23 April Tuesday

ടി എൻ പ്രതാപന്റെ വഞ്ചനയും ചതിയും : കോൺഗ്രസ് നേതാക്കൾ രംഗത്ത്‌

സ്വന്തം ലേഖകൻUpdated: Wednesday Mar 20, 2019

ഗുരുവായൂർ> അഴിമതിക്കെതിരായ സമരത്തിൽ വഞ്ചന കാട്ടിയ  യുഡിഎഫ് സ്ഥാനാർഥി ടി എൻ  പ്രതാപനെതിരെ  ഗുരുവായൂരിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്ത്.  ഗ്രൂപ്പ്‌പോരിന്റെ പേരിൽ സ്വന്തം പാർടിക്കാരനെ കൊലപ്പെടുത്തിയ സംഘത്തെ ശിക്ഷിക്കുമെന്ന് വാഗ്ദാനം നൽകിയശേഷം സ്ഥാനക്കയറ്റം നൽകിയവരെ അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.

ഡിസിസി പ്രസിഡന്റായിരിക്കെ  നടത്തിയ വഞ്ചനക്കെതിരെ സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ  ഒരു വിഭാഗം കോൺഗ്രസ്  നേതാക്കൾ  യോഗം ചേർന്നാണ് പ്രതാപനെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചത്.

കോൺഗ്രസ് ഭരിക്കുന്ന ഗുരുവായൂർ അർബൻ ബാങ്കിൽ 11 തസ്തികകളിലേക്കുള്ള നിയമനത്തിൽ 30 ലക്ഷം വീതം കോഴ വാങ്ങിയെന്നാരോപിച്ച്  പ്രക്ഷോഭരംഗത്തുള്ള  ഗുരുവായൂർ, പൂക്കോട് മേഖലകളിലെ  കോൺഗ്രസ് നേതാക്കളാണ് യുഡിഎഫ് സ്ഥാ നാർഥിക്കെതിരെ പരസ്യമായി  രംഗത്തെത്തിയത്. ചാവക്കാട്  മേഖലയിലെ കോൺഗ്രസ് എ ഗ്രൂപ്പ് നേതാവും യൂത്ത് കോൺഗ്രസ് ബ്ലോക്ക്  സെക്രട്ടറിയുമായിരുന്ന തിരുവത്ര സ്വദേശി എ സി ഹനീഫയെ ഗ്രൂപ്പ് വഴക്കിന്റെ പേരിൽ ഐ ഗ്രൂപ്പുകാർ കൊലപ്പെടുത്തിയിരുന്നു.  ഉമ്മ ഐഷാബിയുടെ മുന്നിലിട്ടാണ് ഹനീഫയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. 

ഹനീഫയുടെ കൊലപാതകികളായ കോൺഗ്രസ്  നേതാക്കൾക്ക് ശിക്ഷ ലഭ്യമാക്കാൻ ഏതറ്റം വരെയും പോകുമെന്ന് പ്രഖ്യാപിച്ച  പ്രതാപൻ ഡിസിസി പ്രസിഡന്റായതോടെ വാക്ക് മറന്ന് കൊലപാതകികളെ സംരക്ഷിക്കുകയാണ് ചെയ്തതെന്ന്   കോൺ്ഗ്രസ് നേതാക്കളും ഹനീഫയുടെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. മകന്റെ കൊലപാതകികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഉമ്മ ഐഷാബി മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കും ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മറ്റും പരാതി അയച്ചെങ്കിലും ഫലമുണ്ടായില്ല.  മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി എ ഗോപപ്രതാപനെ കോൺഗ്രസിലേക്ക്  തിരിച്ചെടുക്കുകയാണ് പ്രതാപൻ ചെയ്തതെന്ന് ഉമ്മയടക്കം  ആരോപിച്ചിരുന്നു. ഈ നടപടികളിൽ  പ്രതിഷേധമുള്ള ഗുരുവായൂർ പൂക്കോട് മേഖലയിലെ നേതാക്കളും പ്രവർത്തകരുമാണ് കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ  പരസ്യമായി രംഗത്തെത്തിയത്.

ഗുരുവായൂർ അർബൻബാങ്ക് വിഷയം ആളിക്കത്തിക്കാൻ കൗൺസിലർമാരടക്കമുള്ളവരോട്  നിർദേശം നൽകിയശേഷം  പിന്നീട് അഴിമതിക്കാർക്ക് ഓശാനപാടി.   തങ്ങളെ തെരുവിലിറക്കി   അഴിമതിക്കാരെ വരുതിയിലാക്കി പണം പിടുങ്ങാനുള്ള   ശ്രമമായിരുന്നു  ഇതിന് പിന്നിലെന്ന് യോഗത്തിൽ ആരോപണമുയർന്നു.
അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടുകൾക്കെതിരെ   ഗുരുവായൂർ നഗരസഭ കൗൺസിലർമാരും കോൺഗ്രസ് നേതാക്കളുമായ ബഷീർ പൂക്കോട്, വിനോദ്കുമാർ, പി എസ് പ്രസാദ് എന്നിവർ നേരത്തേ രംഗത്ത് വന്നിരുന്നു. ഇവരുടെ നേതൃത്വത്തിൽ ടി എൻ പ്രതാപന്റെ കോലം കത്തിക്കലടക്കമുള്ള പ്രക്ഷോഭങ്ങൾ നടന്നിരുന്നു. അവരുടെ  അറിവോടെയും പിന്തുണയോടും കൂടിയാണ് ഇപ്പോൾ മറ്റു നേതാക്കൾ  രംഗത്ത് വന്നത്. 

ജില്ലയിലെ സാധാരണ കോൺഗ്രസ്  പ്രവർത്തകരെ പാർടിയിൽ നിന്നും അകറ്റുകയും അഴിമതിക്കാർക്ക് സ്ഥാനക്കയറ്റം നൽകി ആദരിക്കുകയും ചെയ്യുന്നവരെ അംഗീകരിക്കാനാവില്ലെന്ന് യോഗം പ്രഖ്യാപിച്ചു. ആദർശത്തിന്റെ പൊയ്മുഖത്തിനുള്ളിൽ അഴിമതിയുടെ വികൃതമുഖമുള്ളവർ  പരാജയപ്പെടേണ്ടത് സമൂഹനന്മയുടെ ആവശ്യമാണെന്ന് യോഗം വിലയിരുത്തിയതായി നേതാക്കൾ പറഞ്ഞു.  നന്മയുടെയും ശരിയുടെയും  പക്ഷത്ത്  നിലയുറപ്പിക്കാനും യോഗം തീരുമാനിച്ചു.

മുൻ ഡിസിസി ഭാരവാഹിയായിരുന്ന ജലീൽ പൂക്കോട്, പൂക്കോട് മണ്ഡലം പ്രസിഡന്റ്മാരായിരുന്ന എം വി ലോറൻസ്, പി കെ  മോഹനൻ, കോൺഗ്രസ് അനുകൂല  അഭിഭാഷക സംഘടനാ നേതാവും ബ്ലോക്ക് ഭാരവാഹിയുമായ   അഡ്വ.വി വി ജോയ്, പൂക്കോട് മേഖലയിലെ നേതാക്കളായ  സി മനാഫ്, രാജേന്ദ്രൻ കണ്ണത്ത്,  കെ ബി ധനേഷ്, ടി  എം  രാജീവ്  എന്നിവർ യോഗത്തിൽ സംസാരിച്ചു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top