21 February Friday

കുതിരാനിൽ ഒരു തുരങ്കം തുറക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020
തൃശൂർ
കുതിരാൻ മേഖലയിൽ പവർഗ്രിഡ് കോർപറേഷന്റെ 2000 മെഗാവാട്ട് വൈദ്യുതി പദ്ധതിയുടെ  ഭൂഗർഭ  കേബിളിടുന്നതിന്‌ തടസ്സമില്ലാതിരിക്കാൻ ഒരു തുരങ്കം തുറക്കും. പാലക്കാട്ടുനിന്നുള്ള വാഹനങ്ങളാണ്‌ തുരങ്കംവഴി കടത്തിവിടുക. 28, 29 തീയതികളിലാണ്‌  ഗതാഗത നിയന്ത്രണം. പാലക്കാട്ട്‌നിന്ന് തൃശൂർ, എറണാകുളം ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെടില്ല.  എറണാകുളം, തൃശൂർ ഭാഗത്തുനിന്ന് കുതിരാൻ വഴി ഭാരവാഹനങ്ങളുടെ ഗതാഗതം രാവിലെ അഞ്ച് മുതൽ വൈകിട്ട് അഞ്ച്  വരെ നിയന്ത്രിക്കും. പാലക്കാട് നിന്നുള്ള ചെറിയ ചരക്കുവാഹനങ്ങളും മറ്റ് ഭാരവാഹനങ്ങളും മാത്രം ഒരു വശത്തേക്ക് കടന്നുപോവുന്നതിന് കുതിരാൻ തുരങ്കം ഉപയോഗിക്കാൻ സർക്കാരിന്റെ അനുമതി ലഭിച്ചു.  
തുരങ്കത്തിൽ വെളിച്ചം, ശുദ്ധവായു എന്നിവ ലഭ്യമാക്കുന്നതിനും അശുദ്ധവായു പുറത്തുകളയുന്നതിനുമുള്ള ബ്ലോവർ, അഗ്നിശമന സംവിധാനം എന്നിവ ഏർപ്പെടുത്തും. ഇതിനായി നിർമാണ ക്കമ്പനിയുടെ വിദഗ്ധർ ശനിയാഴ്ച ജില്ലയിലെത്തും. തിങ്കളാഴ്ചയോടെ ബ്ലോവറും വെളിച്ചവും പൂർത്തീകരിക്കും. അഗ്നിശമന സേനയുടെ വാഹനങ്ങൾ ഇരുവശത്തും സജ്ജമാക്കും. പൊലീസ് പട്രോളിങ്‌ ഉണ്ടാവും. തുരങ്കത്തിൽ വണ്ടി നിർത്താനോ ഓവർ ടേക്കിങ്ങോ അനുവദിക്കില്ല. ഗതാഗത നിയന്ത്രണത്തിന് 350 ഓളം പൊലീസ് ഉദ്യോഗസ്ഥരേയും 250ഓളം മറ്റ് ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി. എറണാകുളം ഭാഗത്തുനിന്ന് കുതിരാൻ വഴി പാലക്കാട് ഭാഗത്തേക്ക് പോവുന്ന ചെറുവാഹനങ്ങളുടെ ഗതാഗതം ചേലക്കര–-പഴയന്നൂർ–- ആലത്തൂർ വഴി തിരിച്ചുവിടും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top