06 December Friday

കലിയേറി കടൽ

സ്വന്തംലേഖകർUpdated: Saturday Jul 20, 2019

എറിയാട്‌ ഭിത്തിയും കടന്ന്‌ കടൽ കരയ്‌ക്കു കയറുന്നു

 
തൃശൂർ
മഴ കനത്തതിനൊപ്പം അതിരൂക്ഷമായ കടലാക്രമണവും. നൂറ്റമ്പതോളം വീടുകളിൽ വെള്ളം കയറി. കൊടുങ്ങല്ലൂരിൽ എറിയാട‌്, എടവിലങ്ങ‌് പഞ്ചായത്തുകളിലും നാട്ടികയിൽ തളിക്കുളം പഞ്ചായത്തിലും ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ ഏത്തായ‌് ബീച്ചിലും ചാവക്കാട‌് കടപ്പുറം പഞ്ചായത്തിലും പുന്നയൂർക്കുളം പഞ്ചായത്തിലുമാണ‌് വെള്ളിയാഴ‌്ച രാവിലെ മുതൽ അതിശക്തമായി തിരയടിച്ചത‌്.
എറിയാട‌് തട്ടുകടവ‌് മണ്പ്പാട്ടുചാൽ, ആറാട്ടുവഴി, ലൈറ്റ‌്ഹൗസ‌്, അറപ്പക്കടവ‌്, എടവിലങ്ങ‌് കാര പുതിയറോഡ‌്,  മണപ്പാട്ടുചാൽ, വാക്കടപ്പുറം, തട്ട‌്കടവ‌് എന്നിവിടങ്ങളിൽ അതിശക്തമായി തിരകൾ കരയിലേക്ക‌് അടിച്ചു കയറി.  ഡിവൈഎഫ‌്ഐ സ്ഥാപിച്ച താൽക്കാലിക തടയണകൾ ചിലയിടങ്ങളിൽ വെള്ളത്തെ തടയുന്നുണ്ടെങ്കിലും ചിലയിടത്ത‌്  തടയണയ‌്ക്ക‌് മുകളിലൂടെ തിരയടിച്ചു കയറി. നൂറോളം വീടുകളിലേക്ക‌് വെള്ളവും ചെളിയും മണ്ണും അടിച്ചു കയറി. 
ഏങ്ങണ്ടിയൂർ ഏത്തായ് ബീച്ചിൽ കടലേറ്റം മൂലം പ്രദേശമാകെ ഉപ്പ് വെള്ളത്താൽ ചുറ്റപ്പെട്ടു. പൊക്കുളങ്ങര ബീച്ച് മുതൽ ഏത്തായ് വരെ  വ്യാഴാഴ്ച രാവിലെ മുതൽ കടലേറ്റം  രൂക്ഷമാണ‌്. ശക്തമായ തിരമാലകളാണ് കരയിലേക്ക് അടിച്ച് കയറുന്നത്. ഈ പ്രദേശത്തുള്ള മുഴുവൻ വീടുകളിൽ നിന്നും ആളുകൾ ക്യാമ്പിലും ബന്ധുവീടുകളിലേക്കും താമസം മാറി. ഇവിടെ കുറച്ചിടം  കടൽഭിത്തി തകർന്ന നിലയിലാണ‌്.  ഭിത്തിയുള്ളിടത്ത‌് അതിനുമുകളിലൂടെയാണ‌് തിരകൾ  ആഞ്ഞടിക്കുന്നത‌്.  കടൽവെള്ളം വലിയ ഇടത്തോട്ടിലേക്ക് കയറുന്നുണ്ട‌്.  മണ്ണ് നിറഞ്ഞതിനാൽ വെളളം ഒഴുകി  പുഴയിലേക്ക് ചേരുന്നില്ല.  തീരദേശ റോഡിലൂടെയാണ് ശക്തമായ അടിയൊഴുക്കോടെ ചെളി  നിറഞ്ഞ കടൽ വെള്ളം ഒഴുകിപ്പോകുന്നത്. ഇതുവഴി യാത്ര സാധ്യമല്ലാതായി.   കുടിവെള്ളം ലഭിക്കാതെയായി. ഓഖി ചുഴലിക്കാറ്റിന് ശേഷം ഇപ്പോഴാണ‌്  മേഖലയിൽ  കടൽക്ഷോഭം അത്ര രൂക്ഷമായിട്ടുള്ളത്. നൂറ്റമ്പത് മീറ്ററോളം കടൽ കരയിലേക്ക് കയറി ഭീതിദമായ അവസ്ഥയാണിപ്പോൾ.
ചാവക്കാട‌് കടപ്പുറം പഞ്ചായത്തിലെ മുനക്കക്കടവ‌്, ഞോളി റോഡ‌്, തൊട്ടാപ്പ‌്, അഞ്ചങ്ങാടി വളവ‌് എന്നിവിടങ്ങളിൽ തിര കരയിലേക്ക‌് അടിച്ചുകയറി. അമ്പതോളം വീടുകളിലേക്ക‌് വെള്ളം കയറി. പുന്നയൂർക്കുളം പഞ്ചായത്തിലെ കാപ്പിരിക്കടവ‌്, മന്ദലാംകുന്ന‌് പ്രദേശങ്ങളിലും  അതിരൂക്ഷ കടലാക്രമണമുണ്ടായി. കൊടുങ്ങല്ലൂർ തീരദേശത്ത് ശക്തമായ കടലാക്രമണത്തിൽ രണ്ട് വീടുകൾ പൂർണമായി തകർന്നു. വെള്ളിയാഴ്‍ച ഉച്ചയോടെയാണ് കടലാക്രമണം രൂക്ഷമായത്. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. ജിയോ ബാഗ് സ്ഥാപിച്ച സ്ഥലങ്ങളിൽ കടലാക്രമണത്തിന്റെ രൂക്ഷത കുറഞ്ഞു. എറിയാട്, എടവിലങ് പഞ്ചായത്തുകളിലെ തീരദേശത്താണ് കടലാക്രമണം രൂക്ഷമായത്. അഴീക്കോട് ലൈറ്റ് ഹൗസ‌്മുതൽ തട്ടുകടവുവരെ നാല് കിലോമീറ്റർ തീരദേശമാണ് കടലാക്രമണത്തിന്റെ ദുരിതമനുഭവിക്കുന്നത്. അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് പള്ളത്ത് ജലീൽ, പൊയ്‍ലിങ്ങൽ സുലൈമാൻ എന്നിവരുടെ വീടുകളാണ് തകർന്നത്. എറിയാട് പഞ്ചായത്തിലെ ചന്ത, ആറാട്ടുവഴി, മണപ്പാട്ടുചാൽ, ലൈറ്റ് ഹൗസ്, എടവിലങ് പഞ്ചായത്തിലെ കാര വാക്കടപ്പുറം, പുതിയ റോഡ്, തട്ടുംകടവ് എന്നീ പ്രദേശങ്ങളിലാണ് ശക്തമായ തിരകൾ കരയിലേക്ക് ആഞ്ഞടിക്കുന്നത്.  വെള്ളം കയറിയ വീടുകളിൽ താമസിച്ചിരുന്നവരിൽ പലരും ബന്ധുവീടുകളിൽ അഭയം തേടി.
പ്രധാന വാർത്തകൾ
 Top