22 August Thursday
പുനർനിർമാണം

വീടുകളുടെ താക്കോല്‍ ഉടന്‍ കൈമാറും

സ്വന്തം ലേഖകൻUpdated: Friday Apr 19, 2019
 
 
തൃശൂർ
മഹാപ്രളയത്തിൽ തകർന്ന വീടുകൾ സർക്കാർ ധനസഹായംവഴി പുനർനിർമിക്കുന്ന പ്രവർത്തനം തൃശൂർ ജില്ലയിൽ അവസാനഘട്ടത്തിൽ. സർക്കാർ സംവിധാനം കൂടാതെ,  സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി, സ്പോൺസർഷിപ‌്, നിർമാണ ഏജൻസികൾ വഴിയും വീടുകൾ നിർമിക്കുന്നുണ്ട്. മെയ് രണ്ടാം വാരത്തോടെ എല്ലാ വീടുകളുടേയും നിർമാണം പൂർത്തീകരിച്ച് താക്കോൽ കൈമാറുമെന്ന് ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗം അധികൃതർ പറഞ്ഞു. 
ജില്ലയിൽ പ്രളയത്തിൽ പൂർണമായി തകർന്ന വീടുകളുടെ കണക്കെടുപ്പിൽ 3677 വീടുകളാണ് നിലംപതിച്ചതായി കണ്ടെത്തിയത്. ഇതിൽ 402 വീടുകളുടെ നിർമാണം പൂർത്തീകരിച്ചു. നിർമാണത്തിലിരിക്കുന്ന വീടുകളിൽ ആദ്യഘട്ടമെന്ന നിലയിൽ 2706പേർക്ക് സർക്കാർ സഹായധനം കൈമാറി. 
ഒന്നാംഘട്ടം വിജയകരമായി പൂർത്തീകരിച്ച 1264 പേർക്ക് രണ്ടാംഘട്ട തുകയും കൈമാറി. 326 പേർക്ക് മൂന്നാംഘട്ട തുകയും വിതരണം ചെയ്തു. രേഖകൾ ഹാജരാക്കുന്ന മുറയ‌്ക്ക‌് ബാക്കി തുക ഉടൻ നൽകും. സർക്കാർ സംവിധാനം, നിർമിതി കേന്ദ്ര, തൃശൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി തുടങ്ങിയവ വഴി തികച്ചും സുതാര്യമായാണ് വീടുകളുടെ നിർമാണം പുരോഗമിക്കുന്നത്. 
നാലുലക്ഷം രൂപയാണ് ഒരു വീടിന് സർക്കാർ നൽകുന്നത്. ആദ്യഘട്ടത്തിൽ 95,100 രൂപയും രണ്ട്, മൂന്ന് ഘട്ടത്തിൽ ബാക്കി തുക രണ്ട‌് തുല്യഗഡുവായുമാണ് നൽകുന്നത്. കെയർഹോം പദ്ധതിവഴി, സർക്കാരിന്റെ ഒരു ലക്ഷം കൂടാതെ, നാല‌് ലക്ഷം രൂപകൂടി  ചെലവഴിച്ചാണ് വീട് നിർമിക്കുന്നത്. 440, 500 ചതുരശ്ര അടിയിലാണ് വീടുകൾ നിർമിക്കുന്നത്. ഇതുകൂടാതെ, വീടുകളുടെ ഉടമസ്ഥർക്ക് കൈയിലുള്ള പണം ഉപയോഗിച്ച് കൂടുതൽ  വിപുലീകരിച്ച് വീട് നിർമിക്കാനും സർക്കാർ അവസരമൊരുക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ സൗകര്യങ്ങളോടെയുള്ള വീടുകളാണ് ഇതുവരെ നിർമാണം പൂർത്തീകരിച്ചതും പൂർത്തീകരിക്കാനിരിക്കുന്നതും. 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾവഴി തികച്ചും സുതാര്യമായാണ് അർഹരെ കണ്ടെത്തിയത്. തകർന്ന വീടുകളിൽ 2196 പേർ സർക്കാർ പണമുപയോഗിച്ച് സ്വന്തമായാണ് നിർമാണം നടത്തുന്നുണ്ട്. ഇതിൽ 228 വീടുകളുടെ നിർമാണം പൂർത്തീകരിച്ചു.  കെയർ ഹോം പദ്ധതിപ്രകാരം 500 വീടാണ് നിർമിക്കുന്നത്. കെയർ ഹോമിനു കീഴിൽ ഇതുവരെ 113 വീടുകളുടെ നിർമാണം പൂർത്തീകരിച്ച് താക്കോൽ കൈമാറി. സ്പോൺസർമാർ മുഖേന 139 വീടാണ് നിർമിക്കുന്നത്. ഇതിൽ 53 വീടുകളുടെ നിർമാണം പൂർത്തീകരിച്ച് താക്കോൽ കൈമാറി. അഞ്ച‌് ലക്ഷം രൂപയുടെ വീടുകളാണ് സ്പോൺസർമാർവഴി നിർമിക്കുന്നത്. 
നിർമാണ ഏജൻസികൾ മുഖേന 11 വീടുകളുടെ നിർമാണം ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. ചില വീടുകൾ നിർമാണം പൂർത്തീകരിച്ചു കഴിഞ്ഞു. ബാക്കിയുള്ളവയുടെ നിർമാണം ഉടൻ പൂർത്തീകരിച്ച് താക്കോൽ കൈമാറും. ആറു ലക്ഷം രൂപയുടെ വീടുകളാണ് നിർമാണ ഏജൻസികൾവഴി നിർമിച്ചു നൽകുന്നത്.
പ്രധാന വാർത്തകൾ
 Top