01 April Wednesday

കണ്ണുവെട്ടിച്ച് പവിത്ര

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

പവിത്ര കുടുംബാംഗങ്ങൾക്കൊപ്പം

തൃശൂർ
വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഗോദയിലിറങ്ങി എതിരാളിയെ മലർത്തിയടിച്ച് പവിത്ര നേടിയെടുത്തത്‌ സർക്കാർ ജോലി. പ്രതിസന്ധികളിൽനിന്ന് നേട്ടങ്ങൾ കൊയ്ത് വീട്ടിലേക്കും കുടുംബജീവിതത്തിലേക്കും മടങ്ങിയ പവിത്രയ്ക്ക് ജോലിയെന്ന സ്വപ്നം യാഥാർഥ്യമായത് എൽഡിഎഫ് സർക്കാർ കേരളം ഭരിക്കുന്നതുകൊണ്ട് മാത്രമാണെന്ന് അച്ഛൻ കെ വി മോഹൻദാസും അമ്മ ഷീബയും പറഞ്ഞു. 
ഇന്റർവ്യൂവിന് തിരുവനന്തപുരത്തു  പോയപ്പോൾ സർക്കാർ അധികാരികൾ പറഞ്ഞത് ഏതെങ്കിലും വമ്പന്മാരുടെ ശുപാർശയോ മറ്റുമായി ആരും വരേണ്ടതില്ല, നിയമനത്തിന് നിങ്ങൾ അർഹരാണെങ്കിൽ തൊഴിൽ ലഭിക്കും എന്നായിരുന്നു. 
‘സർക്കാർകാര്യം മുറപോലെ’ എന്നതിനാൽ അതെല്ലാം മറന്നു. എന്നാൽ, പറഞ്ഞവാക്ക് സർക്കാർ പൂർണമായി പാലിച്ചു. പവിത്രയ്ക്ക് മറ്റു തടസ്സങ്ങളൊന്നുമില്ലാതെ നിയമനം ലഭിച്ചു. 
അരണാട്ടുകര ഇൻഫന്റ് ജീസസ് സ്കൂളിൽ അഞ്ചാംക്ലാസിൽ പഠിക്കുമ്പോഴാണ് മാതാപിതാക്കളെ അറിയിക്കാതെ പവിത്ര ജൂഡോ മത്സരത്തിനിറങ്ങിയത്. ജില്ലാ മത്സരത്തിൽ എതിരാളിയെ നിഷ്‌പ്രയാസം കീഴടക്കിയപ്പോഴാണ് പ്രതിഭയുടെ മിന്നലാട്ടം തിരിച്ചറിഞ്ഞത്. ഒന്നാം സ്ഥാനം നേടി മെഡലുമായി വീട്ടിലെത്തിയപ്പോഴാണ് അച്ഛനും അമ്മയും മകളുടെ മികവ് മനസ്സിലാക്കിയത്.
തുടക്കത്തിൽ ജോയ് വർഗീസായിരുന്നു കോച്ച്. പിന്നീട് ബിജുവിന്റെ പരിശീലനത്തിലാണ് ദേശീയ മെഡൽനേട്ടം. 
2007ൽ ദേശീയ സ്കൂൾ മീറ്റിൽ പങ്കെടുത്തെങ്കിലും തോളെല്ലുപൊട്ടി പിൻവാങ്ങി.  ചികിത്സയ്ക്കുശേഷം  2011–-12ൽ  ജൂനിയർ നാഷണൽ മീറ്റിലും കൊൽക്കത്തയിൽ നടന്ന സീനിയർ നാഷണലിലും വെങ്കലം. പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഒന്നാംനിര താരങ്ങളെ കീഴടക്കിയായിരുന്നു നേട്ടം. 
ഖത്തറിലെ എസി മെക്കാനിക്കായ കാട്ടൂർ കരാഞ്ചിറ പുത്തന വീട്ടിൽ മേഘനാഥാണ് ഭർത്താവ്. ഏഴുമാസം പ്രായമായ ഋഗ്വേദ് മേഘനാഥ് മകനാണ്. 
പ്രധാന വാർത്തകൾ
 Top