30 May Saturday

പുറത്തുചാടും മാസ്‌ക്കും സാനിറ്റൈസറും

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
തൃശൂർ
വിയ്യൂർ സെൻട്രൽ ജയിലിൽ നിർമിക്കുന്ന തുണികൊണ്ടുള്ള മാസ്‌ക്കുകളുടേയും ഫ്രീഡം സാനിറ്റൈസറിന്റെയും വിൽപ്പന ജയിലിന് മുന്നിലെ കൗണ്ടറിൽ ആരംഭിച്ചു. തുണികൊണ്ടുള്ള പുനരുപയോഗിക്കാവുന്ന മാസ്‌ക്കുകളും ഡിസ്പോസിബിൾ മാസ്‌ക്കുകളുമാണ് നിർമിക്കുന്നത്. പ്രതിദിനം 1500ലധികം മാസ്‌ക്കാണ് നിർമിക്കുന്നത്. 
30 തടവുകാർ  പകലും രാത്രിയും ഇതിനായി പ്രവർത്തിക്കുന്നു. തുണി മാസ്‌ക്കിന് പത്തു രൂപയും ഡിസ്പോസിബിൾ മാസ്‌ക്കിന് അഞ്ചു രൂപയുമാണ് വില. കൗണ്ടറിൽനിന്നും ഒരാൾക്ക് ഒരു മാസ്‌ക്ക് മാത്രമേ ലഭിക്കൂ. ജയിലിൽ നിർമിച്ച ഫ്രീഡം സാനിറ്റൈസറും വിൽപ്പനയ്‌ക്കുണ്ട്. 100 മില്ലിലിറ്ററിന് 100 രൂപയാണ് വില. സെന്റ് തോമസ് കോളേജ് ഡിപ്പാർട്ട്മെന്റ് ഓഫ് കെമിസ്ട്രി റിസർച്ച് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് സാനിറ്റൈസർ നിർമിക്കുന്നത്. 300 ബോട്ടിലാണ് വിൽപ്പനയ്ക്കായി നൽകുന്നത്.
ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് എം എം ഹാരിസ്, അസി. സൂപ്രണ്ട് എം പ്രിയൻ, അസി. പ്രിസൺ ഓഫീസർ ശ്രീനാഥ് നന്ദൻ, മുരളീധരൻ കല്ലാടൻ, എം കെ കിരൺ എന്നിവരുടെ നേതൃത്വത്തിലാണ് മാസ്‌ക്കുകൾ നിർമിക്കുന്നത്.
ജയിൽ സൂപ്രണ്ട് ആർ എസ് രാജേഷ് കുമാർ, വെൽഫയർ ഓഫീസർ സജി സൈമൺ, സെന്റ് തോമസ് കോളേജ് കെമിസ്ട്രി വിഭാഗം അധ്യാപകൻ പി ഡി സനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് സാനിറ്റൈസർ നിർമാണം പുരോഗമിക്കുന്നത്.
പ്രധാന വാർത്തകൾ
 Top