെയുളള നിയമം, എക്സൈസ് നിയമം, ആയുധനിയമം എന്നിവയിലുളള നടപടികൾ, വാറന്റ് നടപ്പാക്കൽ, കരുതൽ നടപടികൾ, പഴയകേസുകളിലെ നടപടികൾ, ശിക്ഷാവിധികൾ എന്നിങ്ങനെ വിവിധ ഘടകങ്ങൾ അടിസ്ഥാനമാക്കിയുളള വിലയിരുത്തലിന് ശേഷമാണ് അവാർഡ് നിർണയിച്ചത്. 
2014 മുതൽ 2019 വരെയുള്ള സ്റ്റേഷനിൽ കെട്ടിക്കിടന്ന കേസുകൾ രണ്ട് വർഷം കൊണ്ട് തീർപ്പാക്കിയതും ജനമൈത്രി പൊലീസിന്റെ മികവുറ്റ പ്രവർത്തനങ്ങളും അംഗീകാരത്തിന് മാനദണ്ഡമായി.  
2018ൽ ബെന്നി  ജേക്കബ്‌ സ്റ്റേഷൻ ഹൗസ് ഓഫീസറായി ചുമതലയേറ്റ ശേഷമാണ് കെട്ടിക്കിടന്ന കേസുകൾ തീർപ്പാക്കാനുള്ള ഇടപെടലുകൾ നടത്തിയത്. സ്റ്റേഷൻ പരിധിയിൽ ഏഴ് വില്ലേജുകളാണ് ഉള്ളത്.    വീടുകളിലും ജനമൈത്രി പൊലീസ്‌  സന്ദർശിക്കാറുണ്ട്‌. 
സ്റ്റേഷൻ പരിധിയിലെ വനിതകൾക്കായി സെൽഫ് ഡിഫൻസ് പരിശീലനവും നൽകുന്നുണ്ട്. രക്ഷിതാക്കളുമായി സ്റ്റേഷനിലെത്തുന്ന കുട്ടികൾക്കായി ഒരുക്കിയ ശിശുസൗഹൃദ മുറിയാണ് മറ്റൊരു കൗതുകക്കാഴ്‌ച.
പുത്തൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്റെ പരിശീലന ച്ചുമതലയും സ്റ്റേഷൻ അധികൃതർക്കാണ്. 
 സ്‌റ്റേഷൻ പരിധിയിൽ  ക്രമസമാധാനം നിലനിർത്താൻ പൊലീസ് അഹോരാത്രം പ്രയത്നിച്ചു. കൂടാതെ പാസ്പോർട്ട്, ആയുധം എന്നിവ അനുവദിക്കുന്നതിനുളള പരിശോധന, റോഡ് നിയമങ്ങൾ, ക്രമസമാധാന മേഖലയിലെ പ്രവർത്തനങ്ങൾ, ദുർബല വിഭാഗങ്ങൾക്കെതിരെയുളള അതിക്രമങ്ങൾ തടയൽ എന്നിവയും അവാർഡ് നിർണയത്തിന് മാനദണ്ഡങ്ങളായി. 
പുത്തൂരിലെ മലയോര പ്രദേശത്ത് രണ്ട് പള്ളികൾ തമ്മിലുണ്ടായ തർക്കം രമ്യമായി പരിഹരിക്കാൻ സ്റ്റേഷൻ അധികൃതർ പ്രധാന പങ്ക് വഹിച്ചു. 
1961ൽ നെടുപുഴ പൊലീസ് സ്റ്റേഷന്റെ ഔട്ട് പോസ്റ്റായാണ് ഒല്ലൂർ സ്റ്റേഷൻ ആരംഭിച്ചത്. 1987ലാണ് നിലവിലെ സ്റ്റേഷനിലേക്ക് മാറിയത്. 
കമീഷ്ണർ ആർ ആദിത്യ, എസിപി വി കെ രാജു എന്നിവർ സ്റ്റേഷനിലെത്തി സിഐ ബെന്നി ജേക്കബിനെ അഭിനന്ദിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top