29 February Saturday

ജയില്‍ പെട്രോള്‍ പമ്പ് നിർമാണത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

തൃശൂർ

വിയ്യൂർ സെൻട്രൽ ജയിലിൽ പെട്രോൾ പമ്പ്‌ നിർമാണം തുടങ്ങി. ജയിൽ കോമ്പൗണ്ടിൽ ഇന്ത്യൻ ഓയിൽ കോർപറേഷനാണ്‌ പമ്പ്‌ സ്ഥാപിക്കുന്നത്‌. നടത്തിപ്പു ചുമതല ജയിൽവകുപ്പിനാണ്‌. മന്ത്രി   വി എസ് സുനിൽകുമാർ നിർമാണോദ്‌ഘാടനം നിർവഹിച്ചു. 
വിയ്യൂർ സെൻട്രൽ ജയിൽ പമ്പ് ജില്ലയിലെത്തന്നെ ഏറ്റവും വലിയ പമ്പാകുമെന്ന്  മന്ത്രി പറഞ്ഞു.   പമ്പിനോട് ചേർന്ന് കഫെറ്റേരിയ, വിശ്രമസ്ഥലം, ടോയ്‌ലറ്റുകൾ, സ്റ്റേഷനറിക്കട  എന്നിവയും ഒരുക്കും. സമയബന്ധിതമായി മൂന്നുമാസംകൊണ്ടുതന്നെ പണി പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
 വിയ്യൂർ സെൻട്രൽ ജയിൽ ആൻഡ് കറക്ഷണൽ ഹോമിനോട് അനുബന്ധിച്ച് തൃശൂർ–-ഷൊർണൂർ സംസ്ഥാനപാതയുടെ വലതുവശത്താണ്‌ പമ്പ്.   നല്ല സ്വഭാവം പ്രകടിപ്പിക്കുന്ന തടവുകാരെ ഇവിടെ ജോലിക്ക്‌ നിയോഗിക്കും. ചടങ്ങിൽ  മേയർ അജിത വിജയൻ അധ്യക്ഷയായി.  
ജയിൽ ഡിജിപി  ഋഷിരാജ് സിങ്‌, ഡെപ്യൂട്ടി കലക്ടർ എം ബി ഗിരീഷ്‌കുമാർ, കൗൺസിലർ വി കെ സുരേഷ്‌‌കുമാർ, മധ്യമേഖലാ ഡിഐജി സാം തങ്കയ്യൻ, ഐഒസി കേരള ചീഫ് ജനറൽ മാനേജർ വി സി അശോകൻ, റീട്ടെയിൽ സെയിൽസ് ജനറൽ മാനേജർ നവീൻ ചരൺ, നബാർഡ് എജിഎം ദീപ എസ് പിള്ള, വിയ്യൂർ അതീവസുരക്ഷാ ജയിൽ സൂപ്രണ്ട് എ ജി സുരേഷ്, സെൻട്രൽ ജയിൽ സൂപ്രണ്ട് എൻ എസ് നിർമലാനന്ദൻനായർ എന്നിവർ  സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top