15 October Tuesday
കേന്ദ്രസംഘം ജില്ലയിൽ

കെടുതിയറിയിച്ച്‌ നാട്‌

സ്വന്തം ലേഖകൻUpdated: Thursday Sep 19, 2019
തൃശൂർ
കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രസർക്കാർ നിയോഗിച്ച സംഘം ജില്ലയിൽ പര്യടനം നടത്തി. നാശമുണ്ടായ ചാലക്കുടിയിലേയും മാളയിലേയും വിവിധ പ്രദേശങ്ങൾ കേന്ദ്രസംഘം സന്ദർശിച്ചു. കാർഷിക മേഖല, കുടിവെള്ള വിതരണം, റോഡ്‌,  ജലസേചനം എന്നീ രംഗത്തുണ്ടായ നാശം  നേരിട്ടെത്തി സംഘം വിലയിരുത്തി. കാലവർഷത്തിൽ പൂർണമായി തകർന്ന ഏതാനും വീടുകളും  സംഘം സന്ദർശിച്ചു. 
ചാലക്കുടി പുഴയോരത്ത് മേലൂർ കല്ലുകുത്തിയിലെ കരയിടിച്ചിൽ കാണാനാണ് സംഘം ആദ്യമെത്തിയത്.  പ്രളയകാലത്ത് പുഴയിൽ വെള്ളം കയറി മുങ്ങിയിരുന്ന ചാലക്കുടിപ്പുഴയിലെ കുന്നപ്പള്ളി ജല അതോറിറ്റി പമ്പ് ഹൗസും  സംഘം  സന്ദർശിച്ചു.  വെള്ളം കയറി പമ്പുകൾക്ക് നാശമുണ്ടായയെന്നും കഴിഞ്ഞ വർഷം നാശം ഇതിലും രൂക്ഷമായിരുന്നുവെന്നും ഉദ്യോഗസ്ഥർ സംഘത്തെ അറിയിച്ചു. മേലൂർ, കൊടകര പഞ്ചായത്തുകൾക്ക് കുടിവെള്ളമെത്തിക്കുന്നതാണ് ഈ പദ്ധതി. 
തുടർന്ന്  എരവറ്റം, കുണ്ടൂർ ആലമറ്റം എന്നിവിടങ്ങളിൽ കലാവർഷക്കെടുതിയിൽ  നശിച്ച വാഴത്തോട്ടങ്ങളും പൊയ്യയിലെ തകർന്ന താഴ്വാരം റോഡും സംഘം സന്ദർശിച്ചു. സോയിൽ പൈപ്പിങ് പ്രതിഭാസം മൂലമാണ് റോഡ് നെടുകെ ആഴത്തിൽ പിളർന്നതെന്ന് മണ്ണുസംരക്ഷണ ഓഫീസർ സംഘത്തെ അറിയിച്ചു. റോഡ് തകർന്നതുമൂലം ഈ മേഖലയിലേക്കുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം കുറിഞ്ഞാക്കൽ ബണ്ട്, ഹരിപുരം ബണ്ട് എന്നിവ സന്ദർശിച്ച് കാർഷിക –-ജലസേചന മേഖല നേരിട്ട നാശം വിലയിരുത്തി. പൂർണമായി തകർന്ന ചെമ്മണ്ട കാരയിൽ ഹരിദാസന്റെയും എടതിരിഞ്ഞി കണിയത്ത്  ബേബി വിജയന്റെ വീടുകളും  സന്ദർശിച്ചു. എടക്കുളം കനാൽ റോഡിൽ മണ്ണിടിഞ്ഞ ഭാഗവും സന്ദർശിച്ചു. 100 മീറ്ററാണ് ഇവിടെ മണ്ണിടിഞ്ഞ് താഴ്ന്നത്. കാക്കത്തുരുത്തി പാലം സന്ദർശനത്തോടെയാണ് ജില്ലയിലെ പര്യടനം അവസാനിച്ചത്.
കേന്ദ്ര ജലവിഭവ മന്ത്രാലയം സൂപ്രണ്ടിങ് എൻജിനിയർ വി മോഹൻമുരളി, ഗ്രാമവികസന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി എച്ച് ആർ മീണ, ഗതാഗത മന്ത്രാലയം റീജണൽ ഓഫീസർ വി വി ശാസ്ത്രി എന്നിവരുൾപ്പെട്ട സംഘമാണ് ജില്ലയിൽ പര്യടനം നടത്തിയത്. 
സംഘത്തെ ചാലക്കുടിയിൽ കലക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. വിവിധ പ്രദേശങ്ങളിൽ ബി ഡി ദേവസി എംഎൽഎ, പ്രൊഫ. കെ യു അരുണൻ എംഎൽഎ, മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മേരി തോമസ്, വൈസ് പ്രസിഡന്റ്‌ എൻ കെ ഉദയപ്രകാശ്‌ തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു.
പ്രധാന വാർത്തകൾ
 Top