30 May Saturday
10 ദിവസമായി

ജില്ലയിൽ കോവിഡ് സ്ഥിരീകരണമില്ല

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
തൃശൂർ
രാജ്യമാകെ കോവിഡ് 19 വ്യാപനം നടക്കുമ്പോൾ തൃശൂരിന്‌ തെല്ലാശ്വാസം. പത്തു ദിവസമായി ജില്ലയിൽ ആർക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 8,792 ആയി. വീടുകളിൽ 8,752 പേരും ആശുപത്രികളിൽ 40 പേരുമാണുള്ളത്‌. ഞായറാഴ്ച അഞ്ചുപേരെ ആശുപത്രിയിൽനിന്ന് വിട്ടയച്ചപ്പോൾ, 19 പേരെ പുതുതായി പ്രവേശിപ്പിച്ചു. 
32 സാമ്പിൾകൂടി ഞായറാഴ്ച പരിശോധനയ്ക്കയച്ചു. ലഭിച്ച 40 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച 419 സാമ്പിളുകളിൽ 394 എണ്ണത്തിന്റെയും ഫലം ലഭിച്ചു. 25 പേരുടെ ഫലമാണ് ലഭിക്കാനുള്ളത്. ജില്ലാ കൺട്രോൾ സെല്ലിലേക്ക് കോളുകൾ വ്യാപകമായി വരുന്നുണ്ട്. 
നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങി നടക്കുന്നതായുള്ള വിവരങ്ങളാണ് ഏറെയും. പരിശീലനം ലഭിച്ച സൈക്കോ–-സോഷ്യൽ കൗൺസിലർമാർ വഴിയുള്ള കൗൺസലിങ് തുടരുകയാണ്. നിരീക്ഷണത്തിൽ കഴിയുന്നവരെ രോഗബാധിതരായി ചിത്രീകരിക്കുന്നതായി ചിലർ പരാതി ഉന്നയിച്ചു. നിരീക്ഷണത്തിൽ കഴിയുന്നവരെയും കുടുംബത്തെയും ഒറ്റപ്പെടുത്താനുള്ള പ്രവണതയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 
വിദേശത്തുനിന്നും വരുന്നവർ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ കൺട്രോൾ റൂമിലോ വിവരം അറിയിക്കണം. നേരിട്ട് പോകരുത്. 
വളണ്ടിയർമാരുടെ സഹായത്തോടെ പ്രധാന ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങൾ അണുവിമുക്തമാക്കി. അടിയന്തര സാഹചര്യം നേരിടുന്നതിന് താമസ സൗകര്യമുൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
പ്രധാന വാർത്തകൾ
 Top