18 November Monday

ദുരിതദിനങ്ങളെ മറന്ന്‌; അല്ലലും അലട്ടുമില്ലാതെ

സ്വന്തം ലേഖകന്‍Updated: Monday Aug 19, 2019

നെടുപുഴ വനിത പോളിടെക്‌നിക്കിലെ ദുരിതാശ്വാസക്യാമ്പിൽ ഭക്ഷണം തയ്യാറാക്കുന്നു

തൃശൂർ
വെള്ളമിറങ്ങിയിട്ടും ചിലർക്കെങ്കിലും  ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് പോകാൻ മടി.  നേരാനേരങ്ങളിൽ നല്ല ഭക്ഷണം,  വേവലാതിയലട്ടാത്ത താമസസൗകര്യം,  ചികിത്സാ സൗകര്യങ്ങൾ,  സാമൂഹ്യ സുരക്ഷ എന്നിവയൊരുക്കി പരിഭവമില്ലാതെ  രാപ്പകലുകൾ കടന്നുപോവുകയാണിവിടെ. ഏതിനും മീതെ  മനുഷ്യപ്പറ്റാർന്ന ഇവിടെ സൗഹാർദങ്ങൾ പകരുന്ന സമാധാനം നിറഞ്ഞ അന്തരീക്ഷവും ക്യാമ്പുകളെ വിശാലമായ അർഥത്തിൽ കൂട്ടുകുടുംബങ്ങളാക്കിയിരിക്കയാണ്‌ . 
 നെടുപുഴ പോളിയിലെ ദുരിതാശ്വാസ ക്യാമ്പിന്റെ ദിനസരി ഇങ്ങനെ:  പെരുമഴ തുടങ്ങി തൊട്ടടുത്തദിവസം ഇവിടെ  ക്യാമ്പ് തുടങ്ങി.  150 കുടുംബങ്ങളിൽനിന്ന് 396പേരെത്തി.  ഇതിൽ  ആറു കുടുംബം മാത്രമാണ്  ഇതുവരെ വീടുകളിലേക്ക് മടങ്ങിയത്. നെടുപുഴ പ്രദേശത്ത് വ്യാപകമായി വെള്ളം കയറിയതിനെത്തുടർന്നാണ് വനിതാ പോളിയിൽ ക്യാമ്പ് ആരംഭിച്ചത്. അസുഖബാധിതർ, പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ എല്ലാവരും തികഞ്ഞ ഒരുമയോടെ  ക്യാമ്പംഗങ്ങളായി തുടരുന്നു. നേരംപോക്കിന്‌ ചീട്ടും ചെസും, കാരംസും കൂട്ടുണ്ട്‌.  കുട്ടികൾ  പന്തും ക്രിക്കറ്റും  കളിച്ച്‌ ദുരിതദിന ങ്ങളെ മറന്ന്‌ ആഘോഷിക്കുകയാണ്‌.  
വീടുകളിൽ കിട്ടുന്നതിനേക്കാൾ  കൂടുതൽ സൗകര്യങ്ങളാണ്‌ ക്യാമ്പിൽ ലഭിക്കുന്നത്‌.  സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം മുറികൾ, കുടുംബങ്ങൾക്ക് ഒന്നിച്ച് താമസിക്കാൻ മുറികൾ, രോഗികൾക്ക് അണുബാധയേൽക്കാതിരിക്കാൻ കൊതുകുവല ഉൾപ്പെടെ സജ്ജീകരണങ്ങൾ.  
അങ്ങനെ സൗകര്യങ്ങൾ ഏറെ. ക്യാമ്പിലുള്ളവരുടെ വീടുകൾ വൃത്തിയാക്കാനും നാട്ടുകാരുടെ നേതൃത്വത്തിൽ കൂട്ടായ്മ സജീവം. തിങ്കളാഴ്ച എല്ലാവരും വീടുകളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. 
ആദ്യദിനം  തുടങ്ങിയത്‌ 
115 ക്യാമ്പ്‌
ആഗസ്ത് എട്ടുമുതൽ കാലവർഷം കടുത്തതിനെത്തുടർന്ന് ഒമ്പതിന്‌ തന്നെ ജില്ലയിൽ ക്യാമ്പുകൾ തുടങ്ങി. 115 എണ്ണം.  ആദ്യദിനത്തിൽതന്നെ 3145 കുടുംബങ്ങളിൽനിന്ന് 10,985 പേർ ക്യാമ്പിലെത്തി.  കൊടുങ്ങല്ലൂർ, ചാലക്കുടി മേഖലകളിലുള്ളവരെയാണ് ആദ്യനാളിൽ ക്യാമ്പുകളിലേക്ക് മാറ്റിയത്. 
ആഗസ്ത് 14നാണ്  കൂടുതൽപേർ ക്യാമ്പുകളിൽ എത്തിയത്. 45309 പേർ. 223 ദുരിതാശ്വാസ ക്യാമ്പുകളിൽ 15195 കുടുംബങ്ങളിലെ 18994 പുരുഷന്മാരും 19832 സ്ത്രീകളും 6483 കുട്ടികളും എത്തി.
മഴ മാറി; ഇനി മടക്കം
മഴ ഒഴിഞ്ഞതോടെ, ധാരാളംപേർ സ്വന്തം വീട്ടിലേക്ക് മടങ്ങി. ഞായറാഴ്ചയിലെ കണക്കുപ്രകാരം, ഏഴു താലൂക്കുകളിലായി  ജില്ലയിൽ ആകെ 87 ക്യാമ്പുകളിൽ 14,273പേർ  മാത്രമാണ് കഴിയുന്നത്.  
കൂടുതൽപേർ തൃശൂർ താലൂക്കിലെ 34 ക്യാമ്പുകളിൽ. 6377പേരുണ്ട്‌. കുറവ്‌ കുന്നംകുളം താലൂക്കിലെ രണ്ടു ക്യാമ്പുകളിലാണ്. 32പേർ.  തലപ്പിള്ളി താലൂക്കിൽ ഒരു ക്യാമ്പേ നിലവിലുള്ളൂ. അവിടെ  130പേർ കഴിയുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top