21 October Wednesday

സമരത്തിനിറങ്ങിയ കെഎസ്‌യു തൃശൂർ ജില്ലാസെക്രട്ടറിക്കും കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020

മന്ത്രി കെ ടി ജലീലിനെതിരെ കരിങ്കൊടി കാണിക്കാൻ ശ്രമിക്കുന്ന കെഎസ്‌യു ജില്ലാസെക്രട്ടറി വി എസ്‌ ഡേവിഡ്‌

 തൃശൂർ> മന്ത്രി കെ ടി ജലീലിനെ കരിങ്കൊടി കാണിക്കലുൾപ്പെടെ നിരവധി സമരങ്ങൾക്ക്‌ നേതൃത്വം നൽകിയ കെഎസ്‌യു  ജില്ലാ സെക്രട്ടറി വി എസ് ഡേവിഡിനും കോവിഡ്.  

കഴിഞ്ഞയാഴ്‌ച ഉമ്മൻചാണ്ടി രാമനിലയത്തിൽ വന്നപ്പോഴും ഡേവിഡ്‌ സ്വീകരിക്കാനെത്തിയിരുന്നു. മറ്റു നിരവധി സമരങ്ങളിലും പങ്കെടുത്തു.
തൃശൂർ കിഴക്കേകോട്ട വഴി മന്ത്രി കടന്നുപോവുമ്പോൾ ഡേവിഡുൾപ്പെടെ  പ്രവർത്തകർ  കാറിനുമുന്നിലേക്ക് ചാടാൻ  ശ്രമിക്കുകയായിരുന്നു. പൊലീസ് സംഘം ഇവരെ തടയുകയായിരുന്നു. 
 
മാസ്ക്പോലും ധരിക്കാതെ പൊലീസുമായി ഇവർ ഏറ്റുമുട്ടിയിരുന്നു.  ഇവരെ ബലംപ്രയോഗിച്ചാണ്‌ അറസ്‌റ്റ്‌ ചെയ്‌തു നീക്കിയത്‌.  
തിരുവനന്തപുരത്തുൾപ്പെടെ സമരത്തിന്‌ ഡേവിഡ്‌ പോയിരുന്നു. ഇയാൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതോടെ കൂടെയുള്ളവരും നിരീക്ഷണത്തിലാണ്‌. കഴിഞ്ഞ ദിവസം കെപിസിസി സെക്രട്ടറി ജോൺ ഡാനിയേലിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. നെഗറ്റീവായെങ്കിലും വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
 
 ഒല്ലൂർ മണ്ഡലത്തിൽ കോൺഗ്രസ് സമരങ്ങളിലും യോഗങ്ങളിലും പങ്കെടുത്തവർക്കും കുടുംബാംഗങ്ങൾക്കുമുൾപ്പെടെ പത്തുപേർക്ക്  നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നു നടത്തിയ ആന്റിജൻ ടെസ്റ്റിൽ  നൂറോളംപേർക്കും  കോവിഡ് സ്ഥിരീകരിച്ചു. എംപി വിൻസെന്റ് ഡിസിസി പ്രസിഡന്റായി സ്ഥാനമേൽക്കുന്ന ചടങ്ങിൽ പങ്കെടുത്തവർക്കും   കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റായശേഷം വിൻസെസന്റ് ഒല്ലൂർ ഐഎൻടിയുസി യൂണിയൻ ഓഫീസുൾപ്പെടെ നിരവധി സ്ഥലങ്ങളിലെത്തിയിരുന്നു. ഐഎൻടിയുസി തൊഴിലാളികളുൾപ്പെടെ നിരവധിപേർക്ക് ഒല്ലൂരിൽ കോവിഡ് സ്ഥിരീകരിച്ചു. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്ക് ഡയറക്ടർമാർക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ഡിസിസി ഭാരവാഹികളുൾപ്പെടെയുള്ളവർ ക്വാറന്റൈനിൽ  നിരീക്ഷണത്തിലിരിക്കാതെ രോഗവാഹകരായി നാടുചുറ്റുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top