23 November Saturday
തിങ്കളാഴ്ച വൻകുരുക്കിന്‌ സാധ്യത

എംപി, വരുമോ കുതിരാൻ വഴി

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

കുതിരാനിൽ ഞായറാഴ്‌ചയുണ്ടായ ഗതാഗതക്കുരുക്ക്‌

തൃശൂർ
കുതിരാൻ കുരുക്കിന്‌ ശമനമില്ല. ദിവസങ്ങളായി യാത്രാദുരിതം തുടരുമ്പോഴും ഒരു തരത്തിലുമുള്ള ഇടപെടലിനും എംപിമാർ മുതിരുന്നുമില്ല. ഒന്നു വിളിച്ചന്വേഷിക്കാനോ താൽക്കാലിക പരിഹാരത്തിന്‌ നിർമാണക്കമ്പനിയെ ഇടപെടുവിക്കാനോ ദേശീയപാതാ അതോറിറ്റിയിൽ സമ്മർദം ചെലുത്താനോ എംപിമാരായ ടി എൻ പ്രതാപനും രമ്യ ഹരിദാസും മുതിരാത്തത്‌ വലിയ പ്രതിഷേധത്തിനിടയാക്കുകയാണ്‌. നേരത്തേ പി കെ ബിജു നടത്തിയ അടിയന്തര ഇടപെടലുകൾ ഓർത്തെടുക്കുകയാണ്‌ ജനം. 
 തുടർച്ചയായി ഗതാഗതക്കുരുക്കിൽ കുതിരാൻ ഞെരിയുന്നത്‌ നാലാംദിവസമാണ്‌. ഞായറാഴ്‌ച ഒരു ലോറിയും  കാറും കുഴികളിൽ വീണ്‌ തകരാറിലായി.  ദേശീയപാത വിഭാഗത്തിനും റോഡ്‌ നിർമാണക്കമ്പനിയായ കെഎംസിക്കും എതിരെ വൻപ്രതിഷേധമാണുയരുന്നത്‌.  
വ്യാഴാഴ്‌ച വൈകിട്ടാണ്‌ നാല്‌ വാഹനങ്ങൾ കൂട്ടിയിടിച്ച്‌ കുതിരാനിൽ ഗതാഗതം സ്‌തംഭിച്ചത്‌. വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും വീണ്ടും വാഹനങ്ങൾ തകരാറിലായി ഗതാഗതക്കുരുക്ക്‌ രൂക്ഷമായി. ഞായറാഴ്‌ച രണ്ട്‌ വാഹനങ്ങളാണ്‌ തകരാറി0ലായത്‌.  രാവിലെ 8.30ഓടെ  പാലക്കാട്ടുനിന്ന്‌ വന്ന ചരക്കുലോറി കുഴിയിൽ കുടുങ്ങി.  പിന്നാലെ പകൽ പതിനൊന്നോടെ കുഴിയിൽ വീണ്‌  കാറും തകരാറിലായി. ഇതോടെ കുതിരാൻ മണിക്കൂറുകളോളം വീണ്ടും കുരുക്കിലായി. തിങ്കളാഴ്ച   വിദ്യാലയങ്ങളും ഓഫീസുകളുമുള്ളതിനാൽ വൻകുരുക്കിനാണ്‌ സാധ്യത. 
മണ്ണുത്തിമുതൽ വടക്കഞ്ചേരിവരെ റോഡുകളിൽ വൻകുഴികളാണ്‌. മഴ കനത്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞ്‌ യാത്ര കൂടുതൽ ദുരിതമായി. മാസങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താൻ  കെഎംസി തയ്യാറായിട്ടില്ല. ദേശീയപാതാ വിഭാഗവും തിരിഞ്ഞുനോക്കിയിട്ടില്ല. കേന്ദ്രസർക്കാരിന്റെ ഒത്താശയും ഇവർക്കുണ്ട്‌. ഇതുമൂലം മണ്ണുത്തി–-വടക്കഞ്ചേരി ദേശീയപാത നിർമാണവും  തുരങ്കനിർമാണവും  പൂർത്തിയാക്കാനും നടപടിയില്ല. 
കുഴികളും കുതിരാനിലെ കുരുക്കുംമൂലം തൃശൂരിൽനിന്ന്‌ പാലക്കാട്ടെത്താൻ മണിക്കൂറുകൾ വേണമെന്നതാണ്‌ നില. നിരവധി യാത്രക്കാരാണ് ദിവസവും കുതിരാനിലൂടെ ദുരിതയാത്ര ചെയ്യുന്നത്‌.
പ്രധാന വാർത്തകൾ
 Top