15 November Friday
താരത്തിളക്കത്തിൽ പൊലീസ്‌ സ്‌മൃതി ദിനാചരണം

ഓടരുത്‌ ജയസൂര്യാ, ബുള്ളറ്റിൽ ടൊവിനോയുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

പൊലീസ് സ്മൃതിദിനത്തിൽ നടൻ ജയസൂര്യയും സംഘവും കമീഷ്‌ണർ യതീഷ്‌ ചന്ദ്രയും വാംഅപ്പ് ഡാൻസ് ചെയ്യുന്നു

തൃശൂർ
മാരത്തൺ ഓടാൻ ജയസൂര്യ. ബുള്ളറ്റോടിച്ച്‌ ടൊവിനോ തോമസ്‌. പൊലീസിനും താരങ്ങൾക്കും സല്യൂട്ടുമായി കുട്ടികളുൾപ്പെടെ നാട്ടുകാരും. ഒപ്പം സൂംബ നൃത്തവും. പൊലീസ്‌ സ്‌മൃതിദിനത്തോടനുബന്ധിച്ച്‌ നടന്ന റൺ തൃശൂർ റണ്ണാണ്‌ ആവേശമായത്‌. ലഡാക്ക് അതിർത്തിയിൽ കാണാതായ പത്ത്‌ പൊലീസുകാരുടെ സ്മരണാർഥമായിരുന്നു പൊലീസ് സ്മൃതിദിനാചരണം. 
സിറ്റി പൊലീസ്‌ കമീഷണർ ഓഫീസ്‌ പരിസരത്തുനിന്ന്‌ ഞായറാഴ്‌ച രാവിലെ ആറരയോടെ കൂട്ടയോട്ടം ആരംഭിച്ചു. ജയസൂര്യ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. ഓട്ടത്തിനു മുമ്പായിരുന്നു സൂംബ നൃത്തം. നൃത്തസംഘത്തിനൊപ്പം ജയസൂര്യയും സിറ്റി പൊലീസ്‌ കമീഷണർ യതീഷ്‌ചന്ദ്രയും ചുവടുവച്ചു. പൊലീസുകാർക്കൊപ്പം യാത്രക്കാരും കൈയടിച്ച്‌ പ്രോത്സാഹനമേകി. കുടുംബാംഗങ്ങളുമൊത്താണ്‌ കമീഷണർ ഓടാനെത്തിയത്‌. നഗരം ചുറ്റിയുള്ള അഞ്ച്‌ കിലോമീറ്റർ മാരത്തൺ ഓട്ടത്തിൽ ജയസൂര്യയും പൊലീസുകാർക്കൊപ്പം മത്സരിച്ചോടി. പൊലീസുകാർ ഉൾപ്പെടെ 3000 -പേർ പങ്കെടുത്തു. പങ്കെടുത്തവർക്ക്‌ ടീഷർട്ടും പൊലീസ്‌ സമ്മാനിച്ചു. 
കമീഷണർ ഓഫീസിനു മുന്നിൽനിന്ന്‌ 11.30ഓടെ ആരംഭിച്ച ബുള്ളറ്റ്‌ റാലി ടൊവിനോ തോമസ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. "കേരള പൊലീസിന്‌ സല്യൂട്ട്‌' എന്ന പ്ലക്കാർഡുകളുമായി കുട്ടികൾ അഭിവാദ്യമർപ്പിക്കാനെത്തി. നിരവധി യാത്രക്കാരും കാണാനെത്തി. കമീഷണറും ടൊവിനോയുമായിരുന്നു ബുള്ളറ്റുമായി മുന്നിൽ. നഗരം ചുറ്റി മണ്ണുത്തി, ഒല്ലൂർ തുടങ്ങി 40 കിലോമീറ്ററായിരുന്നു 200 ബുള്ളറ്റുകളിൽ റാലി. എസിപിമാരുൾപ്പെടെയുള്ള  ഉദ്യോഗസ്ഥരും പങ്കെടുത്തു. നഗരത്തിൽ രാവിലെ ആറുമുതൽ ഒമ്പതുവരെ ഗതാഗത നിയന്ത്രണവുമുണ്ടായി.
തിങ്കളാഴ്‌ച ജില്ലാ സായുധസേന മൈതാനിയിൽ തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പൊലീസ് പരേഡും ആദരാഞ്ജലി സമർപ്പണവും നടക്കും. 
പ്രധാന വാർത്തകൾ
 Top