തൃശൂർ
ഒരു വശത്ത് ചെസ് മത്സരം, മറുവശത്ത് റോളർ സ്കേറ്റിങ്, തെരുവുനാടകം, രംഗോലി, സ്ലോ സൈക്കിൾ റേസ്, വടംവലി... തൃശൂർ നഗരഹൃദയത്തിലെ ഞായറാഴ്ചക്കാഴ്ചകളാണ് ഇവ. മുമ്പെങ്ങും നഗരം കാണാത്ത വിധം "ഫ്രണ്ട്ലി'യായി മാറി തൃശൂർ. "ഫാമിലി ഫ്രണ്ട്ലി തൃശൂർ' എന്ന കലാസാംസ്കാരിക പരിപാടിയുടെ ഭാഗമായാണ് തൃശൂർ എംഒ റോഡിൽ വിവിധ കലാകായിക മത്സരങ്ങൾ അരങ്ങേറിയത്.
തൃശൂർ കോർപറേഷനെ യുനെസ്കോയുടെ അംഗീകാരത്തോടെ ലേണിങ് സിറ്റിയായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി തൃശൂർ കോർപറേഷനും ഇസാഫ് ഫൗണ്ടേഷനും കിലയും ഗവ. എൻജിനിയറിങ് കോളേജിലെ സ്കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്ങും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർഥികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, ട്രാൻസ്ജന്റേഴ്സ്, പൊതുജനങ്ങൾ ഉൾപ്പെടെ പങ്കാളികളായി.
നൂറ് കുട്ടികൾ പങ്കെടുത്ത സൈമൾട്ടേനിയസ് ചെസ് മത്സരം കാണികളിൽ ആവേശം നിറച്ചു. ചെസ് ഒളിമ്പ്യൻ എൻ ആർ അനിൽകുമാർ, മുൻ ഇന്ത്യൻ താരം ജോ പറപ്പിള്ളി, കെ കെ മണികണ്ഠൻ, പ്രസാദ് കുമാർ എന്നിവർ ഓരേസമയം നൂറ് യുവ ചെസ് താരങ്ങൾക്കെതിരെയാണ് ചെസ് കളിച്ചത്. ബാഡ്മിന്റൺ മത്സരം, ഫുട്ബോൾ പെനാൽറ്റി കിക്ക്, റോഡിൽ കളം വരച്ച് പാമ്പും കോണിയും തുടങ്ങി കുട്ടികളെ ആകർഷിക്കുന്ന വിവിധ ഇനങ്ങളാണ് സംഘടിപ്പിച്ചത്. ഒപ്പം സ്റ്റേജ് പരിപാടികളും അരങ്ങേറി. കൂടാതെ കുട്ടികൾ നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവുമുണ്ടായി. എംഒ റോഡിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചായിരുന്നു കലാ- കായിക പരിപാടികൾ അരങ്ങേറിയത്. പകൽ മൂന്നിന് തുടങ്ങിയ മത്സരങ്ങൾ രാത്രി എട്ടുവരെ നീണ്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..