16 November Saturday

ഒരു ദിവസമെങ്കിലും ഉണ്ണികൃഷ്‌ണന്‌ ആ ഒറ്റമുറിവീട്ടിൽ കഴിയണം

സ്വന്തം ലേഖകന്‍Updated: Monday Aug 19, 2019

നെടുപുഴ വനിത പോളിടെക്‌നിക്കിലെ ക്യാമ്പിൽ അർബുദരോഗിയായ ഉണ്ണികൃഷ്‌ണൻ. ഭാര്യ രത്‌നകുമാരി സമീപം

തൃശൂർ
‘‘ഗവ. മെഡിക്കൽ കോളേജിലെ ചികിത്സ  പാതിനിർത്തി ഇറങ്ങിയപ്പോൾ, ഇനി എവിടേക്ക് പോകുമെന്നായിരുന്നു ചിന്ത. അപ്പോഴാണ്  വീണുകിട്ടിയ ഒരു അഭയകേന്ദ്രം നെടുപുഴയിൽ ഞങ്ങൾക്കായി തുറന്നത്. എന്റെ വീട്ടിലേതിനേക്കാൾ സൗകര്യത്തോടെയാണ് നെടുപുഴ പോളിടെക്‌‌നിക് കോളേജിലെ ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നത്‌'' –-അർബുദബാധിതനായ നെടുപുഴ അറയ്ക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ പറഞ്ഞു. 
കഴിഞ്ഞ പ്രളയകാലത്താണ് ഉണ്ണികൃഷ്‌ണന്റെ ചെറിയ കൂര തകർന്നുവീണത്. ഇതോടെ,  ഭാര്യ രത്നകുമാരിയും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബം വഴിയാധാരമായി. രത്നകുമാരിയുടെ അനിയത്തിയുടെ വീട്ടിലാണ്‌ പിന്നീട്‌ കഴിഞ്ഞത്‌. ഇതിനിടെ വീടുനിർമാണത്തിന്‌ സർക്കാരിന്റെ ആദ്യഗഡു സഹായം  ലഭിച്ചത്‌ ആശ്വാസമായി.  
കുറച്ച് തുക കടവും വാങ്ങി വീടിന്റെ ഒരുമുറി വാർത്തു.  നിർമാണം പുരോഗമിക്കുന്നതിനിടെയാണ് ഉണ്ണികൃഷ്ണന് രോഗം ബാധിച്ചത്. പുറംവേദനയായിരുന്നു ആദ്യം. ജനറൽ ആശുപത്രിയിൽപോയി മരുന്ന്‌ വാങ്ങിക്കഴിച്ചെങ്കിലും കുറവുണ്ടായില്ല. ഗവ. മെഡിക്കൽ കോളേജിൽ പരിശോധിച്ചപ്പോഴാണ് മജ്ജയിൽ അർബുദമാണെന്നറിയുന്നത്‌.  
ഇതിന്‌ ചികിത്സ തുടരുമ്പോഴാണ്‌ ഇരു വൃക്കകളും തകരാറിലാണെന്ന്‌ ഡോക്ടർമാർ കണ്ടെത്തിയത്‌.  തുടർചികിത്സയ്ക്ക് ലക്ഷങ്ങൾ വേണ്ടിവരുമെന്നറിഞ്ഞതോടെ മനസ്സ്‌ തകർന്നു. 
കൂർക്കഞ്ചേരിയിൽ ചെറുകിട ടയർ റീട്രേഡിങ്‌ കമ്പനിയിൽ തൊഴിലാളിയായിരുന്ന ഉണ്ണികൃഷ്ണൻ 20 വർഷമായി ഓട്ടോ ഓടിച്ചാണ് കുടുംബം പുലർത്തുന്നത്. മക്കളായ ഐടിഐ വിദ്യാർഥിനി അമിത, ഫിസിയോതെറാപ്പി വിദ്യാർഥിനി അമിഷ എന്നിവരുടെ പഠനത്തിന് വായ്പയെടുത്തിട്ടുണ്ട്. ഈ  പ്രയാസങ്ങൾക്കിടെയാണ് വീണ്ടും ഇരുട്ടടിയായി പെരുമഴയെത്തിയത്. 
ഉണ്ണികൃഷ്ണന് നെടുപുഴ പോളിയിൽ എല്ലാ സൗകര്യങ്ങളും അധികൃതർ ഒരുക്കി നൽകിയിട്ടുണ്ട്. അണുബാധയേൽക്കാതിരിക്കാൻ പ്രത്യേകം മുറി, കിടക്കാൻ കട്ടിൽ, കൊതുകുവല, ചൂടുള്ള ഭക്ഷണം എല്ലാം ഇവിടെ ലഭിക്കുന്നു. രണ്ടുദിവസം കഴിയുന്നതോടെ ക്യാമ്പ് അവസാനിക്കുമെന്ന ആധിയാണിപ്പോൾ അലട്ടുന്നത്‌. തുടർന്ന് എന്ത് ചെയ്യുമെന്നറിയില്ല.  
സ്വകാര്യാശുപത്രിയിൽ ചികിത്സ തുടരണമെങ്കിൽ 20 ലക്ഷത്തിലേറെ രൂപ ചെലവുവരുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇത്രയേറെ തുക ചെലവഴിച്ച്  ചികിത്സ വേണ്ടെന്നാണ് ഉണ്ണികൃഷ്ണന്റെ നിലപാട്‌. ഇപ്പോൾത്തന്നെ താങ്ങാവുന്നതിലധികം ബാധ്യതയുണ്ട്. വീടുനിർമാണത്തിന്‌ കോർപറേഷനിൽനിന്ന്  ബാക്കി തുക ലഭിക്കാനുണ്ട്. അത് വൈകാതെ  കിട്ടുമെന്നതാണ് പ്രതീക്ഷ. ഭാര്യക്കും മക്കൾക്കും വീടുനിർമിച്ചു നൽകണം. ഒരു ദിവസമെങ്കിലും അവിടെ കഴിയണം. അതാണ്  ഏക ആഗ്രഹം.
പ്രധാന വാർത്തകൾ
 Top