20 June Thursday
വോട്ടെണ്ണൽ ഇവിടെ: തൃശൂർ ‐ ഗവ. എൻജി. കോളേജ്‌ ആലത്തൂർ‐ പാലക്കാട്‌ മുണ്ടൂർ ആര്യാനെറ്റ്‌ ഇൻസ്്‌റ്റിറ്റ്യൂട്ട്‌ ചാലക്കുടി ‐ കളമശേരി ഗവ. പോളി

നാളെ ‘പെട്ടി പൊട്ടി’ക്കും

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

തൃശൂർ ലോക്‌സഭാ മണ്ഡലം വോട്ടിങ്‌ യന്ത്രങ്ങൾ സൂക്ഷിച്ച തൃശൂർ എൻജിനിയറിങ്‌ കോളേജിലെ മുറികൾക്ക്‌ കാവൽനിൽക്കുന്ന സുരക്ഷാഭടന്മാർ

 

 
തൃശൂർ
 ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 23ന്. രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. ഒരേസമയം എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വോട്ടെണ്ണൽ നടക്കും.  ജില്ലയിലെ ഏക വോട്ടെണ്ണൽ കേന്ദ്രം തൃശൂർ ഗവ. എൻജിനിയറിങ് കോളേജാണ്. തൃശൂർ മണ്ഡലത്തിലെ വോട്ടുകൾ ഇവിടെ എണ്ണും. ചാലക്കുടി മണ്ഡലത്തിന്റെ വോട്ടെണ്ണൽ എറണാകുളം ജില്ലയിലെ കളമശേരി ഗവ. പോളിടെക്നിക് കോളേജിലും ആലത്തൂർ മണ്ഡലത്തിന്റേത് പാലക്കാട് മുണ്ടൂർ ആര്യാനെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലുമാണ്.
 വോട്ടെണ്ണലിനായി തൃശൂർ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങൾക്കും ഓരോ ഹാൾ ഉണ്ടാവും. ഓരോ ഹാളിലും വോട്ടെണ്ണലിനായി 14 മേശകൾ സജ്ജീകരിക്കും പോസ്റ്റൽ ബാലറ്റുകൾ, ഇടിപിബിഎസ് (സർവീസ് വോട്ടുകൾ) എന്നിവ റിട്ടേണിങ് ഓഫീസറുടെ മേൽനോട്ടത്തിലാണ് എണ്ണുക. പോസ്റ്റൽ ബാലറ്റുകൾ പ്രത്യേകം ക്രമീകരിച്ച മറ്റൊരു ഹാളിൽ മൂന്ന് ടേബിളുകളിലും ഇടിപിബിഎസ് (സർവീസ് വോട്ടുകൾ) സ്കാനിങ് നടത്തിയതിനു ശേഷം മറ്റൊരു ടേബിളിലും എണ്ണും.  23 ന് രാവിലെ 8 ന് മുമ്പായി ലഭിക്കുന്ന മുഴുവൻ തപാൽ വോട്ടുകളും വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ലഭ്യമാക്കുന്നതിനുളള എല്ലാ ക്രമീകരണങ്ങളും തപാൽ വകുപ്പുമായി ചേർന്ന് ഏർപ്പെടുത്തി. വൈകിക്കിട്ടുന്ന തപാൽ വോട്ടുകൾ പരിഗണിക്കില്ല. 
വോട്ടെണ്ണലിന് മുമ്പായി വോട്ടിങ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റ് പരിശോധിച്ച് കേടുപാടില്ലെന്നും സീലുകളെല്ലാം ഭദ്രമാണെന്നും ഉറപ്പുവരുത്തും. വോട്ടെണ്ണിയ ശേഷം വോട്ടിങ‌് യന്ത്രങ്ങൾ സീൽ ചെയ്യും. കൺട്രോൾ യൂണിറ്റിന്റെ ഡിസ‌്പ്ലേ തകരാറിലായാലോ തെരഞ്ഞെടുപ്പ് കമീഷന്റെ പ്രത്യേക നിർദേശമുണ്ടെങ്കിലോ വിവി പാറ്റ് മെഷീനാണ് എണ്ണുക. ഇതിന് പുറമെ ഓരോ മണ്ഡലത്തിലേയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത അഞ്ച് വീതം വിവിപാറ്റ് യന്ത്രങ്ങളും എണ്ണും. വിജയിച്ച സ്ഥാനാർഥികളുടെ ഭൂരിപക്ഷവും അസാധുവായ തപാൽ വോട്ടുകളുടെ എണ്ണവും തമ്മിൽ വലിയ വ്യത്യാസം ഇല്ലെങ്കിൽ അസാധു വോട്ടുകൾ പുനഃപരിശോധനയ‌്ക്ക് വിധേയമാക്കും. 
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നുളള ഫലം ഓരോ റൗണ്ട് പൂർത്തിയാകുമ്പോൾത്തന്നെ ക്രോഡീകരിച്ച് നൽകുന്നതിനുളള എല്ലാ ക്രമീകരണങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്. വോട്ടെണ്ണൽ ഹാളിലേക്ക് മൊബൈൽ ഫോൺ, ബാഗുകൾ എന്നിവയുമായി പ്രവേശിക്കരുത്. 
 വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ വോട്ടെണ്ണൽ പൂർണമായി പകർത്താനായി ഔദ്യോഗിക ക്യാമറ മാത്രമേ അനുവദിക്കൂ.  മാധ്യമ പ്രവർത്തകർക്ക് നിശ്ചിത ദൂരപരിധിയിൽനിന്ന് പൊതുവായുള്ള ചിത്രം പകർത്താൻ അനുവാദമുണ്ടാവും.  കൗണ്ടിങ് ഹാളിന് പുറത്ത് വോട്ടെണ്ണലിന്റെ വിവരങ്ങൾ നൽകാനായി മീഡിയ സെന്റർ പ്രവർത്തിക്കും. കൂടാതെ വോട്ടെണ്ണൽ ഫലം തൽസമയം അപ‌്‌ലോഡ് ചെയ്യുന്നതിനുള്ള സുവിധ ആപ്ലിക്കേഷന്റെ പ്രത്യേക കേന്ദ്രവും ഉണ്ടാവും. കേന്ദ്രത്തിന് ത്രിതല സുരക്ഷ ഒരുക്കും. ലോക്കൽ പൊലീസ്, സംസ്ഥാന സായുധ സേന, കേന്ദ്ര സായുധ സേന എന്നിവരാണ് സുരക്ഷയൊരുക്കുക.
വോട്ടെണ്ണൽ കേന്ദ്രത്തിലെ വിവിധ ബ്ലോക്കുകൾ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കലക്ടർ ടി വി അനുപമ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.   23 ന് തൃശൂർ ഗവ. എൻജിനിയറിങ് കോളേജിന് അവധി പ്രഖ്യാപിച്ചതായും ജില്ലാ കലക്ടർ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top