26 June Wednesday
മയക്കുമരുന്ന് ശൃംഖല

പരിശോധന ശക്തം

വെബ് ഡെസ്‌ക്‌Updated: Sunday May 26, 2019

 

 
തൃശൂർ
ജില്ലയിൽ മയക്കുമരുന്നു കടത്തിലും ഉപയോഗത്തിലും ശൃംഖലയുള്ളതായി സൂചന. ഇതോടെ  റെയ്ഡുകൾ ശക്തമാക്കാൻ എക്സൈസും പൊലീസും തീരുമാനിച്ചു. ഇതര സംസ്ഥാനങ്ങളിൽനിന്നാണ‌് മയക്കുമരുന്ന്  ജില്ലയിലേക്ക‌് പ്രവഹിക്കുന്നതെന്നും പൊലീസിന‌് വിവരം ലഭിച്ചിട്ടുണ്ട‌്.  
കഴിഞ്ഞദിവസം എക്സൈസ‌് സംഘത്തിന്റെ പിടിയിലായ തൃശൂർ  കിഴക്കേകോട്ട സ്വദേശി  മാജിക് മിഥിൻ എന്ന മിഥിൻ (25),   കണ്ണൂർ, ഓളയാർ  സ്വദേശി ചിഞ്ചു മാത്യു (26) എന്നിവരെ ചോദ്യംചെയ്തതോടെ മറ്റു ശൃംഖലകളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇവർക്കായി വലവിരിച്ചുകഴിഞ്ഞു. മൂന്നുകോടിയുടെ മയക്കുമരുന്നാണ് ഇവരിൽനിന്ന് പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. 
കഞ്ചാവിൽനിന്നുള്ള ഹാഷിഷ് ഓയിൽ, മാരക മയക്കുമരുന്നുകളായ എംഡിഎംഎ, അംഫെറ്റമിൻ എന്നിവ ഇവരിൽനിന്ന് പിടിച്ചെടുത്തു.
നേരത്തെ അയ്യന്തോളിൽനിന്ന് ലൈസർജിക് ആസിഡ് സ്റ്റാമ്പ്,  മെത്തലിൻ ഡയോക്സി മെത്താഫിറ്റമിൻ എന്നിവ സഹിതം രണ്ട‌് യുവാക്കളെ പിടികൂടിയിരുന്നു.  ഇത്തരം മയക്കുമരുന്നുകൾ സ്ത്രീകളെ മാനഭംഗപ്പെടുത്താനും  ആളുകളെ ആക്രമിക്കാനും പ്രേരമാകുമെന്ന‌് പൊലീസ‌് പറഞ്ഞു.  സാധാരണയായി ബംഗളൂരുൾപ്പെടെയുള്ള സ്ഥലങ്ങളിൽ വൻപാർട്ടികൾക്കാണ് ഇത്തരം മയക്കുമരുന്ന് ഉപയോഗിക്കാറുള്ളത്. ഇതാണ് ഇപ്പോൾ തൃശൂരിലും കണ്ടുവരുന്നത്.
മയക്കുമരുന്നു വിപണനത്തിനായി പുതിയ ന്യൂജെൻ ആപ്പ് വരെ ഉപയോഗിച്ച് തുടങ്ങി. വമ്പൻ പണക്കാരുടെ മക്കളുൾപ്പെടെയുള്ള യുവാക്കളാണ് ഇത് കൂടുതൽ ഉപയോഗിക്കുന്നത്. ഇവർ ഒറ്റക്ക് മയക്കുമരുന്ന്  കഴിക്കാറില്ല. കഴിച്ചാൽ ഡോസ് കൂടും. ചെറിയ ഡോസിന് വൻ വിലയുമാണ്. അതിനാൽ ആളെ കൂട്ടും.  പല എൻജിനിയിറങ്ങ് കോളേജുകളിലെ വിദ്യാർഥികൾ  ഇതിന് ഇരയാണെന്ന്  വിവരം ലഭിച്ചിട്ടുണ്ട്. പെൺകുട്ടികളും ഇരയാണ്. 
ഗോവ, കൊടൈക്കനാൽ, ബംഗളൂരു  എന്നിവിടങ്ങൾ മയക്കുമരുന്നു സംഘങ്ങളുടെ  കേന്ദ്രമാണ്. ഇവിടങ്ങളിലേക്ക് വിനോദസഞ്ചാരമെന്ന പേരിൽ പോയാണ് പലരും മരുന്ന് എത്തിക്കുന്നത്. എന്നാൽ പൊലീസ്, എക്സൈസ് റെയ്ഡുകൾ വ്യാപകമായതോടെയാണ് ആപ്പുകൾ വഴി വിപണനം ആരംഭിച്ചത്. 
നന്നായി പഠിക്കുന്ന വിദ്യാർഥികൾ പെട്ടെന്ന് പഠനത്തിൽനിന്ന് പിന്നോക്കം പോവുക, ഏതുകാര്യത്തിലും  ഉദാസീന മനോഭാവം പ്രകടിപ്പിക്കുക, പാതിമയങ്ങിയ കണ്ണുകൾ, ആരോടും സംസാരിക്കാതെ ഒതുങ്ങുക, പെട്ടെന്ന് പ്രകോപിതരാവുക, അക്രമാസക്തരാവുക എന്നിവ സ്ഥിരമായി മയക്കുമരുന്നു കഴിക്കുന്നതിന്റെ ലക്ഷണമാണെന്ന് വിദഗ‌്‌ധർ പറയുന്നു. ഇത്തരം ലക്ഷണം പ്രകടിപ്പിച്ച വിദ്യാർഥിയുടെ രക്ഷിതാക്കൾ നൽകിയ സൂചനകൾ പ്രകാരമാണ് കഴിഞ്ഞദിവസം എക്സൈസ് സംഘം രണ്ടുപേരെ പിടികൂടിയത്.
പ്രധാന വാർത്തകൾ
 Top