22 October Thursday

പലരും മടിച്ചപ്പോൾ തുണയായത് ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020

മൃതദേഹം സംസ്‌കരിച്ച ഡിവൈഎഫ്ഐ പ്രവർത്തകർ ചാലക്കുടി മുനിസിപ്പൽ ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ, സിപിഐ എം കൊരട്ടി ലോക്കൽ സെക്രട്ടറി എം ജെ ബെന്നി എന്നിവരോടൊപ്പം

 

ചാലക്കുടി
ഒരു മകന്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനാൽ നിരീക്ഷണത്തിൽ കഴിയേണ്ടിവന്ന അച്ഛൻ മരിച്ചപ്പോൾ  മൃതദേഹം ആശുപത്രിയിലെത്തിക്കാൻപോലും  ആളില്ലാതെ കുഴങ്ങി കോൺഗ്രസ്‌ നേതാവിന്റെ കുടുംബം. കോൺഗ്രസിന്റെ  മുൻവാർഡ് മെമ്പറായ   നായത്തോടൻ ജോയിയുടെ കുടുംബത്തിനാണ്‌ ഈ ദുരവസ്ഥയുണ്ടായത്‌. ജോയിയുടെ അച്ഛൻ വറീത് (83) വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ‌ ഞായറാഴ്‌ച രാത്രിയാണ്‌ മരിച്ചത്‌‌. എന്നാൽ,  മൃതദേഹം മുറിയിൽനിന്ന് മാറ്റാൻപോലും ഭയംമൂലം ആരും മുന്നോട്ട് വന്നില്ല. ഞായറാഴ്ച രാത്രിയായതിനാൽ ആരോഗ്യ പ്രവർത്തകരും കുറവായിരുന്നു. 
വീട്ടുകാരാകട്ടെ ക്വാറന്റൈനിലുമായിരുന്നു. കോൺഗ്രസിന്  സ്വാധീനമുള്ള പ്രദേശമാണിത്. കോൺഗ്രസിന്റെ വാർഡ് മെമ്പർ അടക്കം പല നേതാക്കളെയും വിവരമറിയിച്ചിട്ടും ആരും മുന്നോട്ട് വന്നില്ല. തുടർന്നാണ് സിപിഐ എം ലോക്കൽ കമ്മിറ്റിയംഗം അനിൽ സെബാസ്റ്റ്യനെ വീട്ടുകാർ വിവരമറിയിച്ചത്‌.  ഉടൻ ഡിവൈഎഫ്ഐ കോടശേരി വില്ലേജ് സെക്രട്ടറി വി ജെ വില്യംസിന്റെ നേതൃത്വത്തിൽ പ്രവർത്തകർ രംഗത്തെത്തി. ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ, പിപിഇ കിറ്റ് ധരിച്ച് വില്യംസ്, ഋത്വിക്‌ സോമൻ, ജെസ്റ്റോ, ജിതിൻ എന്നിവർ  മുറിയിൽ കയറി മൃതദേഹം ആംബുലൻസിൽ കയറ്റി ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ നെഗറ്റീവാണെന്നു തെളിഞ്ഞു. സംസ്കാരം പിന്നീട്. ഭാര്യ: - റോസി. മക്കൾ - ഡേവിസ്, റോസിലി, ജോയ്, പോളി, ബൈജു. മരുമക്കൾ: - ഷാജി, ജോസ്, ആൻസി, റോസ്മി ബിന്ദു.
ചാലക്കുടി
കോവിഡ് ബാധിച്ച് മരിച്ചയാളുടെ  മൃതദേഹം സംസ്‌കരിക്കാൻ ഭീതി കാരണം പലരും പിൻവാങ്ങിയപ്പോൾ   ജാഗ്രത കൈവിടാതെ മുന്നോട്ടുവന്നത്‌  കൊരട്ടിയിലെ ഡിവൈഎഫ്ഐ പ്രവർത്തകർ. കൊരട്ടി സ്വദേശി ചേകുളത്ത് മനോജി(45)ന്റെ  മൃതദേഹമാണ്  ഡിവൈഎഫ്ഐ പ്രവർത്തകരെത്തി സംസ്‌കരിച്ചത്‌. അവിവാഹിതനാണ്‌.  ചാലക്കുടി മുനിസിപ്പൽ ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ,  സിപിഐ എം  കൊരട്ടി ലോക്കൽ സെക്രട്ടറി എം ജെ ബെന്നി എന്നിവരുടെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ ലിജോ ജോസ്, സഞ്ജുലാൽ അപ്പു, മണികണ്ഠൻ, പ്രമോദ് എന്നിവർ ചേർന്ന് പിപിഇ കിറ്റ്‌ ധരിച്ച് ചാലക്കുടി നഗരസഭാ ക്രിമറ്റോറിയത്തിലാണ്‌ സംസ്‌കരിച്ചത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top