25 January Monday
പ്രളയം

കാനകൾ വീണ്ടെടുക്കാൻ ജനകീയ കൂട്ടായ്‌മ

ജോർജ്‌ ജോൺUpdated: Monday Aug 19, 2019
തൃശൂർ
പ്രളയത്തിൽനിന്ന്‌ നാടിനെ രക്ഷിക്കാൻ ജലനിർഗമന മാർഗങ്ങൾ സുഗമമാക്കാനൊരുങ്ങി  ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ. കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയ നാടിനെ  രക്ഷിക്കാനായുള്ള പരിശ്രമത്തിന്റെ  ഭാഗമാണിത്‌. നിരവധി സ്ഥലങ്ങൾ  വെള്ളത്തിൽ മുങ്ങിയിരുന്നു. മഴയിൽ വെള്ളക്കെട്ട്‌ രൂക്ഷമായത്‌  ചെറുതും വലുതുമായ  തോടുകളിലേയും കാനകളിലേയും നീർച്ചാലുകളിലേയും ഒഴുക്ക്‌  തടസ്സപ്പെട്ടതിനാലാണെന്ന്‌ കണ്ടെത്തിയിരുന്നു. വർഷങ്ങളായി മണ്ണ്‌ മൂടി പൂർണമായും ഭാഗികമായും തൂർന്നു കിടക്കുന്ന കാനകളും തോടുകളും പൂർവ സ്ഥിതിയിലാക്കുന്നതിനുള്ള ഒരുക്കത്തിലാണ്‌ ത്രിതല പഞ്ചായത്തുകളും നഗര സഭകളും.  86 ഗ്രാമ പഞ്ചായത്തുകളും 16 ബ്ലോക്ക്‌ പഞ്ചായത്തുകളും ഏഴ്‌ നഗരസഭകളും  ജില്ലാ പഞ്ചായത്തും കോർപറേഷനും  വെള്ളക്കെട്ടിനെ ഫലപ്രദമായി  അതിജീവിക്കാനുള്ള പരിശ്രമത്തിലാണ്‌. വയൽ നികത്തൽ, പുതിയ റോഡുകൾ, കാനകളും തോടുകളും നികത്തൽ,  വെള്ളത്തിന്റെ ഒഴുക്ക്‌ തടസ്സപ്പെടുത്തുന്ന തരത്തിൽ പുതുതായി ഉയർന്ന മതിലുകൾ എന്നിവവയൊക്കെ വെള്ളക്കെട്ട്‌ രൂക്ഷമാക്കാനിടയാക്കി. പലയിടത്തും തോടുകളുടെ താഴ്‌ചയും വീതിയും  പലകാരണങ്ങളാൽ കുറഞ്ഞു.  കൃഷിക്കായി വെള്ളം എത്തിച്ചിരുന്ന ചെറുതും വലുതുമായ തോടുകൾ ആഴം കൂട്ടാനും  വിസ്‌തൃതി വർധിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്‌.  വരും ദിവസങ്ങളിൽ ജനങ്ങളുടെ കൂട്ടായ്‌മയിലൂടെ ഇവ നടപ്പാക്കാനാണ്‌ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഭരണാധികാരികളുടെ ശ്രമം. തോടുകളിലെ  താഴ്‌ചയും വീതിയും വർധിപ്പിച്ച്‌  ഇരുവശങ്ങളിലും കയർഭൂവസ്‌ത്രം  സ്ഥാപിക്കാനും പദ്ധതിയുണ്ട്‌. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌  പദ്ധതി പ്രകാരം തൊഴിൽ  ദിനങ്ങൾ  ഇതിനായി വിനിയോഗിക്കും. ഇറിഗേഷൻ തോടുകൾ സമയബന്ധിതമായി ശുചീകരിക്കാനും കഴിയണം. പ്രളയത്തിന്റെ അടിസ്ഥാനത്തിൽ  ഗ്രാമസഭകളിൽനിന്ന്‌ ഉയർന്നു വരുന്ന നിർദേശങ്ങൾ  പഞ്ചായത്തുകളുടെ വാർഷിക പദ്ധതികളിൽ  ഉൾപ്പെടുത്തുമെന്ന്‌ കേരള ഗ്രാമപഞ്ചായത്ത്‌ അസോസിയേഷൻ  ജില്ലാ സെക്രട്ടറി പി എസ്‌ വിനയൻ പറഞ്ഞു. പദ്ധതിവിഹിതത്തിന്റെ നിശ്ചിത തുക ഇതിനായി വകയിരുത്തുമെന്നും വിനയൻ പറഞ്ഞു.
കോർപറേഷനു കീഴിൽ വരുന്ന 161 തോടുകളുടെ ശുചീകരണം മഴയ്‌ക്കു മുമ്പുതന്നെ ശുചീകരിച്ചിരുന്നു. ഇതോടൊപ്പം വഞ്ചിക്കുളത്തിനു സമീപത്തെ ചളിയും നീക്കിയിരുന്നു.  
കോർപറേഷനിലെ  ഒല്ലൂർ, ഒല്ലൂക്കര, അയ്യന്തോൾ, വിൽവട്ടം, കൂർക്കഞ്ചേരി മേഖലകളിലെയും സെൻട്രൽ മേഖലയിലെ കാനകളും തോടുകളും  വൃത്തിയാക്കിയിരുന്നു. നഗരത്തിലെ  ഉലയ്ക്കത്തോട്, വടക്കേ സ്റ്റാൻഡ്, കുണ്ടൂർ മഠം റോഡ്, തിരുവമ്പാടി ഗേറ്റ്- മൂന്നുകുറ്റി, വടക്കേച്ചിറ കുളം റോഡ് തുടങ്ങിയ കാനകളുടേയും ശുചീകരണവും  മഴക്കാലപൂർവ ശുചിത്വ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്നിരുന്നു. ഇതിനു പുറമെ കോർപറേഷനിലെ ഓരോ ഡിവിഷനും 25,000 രൂപ കാനകൾ വൃത്തിയാക്കാൻ  നൽകി. ജലനിർഗമന മാർഗങ്ങൾ  സംരക്ഷിക്കാൻ മുന്തിയ പരിഗണന നൽകുമെന്ന്‌ മേയർ അജിത വിജയൻ പറഞ്ഞു. വെള്ളക്കെട്ട്‌ പരിഹരിക്കാൻ  ഗുരുവായൂർ  നഗരസഭാ  പരിധിയിലെ തോടുകളിലെ  കൈയേറ്റം ഒഴിവാക്കാൻ സർവേ നടപടികൾ  ഉടൻ പൂർത്തിയാക്കുമെന്ന്‌ ചെയർപേഴ്‌സൺ വി എസ്‌ രേവതി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top