06 December Sunday

കൃഷിക്ക്‌ ഡബിൾബെൽ; അശോകന്റെ വണ്ടിക്കിനി സ്‌റ്റോപ്പില്ല

ജോർജ്‌ ജോൺUpdated: Tuesday May 19, 2020
തൃശൂർ
കണ്ടക്ടർ ജോലിയിൽനിന്ന്‌ വിരമിച്ച അശോകൻ ജീവിതമാർഗമായി കൃഷി തെരഞ്ഞെടുത്തത്‌‌ തെറ്റിയില്ല. നൂറു‌മേനി വിളവാണ്‌ ലഭിച്ചത്‌. വിഷരഹിത പച്ചക്കറി നാട്ടുകാർക്ക്‌ നൽകാനും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കാതെ നാട്ടിൽതന്നെ പച്ചക്കറികൾ ചെറിയതോതിൽ സുലഭമാക്കാനും സാധിച്ചതിന്റെ ആഹ്ലാദത്തിലാണിപ്പോൾ‌. 
സ്വന്തം കൃഷിക്കൊപ്പം മുഴുവൻ വീടുകളിലും കൃഷി വ്യാപിപ്പിച്ച്‌ ഭക്ഷ്യ സ്വയംപര്യാപ്‌തത നേടാനുള്ള പരിശ്രമത്തിലാണ്‌ അറുപത്തിയഞ്ചുകാരനായ അശോകൻ. കെഎസ്‌ആർടിസിയിലെ 28 വർഷത്തെ കണ്ടക്ടർ ജോലിയിൽനിന്ന്‌ 2011ൽ വിരമിച്ച ശേഷമാണ്‌ തൃശൂർ വിൽവട്ടം നെല്ലിക്കാട്‌ പേരേപ്പാടത്ത്‌ പാണ്ടിയത്ത്‌ അശോകൻ കൃഷിയിൽ സജീവമായത്‌. വിരമിച്ചപ്പോൾ കിട്ടിയ തുകയും ബാങ്ക്‌ വായ്‌പയും ഉപയോഗിച്ച്‌ വീടിനോട്‌ ചേർന്നുള്ള ഒന്നേകാൽ ഏക്കറിലെ കൃഷി വിപുലീകരിച്ചു‌.‌ നേന്ത്രവാഴയും കപ്പയും പച്ചക്കറികളും തെങ്ങും കൂടുതലായി കൃഷി ചെയ്യാൻ ആരംഭിച്ചു‌. സഹായത്തിന്‌ തൊഴിലാളികളും ഉണ്ട്‌. ഓണത്തിന്‌ മാത്രമായി വർഷന്തോറും ആയിരത്തോളം നേന്ത്രവാഴയും കൃഷി ചെയ്യുന്നുണ്ട്‌. 
പറമ്പിലുള്ള കുളത്തിൽനിന്ന്‌ സമൃദ്ധിയായി വെള്ളം ലഭിക്കും. 25 സെന്റ്‌ സ്ഥലത്തെ കപ്പകൃഷിയിൽനിന്ന്‌ ദിനംപ്രതി 40 കിലോ കപ്പ വിൽക്കുന്നുണ്ട്‌. വർഷത്തിൽ രണ്ടുമാസം ഒഴികെ മുഴുവൻ സമയവും കപ്പ ലഭ്യമാണ്‌. 
കൃഷിയിടത്തിൽ തന്നെ വിൽപ്പനയും നടത്തും. ഇതോടെ ഉൽപ്പന്നങ്ങൾക്ക്‌ മികച്ച വിലയും ലഭിക്കുന്നു. കോവിഡിനെ തുടർന്ന്‌ അതിർത്തികളിൽ നിയന്ത്രണം വന്നാൽ കേരളീയന്റെ അന്നം മുട്ടുമെന്ന്‌ പറയുന്നവർക്കുള്ള മറുപടിയാണിത്‌. കൃഷിയിൽ സ്വയംപര്യാപ്‌തത  കൈവരിക്കാൻ തരിശു‌ഭൂമി കണ്ടെത്തി കൃഷി ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം  ജനങ്ങളിലെത്തിക്കാനുള്ള പരിശ്രമവും ഇക്കൂട്ടത്തിൽ നടത്തുന്നു. വിൽവട്ടം കൃഷിഭവനിൽനിന്നും ലഭിക്കുന്ന വിത്തും വിൽവട്ടം സഹകരണ ബാങ്ക്‌ വിതരണം ചെയ്‌ത പച്ചക്കറി തൈകളും കൃഷി വ്യാപനത്തിന്റെ ഭാഗമായി വീടുകളിൽ എത്തിക്കുന്നതിലും മുൻപന്തിയിലാണ്‌ സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറി കൂടിയായ 
പി കെ അശോകൻ. ലോക്‌ഡൗണിന്റെ സമയത്ത്‌ പറമ്പിലെ വാഴയ്‌ക്ക്‌ ചുറ്റും നട്ട പയറിൽനിന്ന്‌ വിളവെടുത്ത്‌ കറിവച്ചതിന്റെ ആവേശത്തിലാണ്‌ കൃഷിയിൽ സഹായിക്കുന്ന ഭാര്യ ഇന്ദിരയും വിദ്യാർഥിയായ ചെറുമകൻ ആര്യനും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top