ചാലക്കുടി
വിവിധ പഞ്ചായത്തുകളിൽ കോൺഗ്രസിന് വിമതശല്യം രൂക്ഷം. പരിയാരം, കാടുകുറ്റി പഞ്ചായത്തുകളിലാണ് വിമതശല്യം കൂടുതൽ. പരിയാരം പഞ്ചായത്തിലെ ഒമ്പത് വാർഡുകളിൽ റിബലുകളുണ്ട്. പാർടിയിലെ മുതിർന്ന നേതാക്കളും പ്രവർത്തകരുമാണ് ഔദ്യോഗിക വിലക്ക് ലംഘിച്ച് മത്സരിക്കുന്നത്. അഞ്ചാം വാർഡിൽ മൂന്ന് റിബലുകളുണ്ട്. പഞ്ചായത്തംഗമായ ബെന്നി ആന്റണിയാണ് 11–-ാം വാർഡിലെ റിബൽ. മേലൂർ പഞ്ചായത്തിലെ 1, 8, 9 വാർഡുകളിലും റിബലുകളുണ്ട്.
കോടശേരി പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ കോൺഗ്രസ് വിമതരുണ്ട്. രണ്ടുകൈ ഏഴാം വാർഡിൽ മുൻ പഞ്ചായത്ത് അംഗം ജോയി വിമതസ്ഥാനാർഥിയാണ്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളായ എലിഞ്ഞിപ്ര, കുറ്റിച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ പ്രമുഖ നേതാക്കൾ വിമതരായി മത്സരരംഗത്തുണ്ട്. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ഡെന്നീസ് കെ ആന്റണി എലിഞ്ഞിപ്ര ബ്ലോക്ക് ഡിവിഷനിൽ വിമതനാണ്.
കോൺഗ്രസ് നേതാവ് സ്റ്റാർലി കുറ്റിച്ചിറ ഡിവിഷനിൽ റിബലായി മത്സരിക്കുന്നു. കൊരട്ടി പഞ്ചായത്തിൽ 8, 14,15 വാർഡുകളിൽ വിമതരുണ്ട്. 8, 15 വാർഡുകളിൽ രണ്ടുപേർ വീതമാണ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്നത്. യുഡിഎഫ് ഭരിക്കുന്ന കാടുകുറ്റി പഞ്ചായത്തിലും ഇത്തവണ വിമത ശല്യമുണ്ട്. 2, 3, 13 വാർഡുകളിൽ ഓരോരുത്തർ വീതവും 15ൽ മൂന്നുപേർ വീതവുമാണുളളത്. സിറ്റിങ് അംഗമായ ബിന്ദു ശശി 14–--ാം വാർഡിൽ എൻഡിഎ സ്ഥാനാർഥിയായി.
പത്താം വാർഡിലും കോൺഗ്രസ് നേതാവാണ് എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..