27 September Sunday
സ്‌റ്റെല്ല മാത്യൂസ്‌ കേന്ദ്രത്തോട്‌

‘ഭാര്യയെ ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കണം’

സി എ പ്രേമചന്ദ്രൻUpdated: Saturday Jan 25, 2020

തൃശൂർ

പിതാവും രണ്ടു മക്കളും ഇന്ത്യൻപൗരന്മാർ. അമ്മയ്ക്കും രണ്ടു മക്കൾക്കും ഫിലിപ്പീൻസ് പൗരത്വം. ഒരേ വീട്ടിൽ  ഇന്ത്യക്കാർ 3, ഫിലിപ്പീൻസ് പൗരർ 3. 50:50 പൗരത്വം. 27 വർഷം ഇന്ത്യയിൽ ഒന്നിച്ചുതാമസിച്ചു. ഇപ്പോൾ പൗരത്വനിയമ  കുരുക്കുകൾ വടക്കൻവീടിനെ രണ്ടാക്കി വിഭജിച്ചിരിക്കയാണ്‌. ഭാര്യയെ ഫിലിപ്പീൻസിലേക്ക് തിരിച്ചയച്ചു. ഇന്ത്യയിലേക്ക് വരാനും വിലക്ക്. ഇതോടെ സ്റ്റെല്ല മാത്യൂസ് എന്ന അറുപത്തിനാലുകാരൻ മണലൂർ വെങ്കിടങ്ങ് മേച്ചേരിപ്പടി വടക്കൻവീട്ടിൽ തനിച്ചായി. ഇദ്ദേഹം കേന്ദ്രസർക്കാരിനോട് അപേക്ഷിക്കുന്നു. തന്റെ പാതിക്ക് ഇന്ത്യയിലേക്ക് വരാൻ അനുമതി തരണേ...
 സ്റ്റെല്ലയ്‌ക്ക്‌ ഫിലിപ്പീൻസിൽ ബിസിനസായിരുന്നു. 1988ൽ സ്കൂബഡൈവിങ് വിദഗ്‌ധ ലൊറേറ്റയെ വിവാഹം കഴിച്ചു. സെമീറയും സ്റ്റീഫനും പിറന്നു.  ഇവർക്കും  ഫിലിപ്പീൻസ് പൗരത്വം ലഭിച്ചു.  1991ൽ കേരളത്തിൽ തിരിച്ചെത്തി. വിദേശിയാണെങ്കിലും നിശ്ചിതവർഷം ഭർത്താവിനൊപ്പം താമസിക്കാവുന്ന റസിഡന്റ്‌സ് പെർമിറ്റ് പ്രകാരം ജീവിതം തുടങ്ങി. കേരളത്തിൽ പിറന്ന  സോളമനും സോഫിയക്കും  ഇന്ത്യൻ പൗരത്വമുണ്ട്.  കുടുംബത്തിന്‌ ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനായി അഡ്വക്കറ്റിനെ ചുമതലപ്പെടുത്തിയിരുന്നുവെങ്കിലും നടപടികൾ പൂർത്തീകരിച്ചില്ല. ഇതേത്തുടർന്ന്  ലൊറേറ്റ അധികദിവസം ഇന്ത്യയിൽ താമസിച്ചതിന് 88,000 രൂപ വിദേശകാര്യമന്ത്രാലയം പിഴ ചുമത്തി. 2018ൽ നാടുവിടാനും   ഉത്തരവായി. 
കഴിഞ്ഞ ജൂണിൽ ഫിലിപ്പീൻസിൽ മകൾ ഡോ. സെമീറയുടെ വിവാഹത്തിന്‌  സ്റ്റെല്ലയ്‌ക്ക്‌ വിസയെടുത്ത്  പങ്കെടുക്കേണ്ടി വന്നു.  സ്റ്റീഫൻ അവിടെ എൻജിനിയറിങ് വിദ്യാർഥിയാണ്. സോളമൻ ദുബായിലാണ്. സോഫിയ കുസാറ്റിൽ എംഎസ്‌സി വിദ്യാർഥിയാണ്.  കുടുംബത്തിന്‌ ഒത്തുചേരാൻ വിസ പുതുക്കിനൽകണമെന്ന് അപേക്ഷിച്ച് സ്റ്റെല്ല കേന്ദ്രവിദേശ സഹമന്ത്രി വി മുരളീധരന് നിവേദനം നൽകിയെങ്കിലും അനുമതി ലഭിച്ചിട്ടില്ല.    
സ്റ്റെല്ലയുടേത്‌  സാർവദേശീയകുടുംബമാണ്. പിതാവ്  മാത്യൂസ് ചാക്കോ ബ്രിട്ടീഷ് പട്ടാളക്കാരനായിരുന്നു. 
രണ്ടാംലോകമഹായുദ്ധം തീർന്നതോടെ  കുവൈത്ത് പൗരത്വം സ്വീകരിച്ചു. ഇറാഖിയായ ആൻറീത്തയെ വിവാഹം കഴിച്ചു. സ്റ്റെല്ല  ഊട്ടിയിലും കണ്ണൂരിലുമായി ബിഎസ്എസി പഠനം പൂർത്തിയാക്കി. കുവൈത്തിൽ റിഫൈനറിയിൽ ലാബ് കെമിസ്റ്റായി. പിന്നീടാണ് ഫിലിപ്പീൻസിലേക്ക് പോയി വ്യാപാരം തുടങ്ങിയത്. നാട്ടിൽ ഇംഗ്ലീഷ് ട്യൂഷനെടുത്താണ് ജീവിതം പുലർത്തിയിരുന്നത്.  സ്റ്റെല്ലയുടെ സഹോദരി അൻലൂസി കാനഡയിൽ ജോലിയിലാണ്‌. പാകിസ്ഥാനിയെ വിവാഹംകഴിച്ചു. സഹോദരൻ   സ്റ്റീവന്റെ മകൻ ഒമറിന് അമേരിക്കൻ പൗരത്വമുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top