തൃശൂർ
എസ്‌എഫ്‌ഐ 47–-ാം ജില്ലാ സമ്മേളനത്തിന് ചെത്ത്–- ചകിരി ത്തൊഴിലാളി പ്രക്ഷോഭംകൊണ്ട് ചുവന്ന മണലൂർ ഒരുങ്ങി. 25, 26 തീയതികളിൽ വിപുലമായ പരിപാടികളോടെ സമ്മേളനം നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യാഴം രാവിലെ ഒമ്പതിന് രക്തസാക്ഷി ഫാസിൽ നഗറിൽ (വെങ്കിടങ്ങ് നന്ദനം ഓഡിറ്റോറിയം) ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപി ഉദ്‌ഘാടനം ചെയ്യും.
എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ എന്നിവർ സംസാരിക്കും. ജില്ലാ സമ്മേളനത്തിന് ഉയർത്താനുള്ള പതാക തൈക്കാട് ഫാസിൽ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് വാഹനജാഥയായി സമ്മേളന നഗരിയിലെത്തിക്കും. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ യു സരിത ജാഥാ ക്യാപ്‌റ്റനാകും. സമ്മേളനത്തിന്റെ പ്രചാരണാർഥം 15 ഏരിയ കേന്ദ്രങ്ങളിലും വിവിധ കല–- കായിക സാംസ്‌കാരിക പരിപാടികൾ നടക്കുകയാണ്.
ഏരിയകളിൽ വർഗീയവിരുദ്ധ റാലികളും മണലൂരിൽ വിളംബരജാഥയും നടത്തും. വിവിധ ഏരിയകളിൽനിന്ന് തെരഞ്ഞെടുത്ത 350 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
ജില്ലയിലെ 27 കോളേജ് യൂണിയനുകളിൽ 25ലും ആറ് പോളിടെക്‌നിക് കോളേജ്, ഏഴ് ഐടിഐ യൂണിയനുകളിലും എസ്‌എഫ്‌ഐ സമ്പൂർണ വിജയം നേടിയാണ് ഇക്കുറി സമ്മേളനം നടക്കുന്നത്.
സമ്മേളന നടത്തിപ്പിന് സി കെ വിജയൻ ചെയർമാനും ഹസൻ മുബാറക്ക് കൺവീനറും ടി വി ഹരിദാസൻ ട്രഷററുമായുള്ള സംഘാടക സമിതി പ്രവർത്തിക്കുന്നു. വാർത്താസമ്മേളനത്തിൽ സി കെ വിജയൻ, എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജിഷ്‌ണു സത്യൻ, സെക്രട്ടറി ഹസൻ മുബാറക്ക്, കെ യു സരിത എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..