27 May Wednesday
ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ ടോക്കണ്‍

സൂപ്പര്‍മാര്‍ക്കറ്റുകളിലും പമ്പുകളിലും വന്‍ തിരക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
തൃശൂർ
കോവിഡിന്റെയും ജനതാകർഫ്യൂവിന്റെയും പശ്ചാത്തലത്തിൽ സൂപ്പർമാർക്കറ്റുകളിൽ വൻ തിരക്ക്. ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമംനേരിടുമെന്ന ഭീതിയിലാണ് ജനങ്ങൾ കടകളിലേക്ക് ഇടിച്ചുകയറുന്നത്. ആൾക്കൂട്ടം നിയന്ത്രിക്കാൻ   പലയിടങ്ങളിലും ടോക്കൺ ഏർപ്പെടുത്തേണ്ടിവന്നു.
ഒരാഴ്ചയായി സൂപ്പർമാർക്കറ്റുകളിൽ വൻ തിരക്കുണ്ട്. സാധാരണ മൂന്നുലക്ഷംവരെ ദിവസം കച്ചവടം നടക്കുന്ന സ്ഥാപനങ്ങളിൽ എട്ടുലക്ഷംവരെ കച്ചവടമുയർന്നു.  സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും  തിരക്കായിരുന്നു. അരിയുൾപ്പെടെ നിത്യോപയോഗസാധനങ്ങളാണ് കൂടുതൽ വാങ്ങുന്നത്. ശനിയാഴ്ച രാത്രി കടകളടയ്‌ക്കാൻ ബുദ്ധിമുട്ടുന്ന സ്ഥിതിയുണ്ടായി. പല സ്ഥാപനങ്ങളിലും സ്റ്റോക്ക് തീർന്നു.   നഗരത്തിൽ അരിയും പലവ്യജ്ഞനവും വിൽക്കുന്ന മൊത്തവ്യാപാര സ്ഥാപനങ്ങളിലും സാധനങ്ങൾ വാങ്ങിക്കൊണ്ടുപോകാൻ വൻതിരക്കായിരുന്നു. 
 പനംകുറ്റിച്ചിറ സഹകരണ സൂപ്പർമാർക്കറ്റിൽ  ആൾക്കൂട്ടം നിയന്ത്രിക്കാൻ  ടോക്കൺ  പ്രകാരം   25പേരെ വീതമാണ് ഉള്ളിലേക്ക് കടത്തിവിട്ടത്. മറ്റുള്ളവർക്ക് ഇരിക്കാൻ കസേരയും ഒരുക്കി. സൂപ്പർമാർക്കറ്റിന് പുറത്ത് കൈകഴുകാൻ സോപ്പുംവെള്ളവും ഒരുക്കി.  ചില മൊത്തവ്യാപാരികൾ സാധനങ്ങൾ പൂഴ്‌ത്തി വച്ച് വില കൂട്ടാൻ നീക്കം നടത്തുന്നുണ്ട്.  എന്നാൽ സഹകരണസൂപ്പർമാർക്കറ്റുകൾ ഉൾപ്പെടെ നിലവിലെ നിരക്കനുസരിച്ച് നിത്യോപയോഗ സാധനങ്ങൾ വിതരണംചെയ്തത് ആശ്വാസമേകി.
 ഇതിനിടെ തമിഴ്നാട്, കർണാടക അതിർത്തിവഴി കേരളത്തിലേക്ക് വണ്ടികൾ കടത്തിവിടുന്നില്ലെന്ന് കുപ്രചാരണമുണ്ടായി. ഇതോടെ പച്ചക്കറിക്കടകളിലും വൻതിരക്കുണ്ടായി. അതേസമയം ചെറുകിട കച്ചവടസ്ഥാപനങ്ങളിൽ വ്യാപാരം വൻതോതിൽ കുറഞ്ഞു.   പെട്രോൾ പമ്പുകളിലും വൻതിരക്കുണ്ടായി.  
റേഷൻ കടകളിൽ തിരക്ക് ഒഴിവാക്കാൻ  മാസാവസാനദിവസത്തേക്ക്  നിൽക്കാതെ ഉപഭോക്താക്കൾ   റേഷൻ   കൈപ്പറ്റണമെന്ന് നിർദേശം നൽകി  ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
പ്രധാന വാർത്തകൾ
 Top