തൃശൂര്‍
സേഫ് ആന്‍ഡ് സ്‌ട്രോങ് തട്ടിപ്പ് കേസിൽ മുഖ്യപ്രതി പ്രവീൺ റാണയുടെ രണ്ട് ബൈക്കുകൾ കസ്‌റ്റഡിയിലെടുത്തു. 2011 രജിസ്ട്രേഷനിലുള്ള ഒരു ലക്ഷം വീതം വിലയുള്ള ബൈക്കുകളാണിവ.നേരത്തേ ഇയാളുടെ ഏഴ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തിരുന്നു. ഇതാകട്ടെ ഇയാൾ വാടകയ്ക്കെടുത്തതാണ്. വെവ്വേറെ ഉടമകളുടെ പേരിലുള്ളതായിരുന്നു വാഹനങ്ങൾ. പൊലീസ് ചോദ്യം ചെയ്യലിൽ പരസ്‌പര വിരുദ്ധമായ മൊഴികളാണ് പ്രവീൺ റാണ പറയുന്നത്. വിവിധ നിക്ഷേപങ്ങളിലിറക്കിയെന്ന് അവകാശപ്പെട്ട തുകകൾ സംബന്ധിച്ചും ഇതിന്റെ രേഖകളും കബളിപ്പിക്കുന്നതാണെന്നാണ് പൊലീസ് കണ്ടെത്തൽ. പബ് തുടങ്ങാനായി 16 കോടി നിക്ഷേപിച്ചുവെന്നാണ് പ്രവീൺ പറയുന്നത്. എന്നാൽ വിനിയോഗിച്ചത് അഞ്ച് കോടിയാണെന്നാണ് സൂചന. കണ്ണൂരിൽ 22 ഏക്കർ വാങ്ങിയെന്നത് പരിശോധനയിൽ രണ്ടരയേക്കർ മാത്രമാണുള്ളത്.ചോദ്യം ചെയ്യലിനുശേഷമാകും ഇയാളെ സ്ഥാപനങ്ങളിലെത്തിച്ച് തെളിവെടുക്കുന്നത്. 19നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ കിട്ടിയത്. 130 കോടിയിലധികം രേഖാമൂലം സേഫ് ആൻഡ് സ്ട്രോങ്ങിന്റെ 33 അക്കൗണ്ടുകളിലായി ലഭിച്ചതായി തെളിവുണ്ട്. എന്നാൽ ചെലവഴിച്ചത് ഏത് വഴിക്കാണെന്ന് കണ്ടെത്താനായിട്ടില്ല. തൃശൂർ, ഈസ്റ്റ്, വെസ്റ്റ്, വിയ്യൂർ, പീച്ചി, ചേർപ്പ്, കുന്നംകുളം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലും കണ്ണൂർ, പാലക്കാട് ജില്ലകളിലും പ്രവീൺ റാണക്കെതിരെ പരാതിയുണ്ട്. ഇതിനകം 80 പരാതികളിൽ നടപടി തുടങ്ങി. നൂറ് കോടി കടന്ന നിക്ഷേപത്തട്ടിപ്പായതിനാൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. ഇത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ പൊലീസ് ആസ്ഥാനത്ത്നിന്നും ഡിജിപിക്ക് കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..