15 October Tuesday

തലയെടുപ്പോടെ ദേശമംഗലം കുടുംബാരോഗ്യകേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019
സിജി ഗോവിന്ദ്‌
ദേശമംഗലം
രാജ്യത്തെ മികച്ച കുടുംബാരോഗ്യകേന്ദ്രത്തിന്റെ മികവിലേക്കുയർന്ന് ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രം. നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎ എസ് ) അംഗീകാരമാണ് ലഭിച്ചത്. 
പുതുതായി അംഗീകാരം ലഭിച്ച ആശുപത്രികളുടെ ​ഗണത്തിൽ ദേശീയതലത്തിൽ ഏഴാം സ്ഥാനത്തോടെ 94.3 സ്‌കോർ നേടിയാണ് നേട്ടം.  
രോഗികൾക്കുള്ള സേവനങ്ങൾ, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കൽ സേവനങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ, മാതൃ-ശിശു ആരോഗ്യം, ജീവിതശൈലീ രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവയ്‌പ്പ് തുടങ്ങി എട്ട്‌ വിഭാഗങ്ങൾ അടിസ്ഥാനമാക്കിയാണ് അംഗീകാരമെന്ന്‌  മെഡിക്കൽ ഓഫീസർ ഇൻ ചാർജ്‌ ഡോ. വി അംബു പറഞ്ഞു.  
എൽഡിഎഫ് സർക്കാർ അധികാരമേറ്റതിനുശേഷമാണ് കമ്യൂണിറ്റി ഹെൽത്ത് സെന്ററായിരുന്ന ഈ ആതുരാലയത്തെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മികവിലേക്കെത്തിച്ചത്. 
ആർദ്രം പദ്ധതിയിലെ 14 ലക്ഷവും  എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും 15 ലക്ഷവും ഉപയോഗിച്ചാണ് നവീകരണ പ്രവൃത്തികൾ പൂർത്തിയായത്.  
കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയശേഷം ഇവിടെ ഈവനിങ്‌ ഒപി തുടങ്ങി. പ്രതിദിനം ഇവിടെ 350നും 400നും ഇടയ്ക്ക് രോഗികളെത്തുന്നു. 
കിടത്തിച്ചികിത്സയില്ലെങ്കിലും നിരീക്ഷണ ചികിത്സയ്ക്ക് ആറ്‌ ബെഡുകളുണ്ട്.  
ഇ ഹെൽത്ത് പ്രോഗ്രാം വൈകാതെ തന്നെ നടപ്പാക്കുമെന്ന് യു ആർ പ്രദീപ് എംഎൽഎ പറഞ്ഞു.  നാല്‌ ഡോക്ടർമാരുൾപ്പെടെ 25 ജീവനക്കാരാണിവിടെയുള്ളത്.
പ്രധാന വാർത്തകൾ
 Top