23 August Friday
പെരിങ്ങല്‍ക്കുത്ത് ഡാം സ്പിൽവേ ഷട്ടര്‍ തുറന്നു

നിലയ്ക്കാത്ത പെയ‌്ത്ത‌്

സ്വന്തം ലേഖകൻUpdated: Sunday Jul 21, 2019
 
തൃശൂർ
രണ്ടു ദിവസമായി ജില്ലയിൽ വ്യാപകമായി പെയ്യുന്ന കനത്ത മഴയ്ക്ക് ശനിയാഴ്ച രാവിലെയോടെ നേരിയ ശമനം. പകൽ മഴ വിട്ടുനിന്നെങ്കിലും രാത്രിയോടെ വീണ്ടും രൂക്ഷമായി. മൂന്നുദിവസമായി ശക്തമായ മഴയാണ് ജില്ലയിൽ ലഭിച്ചത്. വിവിധയിടങ്ങളിലായി ഏഴ‌് വീടുകൾ ഭാഗികമായി തകർന്നു. വെള്ളിയാഴ്ച രാവിലെമുതൽ ശനിയാഴ്ച രാവിലെവരെ 24 മണിക്കൂർ ശരാശരി 92.71 മില്ലിമീറ്റൽ മഴ ലഭിച്ചു. സമീപകാലത്ത് ജില്ലയിൽ ലഭിച്ച ഏറ്റവും ഉയർന്ന മഴയാണിത്. അതിരപ്പിള്ളി വനമേഖലയിൽ മഴ ശക്തമായതിനെത്തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു. 
ഏനാമാക്കൽ–- 109 മില്ലിമീറ്റർ, കൊടുങ്ങല്ലൂർ–- 89, കുന്നംകുളം–- 102, ഇരിങ്ങാലക്കുട–- 65, ചാലക്കുടി–- 104, വടക്കാഞ്ചേരി–- 89, വെള്ളാനിക്കര–- 91 മില്ലിമീറ്റർ എന്നിങ്ങനെയാണ‌്  മഴ ലഭിച്ചത്. തീരദേശത്ത് കടലേറ്റം രൂക്ഷമാണ്. ഏങ്ങണ്ടിയൂർ പൊക്കുളങ്ങര, തളിക്കുളം, എറിയാട്, മുനക്കക്കടവ്, വെളിച്ചെണ്ണപ്പടി, തൊട്ടാപ്പ് തുടങ്ങിയ പ്രദേശങ്ങളിലാണ് കടൽ കയറിയത്. 
ശനിയാഴ്ച പോർക്കുളം, ചിറ്റിലപ്പിള്ളി, തൈക്കാട് പ്രദേശങ്ങളിൽ മണ്ണിടിഞ്ഞ് അഞ്ച‌് വീടുകൾക്ക് ഭാഗികമായി കേട‌് സംഭവിച്ചു. പോർക്കുളം ലക്ഷംവീട് കോളനിയിൽ മൂന്ന‌് വീടും ചിറ്റിലപ്പിള്ളി, തൈക്കാട് എന്നിവിടങ്ങളിൽ രണ്ടുവീതം വീടുകളുമാണ് മണ്ണിടിഞ്ഞ് തകരാറിലായത്. പോർക്കുളം പുലിക്കോട് വീട്ടിൽ രാധ, വട്ടംപറമ്പിൽ ശാന്ത, അപ്പു എന്നിവരുടെ വീടുകൾക്കാണ് കേട‌് സംഭവിച്ചത്. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചിറ്റിലപ്പിള്ളിയിൽ കോരൂത്തറ ഹരിദാസ്, കുണ്ടംകുളം പൗലോസ് എന്നിവരുടെ വീടിനോട് ചേർന്ന കിണർ ഇടിഞ്ഞാണ് വീടുകൾക്ക് തകരാർ സംഭവിച്ചത്. കിണറിന്റെയും മതിലിന്റെയും ഭിത്തി ഇടിഞ്ഞുതാഴ‌്ന്നു. വീടിന്റെ അടുക്കള ഭാഗത്തെ ഭിത്തിയും തകർന്നിട്ടുണ്ട്. സമീപത്തെ വീട്ടുകാർ ഭയപ്പാടിലാണ്. സംഭവമറിഞ്ഞ് നിരവധിപേർ പ്രദേശത്ത് തടിച്ചുകൂടി. 
വനമേഖലയിൽ കനത്ത മഴ രൂപപ്പെട്ടതിനാലാണ് പെരിങ്ങൽക്കുത്ത് ഡാമിന്റെ ജലനിരപ്പ് കുത്തനെ ഉയർന്നത്. ഇതോടെ ജലനിരപ്പിന്റെ പരിധി 419.41 മീറ്ററിൽ നിലനിർത്തി, ജലം ചാലക്കുടി പുഴയിലേക്ക് തുറന്നുവിട്ടു. കലക്ടറുടെ നിർദേശപ്രകാരം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയശേഷമാണ് ശനിയാഴ്ച പകൽ പന്ത്രണ്ടോടെ സ‌്പിൽവേ ഷട്ടറുകൾ പടിപടിയായി തുറന്ന് ജലം ഒഴുക്കിവിട്ടത്. 
ഡാം തുറന്നതുമൂലം പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയിൽ മത്സ്യബന്ധനത്തിലും മറ്റ് പ്രവൃത്തികളിലും ഏർപ്പെടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പുഴയുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top