04 August Wednesday
കടലാക്രമണം ചെറുക്കും

തീരദേശ സംരക്ഷണത്തിന്‌ ദീർഘകാല പദ്ധതി

സ്വന്തം ലേഖകൻUpdated: Monday Jun 21, 2021
തൃശൂർ
കടലിനെ പഠിച്ച് ദീർഘകാല തീരദേശ സംരക്ഷണ പദ്ധതി ഒരുക്കുന്നു. ഇതിനായി മന്ത്രി കെ രാജന്റെ സാന്നിധ്യത്തിൽ ശാസ്‌ത്രജ്ഞരുൾപ്പെടെ യോഗം ചേർന്നു. ജില്ലയിൽ 60 കിലോമീറ്റർ വരെ വരുന്ന തീരദേശമാണുള്ളത്. 15 പഞ്ചായത്ത്, മൂന്ന്‌ ബ്ലോക്ക് പഞ്ചായത്ത്, ഒരു നഗരസഭ എന്നിവിടങ്ങളിലാണ്  കടലാക്രമണം ഉണ്ടാകാറുള്ളത്.
കടലാക്രമണം തടയുന്നതിന് കടലിന്റെ സ്വഭാവമനുസരിച്ച് അതത് പ്രദേശങ്ങളിൽ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള നിർദേശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. ജില്ലയിലെ തീരദേശങ്ങളിൽ കടലാക്രമണം തടയുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിന് മുന്നോടിയായാണ്‌ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നത്‌. 
ഓരോ പ്രദേശങ്ങളിലും സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന്‌ മന്ത്രി കെ രാജൻ പറഞ്ഞു.  കടലാക്രമണ മേഖലയെക്കുറിച്ച് പഠിച്ച് വിലയിരുത്തൽ നടത്തി പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത ശാസ്ത്രജ്ഞരായ കെ വി തോമസ്, റോയി മാത്യു, ബിജുകുമാർ എന്നിവർ അഭിപ്രായപ്പെട്ടു.
 എംഎൽഎമാരായ മുരളി പെരുനെല്ലി, എൻ കെ അക്ബർ, സി സി മുകുന്ദൻ, ഇ ടി ടൈസൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, കലക്ടർ എസ് ഷാനവാസ്, അസി. കലക്ടർ സൂഫിയാൻ അഹമ്മദ്, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top