08 July Wednesday

സ്വാദേറും ഈ സ്വാമിയുടെ പപ്പായക്ക്

പ്രതീഷ്‌ പുഴയ്‌ക്കൽUpdated: Thursday May 28, 2020

പുഴയ്ക്കൽ 

പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠത്തിലെത്തിയാൽ  അവിടെ മഠം പ്രസിഡന്റ്‌‌  സ്വാമി സദ്ഭവാനന്ദയുടെ കാവി വസ്ത്രത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കാൻ അവകാശമുള്ള ഈ  അതിഥിയെ കാണാം. മാവിൽ നിന്നിറങ്ങി വന്ന ഒരു അണ്ണാറക്കണ്ണൻ.
 ലോക്ക് ഡൗണിൽ ഗേറ്റ് പൂട്ടിയിട്ട കാലത്തും അദ്ദേഹത്തെ കാണാനെത്തുന്ന  ചില സ്ഥിരം ചങ്ങാതിമാരാണ് ഓലഞ്ഞാലിക്കിളി, മയിൽ, പൂച്ച, അണ്ണാൻ എന്നിവ. ശാരീരിക അകലം പാലിക്കാതെ  അദ്ദേഹത്തിന്റ കൈയിലും തോളിലും കയറിയും  മുട്ടിയുരുമ്മിയും നടക്കുന്നവർ. മൃഗസ്‌നേഹിയായ‌ സ്വാമി  സദ്ഭവാനന്ദ  നല്ലൊരു  കർഷകനുമാണ്‌.   പത്ത്‌ പശുക്കൾ, അവയ്ക്കുവേണ്ട പുൽകൃഷി, 60 വാഴ, 300 കശുമാവ്  എന്നിങ്ങനെ പലതും  അദ്ദേഹം  പരീക്ഷിക്കുന്നു. അതിൽ ഏറ്റവും ശ്രദ്ധേയാമണ്‌  ഒന്നര  എക്കർ സ്ഥലത്തെ   പപ്പായ കൃഷി. പപ്പയിൻ നിർമിക്കാനാവശ്യമായ  കറ(പാൽ) കൂടുതൽ ഉൽപ്പാദിപ്പിക്കാൻ കഴിവുള്ള തായ്‌‌ലൻഡ്‌ ഇനം പപ്പായയാണ്  കൃഷി ചെയ്തിരിക്കുന്നത്. ഡ്രിപ്പ് ഇറിഗേഷൻ ഉപയോഗിച്ചാണ് നനയ്‌ക്കുന്നത്. പപ്പായ  കായ്ച്ച് തുടങ്ങിയിരിക്കുന്നു. നട്ട് ആറു മാസം കഴിഞ്ഞാൽ ടാപ്പിങ്‌ തുടങ്ങാം. താഴെ  റെക്സിൻ  ഷീറ്റ് വിരിച്ചശേഷം   തൊലിയിൽ ബ്ലേഡ്‌കൊണ്ട് കീറിയാണ് കറയെടുക്കുന്നത്. ഒരിക്കൽ ടാപ്പിങ്‌ നടത്തിയാൽ ഏഴു ദിവസം കഴിഞ്ഞ് അടുത്ത ടാപ്പിങ്‌ നടത്താം.  കറയെടുത്ത ശേഷം പപ്പായ ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കാം. ആവശ്യമെങ്കിൽ ഉപോൽപ്പന്നങ്ങളുണ്ടാക്കാം. കറയ്‌ക്ക് ഒരു കിലോഗ്രാമിന് ഇപ്പോൾ 135 രൂപ വിലയുണ്ട് .
അത്  വാങ്ങുന്ന സ്ഥാപനങ്ങളേയും  കണ്ടെത്തിയിട്ടുണ്ട്.  എൻജിഒ  ഐ-സ്റ്റെഡ് പ്രൊജക്ടാണ് ആവശ്യമായ പിന്തുണ നൽകുന്നത്.ഒരേക്കറിൽ 900  തൈവരെ നടാമെന്നാണ് പറയുന്നതെങ്കിലും  ഇവിടെ ഏകദേശം   800 തൈയാണ് നട്ടിരിക്കുന്നത്. 
വിഷാംശമില്ലാത്ത പഴവർഗങ്ങൾ തേടിയ മലയാളിക്ക് ഏറ്റവും സ്വീകാര്യമായ പഴങ്ങളിലൊന്നാണ് പപ്പായ. ശാസ്ത്രീയമായി കൃഷി ചെയ്താൽ  കറ വിറ്റ് ഒരേക്കറിൽനിന്ന് പ്രതിമാസം 30,000 രൂപ വരെ നേടാമെന്നാണ് കണക്ക്. വെള്ളം കെട്ടി നിൽക്കാത്ത ഏതു സ്ഥലവും അനുയോജ്യം. 2018ലെ പ്രളയത്തിൽ രാമകൃഷ്ണ ഗുരുകുലം സ്കൂൾ ക്യാമ്പാക്കിയ ആദ്യ ദിവസം തന്നെ ആവശ്യമായ അരി രാമകൃഷ്ണ മഠത്തിൽനിന്നും  പച്ചക്കറി അധ്യാപകരുടെ വകയായും  നൽകി .
പ്രധാന വാർത്തകൾ
 Top