തൃശൂർ
അതിഥിത്തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയപ്പോൾ ഇവരുടെ മനസ്സിൽ ചിന്തയുണർന്നു. കൃഷിപ്പണിക്കിറങ്ങിയാലോ. കുടുംബശ്രീ വഴികാട്ടിയായതോടെ പാടമറിയുന്നവർക്കൊപ്പം, നെല്ലു കാണാത്തവരും കൃഷിപ്പണിക്കിറങ്ങി. 45 നാൾ പണിയെടുത്തപ്പോൾ 45 സ്ത്രീകളുടെ കൈകളിലെത്തിയത് പത്തരലക്ഷം. തരിശുനിലങ്ങളിൽ പച്ചപ്പായി.
കോവിഡ് കാലത്ത് കൈവന്ന നേട്ടം ഒരിക്കലും മറക്കാനാവില്ലെന്ന് സ്ത്രീശക്തി. എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന ഹരിതമിഷനും സുഭിക്ഷ കേരളം പദ്ധതിക്കുമൊപ്പം കുടുംബശ്രീയും കൈകോർക്കുമ്പോൾ സ്ത്രീകൾക്കും ജീവിതമുന്നേറ്റം.
ചൊവ്വന്നൂർ ബ്ലോക്കിലെ പോർക്കുളം പഞ്ചായത്തിലാണ് കാർഷിക കർമസേന രൂപീകരിച്ച് 45 സ്ത്രീകൾ കൃഷിക്കിറങ്ങിയത്. കോവിഡിൽ അതിഥി ത്തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിയപ്പോഴാണ് തങ്ങൾ കൃഷിപ്പണിക്കിറങ്ങാൻ തീരുമാനിച്ചതെന്ന് സംഘകൃഷി ഗ്രൂപ്പിന്റെ കൺവീനർ സുജ മോഹൻ പറഞ്ഞു. പഴയ കർഷകത്തൊഴിലാളികൾ ഉൾപ്പെടെ 72 പേർ ആദ്യഘട്ടം തയ്യാറായി. ഇതിൽ പുതുതായി പണിക്കിറങ്ങുന്ന യുവതികളുൾപ്പെടെ 45 പേർ ഉറച്ചുനിന്നു. ഞാറ് പറിച്ച് നടലായിരുന്നു പണി. കൂലി–-550. 45 ദിവസത്തിനകം 159.5 ഏക്കറിൽ കൈകൾകൊണ്ട് ഞാറ് നട്ടു. 10.55 ലക്ഷം കൈകളിലെത്തി. പണിദിവസമനുസരിച്ച് 30,000 രൂപവരെ ലഭിച്ചു. ഏക്കറിന് 7000 രൂപ നിരക്കിലാണ് പ്രവൃത്തി ഏറ്റെടുത്തത്. പോർക്കുളത്തെ കാഞ്ഞിരപ്പാടം, കുതിരവേലപ്പാടം, ഓങ്ങല്ലൂർപ്പാടം എന്നിവിടങ്ങളിലും ചൊവ്വന്നൂരിലുമെല്ലാം കൃഷിയിറക്കി.
നാടിന് മാതൃകയായ എൽഡിഎഫ് സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ തങ്ങളും കണ്ണികളാവുകയാണ്. തരിശുനിലങ്ങളിൽ ഉൾപ്പെടെ കൃഷിയിറക്കി. കൃഷിപ്പണിക്കാളില്ലാത്ത സ്ഥിതി ഒഴിവാക്കാനാണ് ലക്ഷ്യം. കൂടുതൽ ആളുകളെ രജിസ്റ്റർ ചെയ്ത് കൂടുതൽ കൃഷിയിറക്കാനുള്ള ഒരുക്കത്തിലാണിവർ. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഓമന ബാബു, വൈസ് പ്രസിഡന്റായിരുന്ന കെ എം നാരായണൻ, സിഡിഎസ് ചെയർപേഴ്സൺ ശ്രീജ മണികണ്ഠൻ, വൈസ് ചെയർപേഴ്സൺ സിന്ധുബാലൻ, കൃഷിഭവൻ ഉദ്യോ ഗസ്ഥർ എന്നിവരും കൂടെ നിന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..