30 November Monday

കരുതിയത്‌ പടിയിറക്കം, പകരമേകി സ്ഥിരജീവനം

ജോർജ്‌ ജോൺUpdated: Wednesday Oct 21, 2020

കോർപറേഷനിൽ സ്ഥിരനിയമനം ലഭിച്ച ശുചീകരണത്തൊഴിലാളികളുടെ ആഹ്ലാദം

 
തൃശൂർ
ജീവിതത്തിൽ സ്ഥിരം സർക്കാർ ജോലി അവർക്ക്‌ സ്വപ്‌നം മാത്രമായിരുന്നു. താൽക്കാലികമായി കയറുമ്പോൾ ആറുമാസം കഴിഞ്ഞാൽ പടിയിറങ്ങേണ്ടി വരുമെന്നാണ്‌ കരുതിയത്‌. പക്ഷേ, കോർപറേഷൻ ഭരണാധികാരികൾ കൈവിട്ടില്ല. സ്ഥിരനിയമനം നൽകാൻ തീരുമാനിച്ചു. 
ഇതോടെ 48 ശുചീകരണത്തൊഴിലാളികൾക്ക്‌ ഈ കോവിഡ്‌ കാലത്ത്‌ പുതുജീവിതം ലഭിക്കും.
പത്തുവർഷമായുണ്ടായിരുന്ന ശുചീകരണത്തൊഴിലാളികളുടെ ഒഴിവിലേക്ക്‌ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ വഴി  48 പേരെ ആറുമാസത്തേക്ക്‌ നിയമിച്ചിരുന്നു. ഇവരെ ആറുമാസം കഴിഞ്ഞാൽ സ്ഥിരപ്പെടുത്താൻ കോർപറേഷന്‌ അധികാരമുണ്ട്‌. എന്നാൽ, യുഡിഎഫ്‌ കൗൺസിലുകൾ ഇത്‌ ചെയ്യാറില്ല. താൽക്കാലിക നിയമനം ലഭിച്ചവരെ സ്ഥിരപ്പെടുത്തി എൽഡിഎഫ്‌ കൗൺസിൽ ചരിത്രം കുറിച്ചു. തുടക്കത്തിൽ 23,000 രൂപ ശമ്പളം ഇവർക്ക്‌ ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച  കർമപദ്ധതികൾക്ക്‌ കരുത്ത്‌ പകരുന്നതാണിത്‌.
എംപ്ലോയ്‌മെന്റ്‌ കാർഡ്‌ കൃത്യമായി പുതുക്കാറുണ്ടെങ്കിലും‌ ജോലി ലഭിക്കുമെന്ന്‌ കരുതിയിരുന്നില്ലെന്ന്‌ ‌പേരാമംഗലം സ്വദേശി കെ എസ്‌ പ്രസന്നകുമാരി പറഞ്ഞു. ബികോം വരെ പഠിച്ചിട്ടുണ്ട്‌. 1990 മുതൽ ജോലി‌ക്ക്‌ കാത്തിരിക്കയാണ്‌. ഭർത്താവിന്‌ കൂലിപ്പണിയാണ്‌. കോവിഡ്‌ കാരണം ജോലി കുറവാണ്‌. കോർപറേഷനിൽ നിയമനം ലഭിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നും അവർ പറഞ്ഞു.
വടൂക്കരയിൽ വാടകവീട്ടിൽ സഹോദരനോടൊപ്പം താമസിക്കുന്ന കെ എ സഹീറബീവിക്ക്‌ സ്ഥിരം ജോലി ലഭിച്ചതിന്റെ നന്ദി പറഞ്ഞറിയിക്കാനാവാത്തതാണ്‌. ദുർബല ജനവിഭാഗക്കാരോടുള്ള  കോർപറേഷന്റെ പ്രതിബദ്ധതയുടെ തെളിവാണിതെന്നും അവർ പറഞ്ഞു. 
നിയമനങ്ങൾ നടക്കുന്നില്ലെന്ന്‌ പറയുന്നവർക്കുള്ള മറുപടിയാണ്‌ കോർപറേഷൻ തീരുമാനമെന്ന്‌ അവിണിശേരി സ്വദേശി ജെറിൻ വിൻസെന്റ്‌ (34) പറഞ്ഞു. കോർപറേഷൻ ഭരണകാലത്ത്‌ 48 പേർക്ക്‌ സ്ഥിരനിയമനം നൽകാനായതിൽ ചാരിതാർഥ്യമുണ്ടെന്ന്‌ മേയർ അജിത ജയരാജൻ പറഞ്ഞു. ഈ  കോവിഡ്‌ കാലത്ത്‌‌ ജനപക്ഷത്തുനിന്നാണ്‌ കൗൺസിൽ തീരുമാനമെടുത്തതെന്നും മേയർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top