11 April Sunday
ആദ്യഘട്ടം ലഭിച്ചത്‌ 40,000 അപേക്ഷ

വീടുകൾ ഇനി
പവർഹൗസുകൾ

സ്വന്തം ലേഖകൻUpdated: Wednesday Feb 24, 2021

അയ്യന്തോളിൽ റിട്ട. ജഡ്ജി വി കെ രാജന്റെ വീട്ടിൽ സ്ഥാപിച്ച സൗരോർജ പാനൽ

തൃശൂർ
അയ്യന്തോളിലുള്ള റിട്ട. ജഡ്ജി വി കെ രാജന്റെ വീട്‌ ഇനി പവർഹൗസാണ്‌.  പുരപ്പുറത്തുനിന്നും സൗരോർജം പ്രവഹിക്കും. മുന്നു കിലോവാട്ട് സ്ഥാപിതശേഷിയുള്ള പ്ലാന്റിൽ പ്രതിദിനം 12 യൂണിറ്റ് വൈദ്യുതിയാണ്‌  ഉൽ‌പ്പാദനം. ആവശ്യത്തിന് ശേഷമുള്ള വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നൽകും. സംസ്ഥാന സർക്കാരും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും ചേർന്ന് നടപ്പാക്കുന്ന ‘സൗര പുരപ്പുറ സൗരോർജ പദ്ധതി’ വീടുകളെ പവർഹൗസുകളാക്കുകയാണ്‌. 
കോൺക്രീറ്റ് വീടിന്റെ മുകളിൽ സോളാർ പാനൽ ഘടിപ്പിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതികൾക്കാണ് കെഎസ്ഇബി രൂപം നൽകിയിട്ടുള്ളത്. തൃശൂർ, ഇരിങ്ങാലക്കുട സർക്കിളിൽ നിന്നായി ആദ്യഘട്ടം 40,000 അപേക്ഷകളാണ് ലഭിച്ചത്. രാവിലെ എട്ടുമുതൽ വൈകിട്ട് നാലുവരെ യഥേഷ്ടം സൂര്യപ്രകാശം ലഭിക്കുന്ന വീടുകളാണ്‌ തെരഞ്ഞെടുത്തത്‌.  
സബ്‌സിഡിയോട്‌ കൂടിയുള്ള പദ്ധതിയിൽ കെഎസ്‌ഇബിയും ഉപഭോക്താവും സംയുക്തമായാണ്‌ സൗരനിലയം സ്ഥാപിക്കുന്നത്‌. വീട്ടുകണക്ഷനുകളിൽ മാസം 120 യൂണിറ്റ്‌ ഉപഭോഗമുള്ളവർ സൗരനിലയം സ്ഥാപിക്കുന്ന ചെലവിന്റെ 12 ശതമാനം വഹിക്കണം. ബാക്കി കെഎസ്‌ഇബി വഹിക്കും. ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ 25 ശതമാനം ഉപഭോക്താവിന്‌ ലഭിക്കും. 150 യൂണിറ്റ് ഉപയോഗിക്കുന്നവർ 20 ശതമാനം ചെലവ്‌ വഹിക്കണം. വൈദ്യുതിയുടെ 40 ശതമാനം ഉപഭോക്താവിന്‌ ലഭിക്കും. 200 യൂണിറ്റ് ഉപയോഗിക്കുന്നവർ 25 ശതമാനം ചെലവ്‌ വഹിക്കണം. വൈദ്യുതിയുടെ 50 ശതമാനം ഉപഭോക്താവിന്‌. ഉടമകൾക്ക്‌ സ്വന്തം ചെലവിൽ പാനൽ സ്ഥാപിക്കാനുള്ള പദ്ധതിയുമുണ്ട്‌. ഇതിന്‌ 40 ശതമാനം സബ്‌സിഡി ലഭിക്കും. അഞ്ച്‌ വർഷത്തേക്ക്‌ പാനൽ കെഎസ്‌ഇബി പരിപാലിക്കും. കെഎസ്‌ഇബി തെരഞ്ഞെടുത്ത കമ്പനികളിൽനിന്ന്‌ താൽപ്പര്യമുള്ളവയുടെ സോളാർ പാനൽ സ്ഥാപിക്കാം. കിലോവാട്ടിന്‌ 43,000 രൂപയാണ്‌ ചെലവ്‌.    
ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്.  wss.kseb.in  വെബ്സൈറ്റ് വഴിയോ, കെഎസ്ഇബി സെക്ഷൻ ഓഫീസുകളിലോ രജിസ്റ്റർ ചെയ്യാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top