23 October Friday

വരന്തരപ്പിള്ളിയിൽ ചുഴലിക്കാറ്റ്‌, വൻനാശം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020

പാലപ്പിള്ളി മേഖലയിൽ കാറ്റിൽ തകർന്നുവീണ വൈദ്യുതിക്കാൽ

  പുതുക്കാട് > വരന്തരപ്പിള്ളിയിൽ ആഞ്ഞുവീശിയ ചുഴലിക്കാറ്റിലും  കനത്ത മഴയിലും  വ്യാപക നാശ നഷ്ടം. നിരവധി വീടുകൾക്ക് കേടുപറ്റി.  വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞുവീണ് മേഖലയിൽ വൈദ്യുതി നിലച്ചു. കാർഷിക വിളകൾ വ്യാപകമായി നശിച്ചു. 

തിങ്കളാഴ്‌ച പുലർച്ചെയുണ്ടായ കാറ്റിൽ കാരികുളം, കന്നാറ്റുപാടം,  വെട്ടിങ്ങപ്പാടം,  വടാന്തോൾ എന്നിവിടങ്ങളിലാണ്  വൻനാശം വിതച്ചത്.  പാലപ്പിള്ളി കന്നാറ്റുപാടത്ത് വടക്കേതിൽ ബഷീറിന്റെ ടെറസ് വീടിനു മുകളിൽ പ്ലാവ് കട പുഴകി വീണു. പറമ്പൻ മൊഹമ്മദിന്റെ വീട്ടിലെ മീൻ വളർത്തുന്ന ചെറിയ കുളം മരം വീണ് തകർന്നു.  വീടിനു മുകളിലും മരം വീണു.  
 
അരക്കൻതൊടി ഉമ്മറിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി. എടത്താടൻ സജിയുടെ 50 വർഷം പഴക്കമുള്ള 20 ജാതി മരങ്ങളും,  എടത്താടൻ മാധവന്റെ 50 റബർ മരങ്ങളും,  പുളിക്കൽ ഭാസ്കരന്റെ 35 ജാതിമരങ്ങളും,  എടത്താടൻ ബാബുവിന്റെ ആറു ജാതി മരങ്ങളും പത്ത്‌ റബർ മരങ്ങളും  കട പുഴകി. കൽക്കുഴിയിൽ നൂറിലേറെ മാഞ്ചിയം മരങ്ങൾ മറിഞ്ഞു വീണു. തേക്ക് കാട്ടിൽ ഏതാനും തേക്ക് മരങ്ങളും വൈദ്യുത കാലുകളും കട മറിഞ്ഞിട്ടുണ്ട്.  എച്ച്എം എൽ മുപ്ലി എസ്റ്റേറ്റ് ക്വാർട്ടേഴ്സിന് മുകളിൽ മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. 
 
 കോടാലി അന്നാംപാടത്ത് കാഞ്ഞിരപ്പറമ്പിൽ ഉണ്ണിച്ചെക്കന്റെ  ഓട് വീടിന്‌ മുകളിൽ മുറ്റത്തെ തെങ്ങ്‌ കട പുഴകി വീണ് വീടിന്റെ മേൽക്കൂര നശിച്ചു. വീടിനും  കേടുപാടു സംഭവിച്ചു.കാരികുളം, വെട്ടിങ്ങപ്പാടം ഭാഗത്ത് ജാതി, തെങ്ങ്, കവുങ്ങ്, കൊക്കോ, വാഴ, റബർ തുടങ്ങിയവ കടപുഴകിവീണു. വിളകൾ നശിച്ചതോടെ കർഷകർക്ക് ഏറെ നഷ്ടമാണ് സംഭവിച്ചത്. തേക്ക്, മഹാഗണി മരങ്ങളും കാറ്റിൽ മറിഞ്ഞുവീണു.മരങ്ങൾ വീണ് ചെറു റോഡുകളിൽ ഗതാഗത തടസ്സം നേരിട്ടു.   പള്ളിക്കുന്ന് വടാന്തോളിലും മരങ്ങൾ വീണ് നാശം സംഭവിച്ചു. വൈദ്യുതി പോസ്റ്റുകൾ തകർന്നു. ചില വീടുകൾക്കും കേടുപറ്റി.  ജനപ്രതിനിധികളും നാട്ടുകാരുംചേർന്നാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top