11 July Saturday
ശുചീകരണപ്രവർത്തനങ്ങൾക്ക് തുടക്കമായി

രക്ഷാപ്രവർത്തനം: ആദ്യഘട്ടം പൂർത്തീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018
 
തൃശൂർ
പ്രളയത്തെത്തുടർന്ന് ഒരാഴ്ചയായി ജില്ലയിലാകെ തുടർന്നിരുന്ന രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടം പൂർത്തീകരിച്ചു. ചാലക്കുടി, വടക്കാഞ്ചേരി, മാള, ചേർപ്പ്, ആറാട്ടുപുഴ, കരുവന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ സേന, തീരദേശ മത്സ്യത്തൊഴിലാളി വിദഗ്ധർ, ഫയർഫോഴ്‌സ്, പൊലീസ്, ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിൽ രാപ്പകൽ നടത്തിയ രക്ഷാപ്രവർത്തനങ്ങളാണ് വിജയകരമായി പൂർത്തീകരിച്ച് രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നത്. രണ്ടാം ഘട്ടത്തിൽ ശുചീകരണപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുക. 
പകർച്ചവ്യാധികളും മറ്റു അസുഖങ്ങളും പിടിപെടാതിരിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ചാലക്കുടിയിൽത്തന്നെ സേനയുടെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനം സംഘടിപ്പിച്ച് തുടക്കം കുറിച്ചത്. ബുധനാഴ്ച മാള ഏരിയയിലെ പ്രളയബാധിത പ്രദേശങ്ങളിൽ സേനയുടെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനം നടത്തും. 
നഗരപ്രദേശത്തിന്റെ ചുറ്റുമായി വെള്ളം കയറി. കരുവന്നുർപ്പുഴയും ഏനാമാവ് ബണ്ടും കവിഞ്ഞ് വെള്ളം വഞ്ചിക്കുളംവഴി പൂത്തോൾ സ്‌റ്റേറ്റ് ഹോട്ടൽ പരിസരംവരെയെത്തി. ആളപായമൊന്നുംതന്നെ ഉണ്ടായില്ല. നഗരത്തിനുചുറ്റുമുള്ള സ്‌കൂളുകളിലും കേരളവർമ കോളേജിലും ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. ദുരിതബാധിതർക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കി നൽകി. ചൊവ്വാഴ്ച വൈകിട്ടോടെ ക്യാമ്പുകളിൽ കഴിയുന്നവരിൽ അധികംപേരും വീടുകളിലേക്ക് മടങ്ങി. 
ചാലക്കുടി കരകയറുന്നു
പ്രളയത്തെത്തുടർന്ന് ഏറ്റവും കൂടുതൽപേർ വീടുകളുടെ മുകളിലും മറ്റുമായി കുരുക്കിലായ ചാലക്കുടിയിലും പരിസരപ്രദേശങ്ങളിലുമാണ് ചിട്ടയായ പ്രവർത്തനങ്ങളിലൂടെ രക്ഷാപ്രവർത്തനം നടത്തി വിജയത്തിലെത്തിച്ചത്. കറുകുറ്റി, കാടുകുറ്റി, പരിയാരം, കോടശേരി, അതിരപ്പിള്ളി തുടങ്ങിയ പഞ്ചായത്തുകളിൽ ആയിരക്കണക്കിനുപേർ പുഴവെള്ളം കയറിയതിനെത്തുടർന്ന‌് വീടുകളുടെ മേൽക്കൂരയിലാണ‌് അഭയം തേടിയിരുന്നത്. ആദ്യഘട്ടത്തിൽ ഇവർക്ക് മുഴുവൻ സംവിധാനങ്ങളും ഉപയോഗിച്ച് ഭക്ഷണവും കുപ്പിവെള്ളവും എത്തിച്ചു നൽകി. തുടർന്ന് അഞ്ച് ഹെലികോപ‌്റ്റർവഴി എയർ ലിഫ്റ്റിങ്ങിലൂടെയും ബോട്ട്, വള്ളം, ചെറുവഞ്ചികൾ തുടങ്ങിയവയുടെ സഹായത്തോടെയും മുഴുവനാളുകളേയും രക്ഷാകേന്ദ്രങ്ങളിലെത്തിച്ചു. രക്ഷാപ്രവർത്തനത്തിനൊപ്പം, വെള്ളത്തിന്റെ നീരൊഴുക്ക് കുറഞ്ഞ് നഗരപ്രദേശങ്ങളിലെ വെള്ളവും ഒഴിഞ്ഞതോടെ, ചാലക്കുടി ദുരിതക്കയങ്ങളിൽനിന്ന് കരകയറുകയായിരുന്നു. 
മാള: രണ്ടാം ഘട്ടം ബുധനാഴ്ച
പേമാരിയും പുഴവെള്ളവും നാശംവിതച്ച മാള ഏരിയയിൽ ആശ്വാസത്തിന്റെ കിരണങ്ങൾ ഉയരുന്നു. കുരുങ്ങിക്കിടന്നവരെ മുഴുവൻ സേനയുടെയും നാട്ടുകാരുടെയും സഹായത്തോടെ  രക്ഷപ്പെടുത്തി. മാള കെഎസ്ആർടിസി ബസ്‌സ്റ്റാൻഡ്, പ്രൈവറ്റ് ബസ്‌സ്റ്റാൻഡ്, സബ് ട്രഷറി, ഫയർ ആൻഡ് റെസ്‌ക്യൂ സ്‌റ്റേഷൻ എന്നിവിടങ്ങളെല്ലാം വെള്ളം മുങ്ങിക്കിടക്കുകയായിരുന്നു. വയലേലകൾ, സ്വകാര്യ സർക്കാർ സ്ഥാപനങ്ങൾ, കച്ചവടസ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലും വെള്ളംകയറി. നിരവധി രേഖകൾ നഷ്ടപ്പെട്ടു. കംപ്യൂട്ടർ സ്ഥാപനങ്ങൾ വെള്ളം കയറി നശിച്ചു. രാജീവ്ഗാന്ധി സ്‌ക്വയറിന്റെ മതിൽ ഇടിഞ്ഞു. വെള്ളം ഇറങ്ങിയതോടെയാണ‌് ഇവിടങ്ങളിലെ നാശനഷ്ടങ്ങളുടെ കണക്കുകൾ വ്യക്തമായത്. രണ്ടാം ഘട്ടമെന്ന നിലയിൽ ബുധനാഴ്ച മാളയിൽ ശുചീകരണപ്രവർത്തനം ആരംഭിക്കും. 
ചേർപ്പിൽ നിരവധി വീടുകൾ വെള്ളക്കെട്ടിൽ
കരുവന്നൂർപ്പൂഴ കവിഞ്ഞൊഴുകിയതോടെ, കോൾനിലങ്ങളാൽ ചുറ്റപ്പെട്ട പുള്ള്, ചേനം പ്രദേശങ്ങൾ ഒറ്റപ്പെട്ടു. ആറാട്ടുപുഴ, കരുവന്നൂർ, എട്ടുമുന, മുളങ്ങ്, താന്ന്യം, ചാഴൂർ തുടങ്ങിയ ഇടങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ടു. നിരവധി വീടുകൾ തകർന്നു. ആറാട്ടുപുഴ, ഇല്ലിക്കൽ ബണ്ടുകൾ തകർത്തെങ്കിലും, ആറാണ്ടുപുഴ ബണ്ട് ഒരുദിവസത്തിനകം പുനർനിർമിച്ചത് പ്രദേശത്തെ വെള്ള പ്രളയത്തിൽനിന്ന് വീണ്ടെടുക്കാനായി. ചേർപ്പ് മേഖലയിൽ വർഷക്കാലത്ത് വെള്ളക്കെട്ട് പതിവാണെങ്കിലും, ചരിത്രത്തിൽ ഏറ്റവും വലിയ ജലപ്രളയമാണ് ഇവിടെ സംഭവിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെ വെള്ളം വീടുകളുടെ അകത്തളങ്ങളിൽനിന്ന് ഒഴിയുന്നുണ്ടെങ്കിലും, നിരവധി വീടുകൾ ഇപ്പോഴും വെള്ളക്കെട്ടിലാണ്. 
വടക്കാഞ്ചേരി: വിങ്ങലൊടുങ്ങുന്നില്ല
ഡാമുകൾ നിറഞ്ഞുകവിഞ്ഞ് വെള്ളം പാഞ്ഞെത്തി നാശം വിതച്ചത് ചാലക്കുടി, മാള, ചേർപ്പ് പ്രദേശങ്ങളിലാണെങ്കിലും ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് വടക്കാഞ്ചേരി മേഖലയിലെ കുറാഞ്ചേരിയിലുണ്ടായ ഉരുൾപൊട്ടലിലാണ്. ഇവിടെ 19പേർ മണ്ണിനടിയിൽപ്പെട്ട് മരിച്ചു. ദേശമംഗലത്തും ഉരുൾപൊട്ടലിൽ നാലുപേർ മരിച്ചു. ഈ പ്രദേശങ്ങളിൽ ഉള്ളവരെ നേരത്തേ ഇവിടങ്ങളിൽനിന് മാറ്റിയിരുന്നെങ്കിലും, രേഖകളും മറ്റും എടുക്കാൻ വീണ്ടും വീടുകളിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി സമീപപ്രദേശങ്ങളിലെ വീടുകളിൽനിന്ന് എല്ലാവരേയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. പിന്നീടും, തുടർ മണ്ണിടിച്ചിലുകൾ പ്രദേശങ്ങളിൽ സംഭവിച്ചെങ്കിലും ആർക്കും കാര്യമായ പരിക്കുണ്ടായില്ല.  
ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
പ്രളയക്കെടുതിയിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ച ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വീടുകൾ കേന്ദ്രീകരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി കലക്ടർ ടി വി അനുപമ പറഞ്ഞു. 
ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള ക്ലോറിൻ വിതരണത്തിനായി കലക്ടറേറ്റിനടുത്തുള്ള കോസ്റ്റ്‌ഫോർഡിൽ പ്രത്യേക സംവിധാനം ഒരുക്കി. ഇവയുടെ വിതരണം ബുധനാഴ്ചമുതൽ   കാര്യക്ഷമമാക്കും. പഞ്ചായത്തുതലത്തിൽ വാർഡുതല കമ്മിറ്റികൾ രൂപീകരിച്ചാണ് സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
ദുരിതാശ്വാസ ക്യാമ്പുകൾ
വെള്ളക്കെട്ടൊഴിഞ്ഞ പ്രദേശങ്ങളിലെ വീടുകളിലേക്ക് ആളുകൾ മടങ്ങിയതോടെ താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 752 ആയി കുറഞ്ഞു. 52468 കുടുംബങ്ങളും 257195 അംഗങ്ങളുമാണ് ഇപ്പോൾ ക്യാമ്പുകളിലുള്ളത്. ചാലക്കുടിയിൽ നിലവിലെ 196 ക്യാമ്പുകളിലായി 11,088 കുടുംബങ്ങളും 88,664 അംഗങ്ങളുമാണ് കഴിയുന്നത്. മറ്റിടങ്ങളിലെ ക്യാമ്പുകളിൽനിന്നാണ് ആളുകൾ വീടുകളിലേക്ക് മടങ്ങിയത്. ക്യാമ്പുകളിൽ പൊലീസിന്റെ മുഴുവൻ സമയസേവനവും ഉണ്ട്. രക്ഷാപ്രവർത്തനത്തിനായി കുട്ടനാട്ടിൽനിന്നുവന്ന ഏഴുപേർക്ക് ജില്ലാഭരണാധികാരികൾ യാത്രയയപ്പുനൽകി.
വിതരണകേന്ദ്രങ്ങൾ കൂട്ടി
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണം, മരുന്ന്, വെള്ളം, മറ്റ് അവശ്യ വസ്തുക്കൾ എന്നിവ എത്തിക്കുന്നതിനുള്ള  സെന്ററുകൾ അഞ്ചാക്കി ഉയർത്തി. കൂടാതെ, ചാലക്കുടി കേന്ദ്രീകരിച്ചും സെന്റർ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ക്യാമ്പുകളിലേക്ക് മരുന്നുകൾ എത്തിച്ചുനൽകി. പകർച്ചവ്യാധികൾ തടയാനുള്ള പ്രത്യേക കരുതലും വിവിധ ക്യാമ്പുകളിൽ ആവിഷ്‌കരിച്ചിട്ടുണ്ട്. മരുന്ന് ലഭിക്കാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ മെഡിക്കൽ സ്റ്റോറുകളും ഞായറാഴ്ചയും തുറന്നുപ്രവർത്തിക്കാൻ അസി. ഡ്രഗ്‌സ് കൺട്രോളർ ഉത്തരവിട്ടിട്ടുണ്ട്. ജില്ലാതലത്തിൽ പ്രളയബാധിത പ്രദേശങ്ങളിൽ മെഡിക്കൽ ക്യാമ്പുകളും ചൊവ്വാഴ്ച മുതൽ ആരംഭിച്ചു.
പ്രധാന വാർത്തകൾ
 Top