05 April Sunday

ലഹരി വിമുക്തിക്കായി 4 സെന്റർ കൂടി

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020
തൃശൂർ
ജില്ലയിൽ നാലിടത്ത് ലഹരിവിമുക്ത സബ്‌ സെന്ററുകൾ തുറക്കും. ചാലക്കുടി ഗവ. ആശുപത്രിയിലെ ജില്ലാ ഡി അഡിക്ഷൻ സെന്ററിന് പുറമെയാണ് സബ്സെന്ററുകൾ. സൗജന്യചികിത്സയും മരുന്നും കേന്ദ്രങ്ങളിൽ ലഭ്യമാവും. സംസ്ഥാന സർക്കാരിന്റെ ലഹരിവർജനമിഷൻ ‘വിമുക്തി’യുടെ ഭാഗമായി ‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം' 90 ദിന തീവ്രയത്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് സെന്ററുകൾ തുറക്കുന്നത്. ലഹരിക്ക്‌ അടിമപ്പെടുന്നവരെ അതിൽനിന്ന്‌ വിമുക്തരാക്കുകയാണ്‌ ലക്ഷ്യം.  
ചാലക്കുടി ജില്ലാ ഡി അഡിക്ഷൻ സെന്ററിൽ പത്തുപേരെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുണ്ട്‌. 20 കിടക്കയായി  ഉയർത്തും. സൗജന്യ ചികിത്സയും മരുന്നും നൽകും. ഡോക്ടർ, സൈക്യാട്രിസ്റ്റ്, കൗൺസിലർമാർ എന്നിവരുടെ സേവനം ഉണ്ട്‌.  ചേർപ്പ് കമ്യൂണിറ്റി ഹെൽത്ത് സെന്റർ, കുന്നംകുളം താലൂക്ക് ആശുപത്രി, പഴയന്നൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം, മാള കെ കരുണാകരൻ സ്മാരക കമ്യൂണിറ്റി ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് പുതിയ ഡി അഡിക്ഷൻ സബ് സെന്ററുകൾ.  
ഈ കേന്ദ്രങ്ങളിൽ ഡോക്ടറുടെയും  കൗൺസിലർമാരുടെയും സൗജന്യ സേവനം ലഭ്യമാകും. വിദഗ്ധചികിത്സ ആവശ്യമുള്ളവരെ  ജില്ലാ കേന്ദ്രത്തിലേക്ക്‌ മാറ്റുമെന്നും എക്സൈസ് ഡെപ്യൂട്ടി കമീഷണർ എം കെ സാനു പറഞ്ഞു. സ്കൂൾ കോളേജ് എന്നിവിടങ്ങളിൽ വിദ്യാർഥിളെ നിരീക്ഷിക്കുന്നുണ്ട്.  സ്കൂളിന് സമീപത്തെ കടകളിൽ ലഹരി വിരുദ്ധ റെയ്ഡും  നടത്തുന്നതായി അദ്ദേഹം 
പറഞ്ഞു.   
യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന അധ്യക്ഷനായി. എക്സൈസ് സിഐ എസ് മോഹനൻ, ഡോ. കെ ടി സുജ, ഡോ. കെ ആർ  സുനിൽകുമാർ, ഡോ. എ  ജി  പ്രേംകുമാർ, വിമുക്തി കോ–-ഓർഡിനേറ്റർ കെ  കെ  രാജു, എ  മണികണ്ഠൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top